Latest NewsKerala

അഭിമന്യു രക്തസാക്ഷി ഫണ്ട് ‘കാണാനില്ല’: പാർട്ടിക്കു പരാതി, കാണാതായത് ആറരവർഷം മുൻപ് തുടങ്ങിയ പിരിവിന്റെ തുക

തിരുവനന്തപുരം: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സി.പി.എം. അനുകൂല കൂട്ടായ്മ സ്വരൂപിച്ച രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന് പരാതി. അഭിമന്യുവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാനെന്ന പേരിൽ ആറരവർഷം മുൻപ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരികപ്രവർത്തകർ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു പരാതി നൽകി.

പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ്‌ നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം. അംഗങ്ങളും പു.ക.സ. പ്രവർത്തകരുമായിരുന്നെങ്കിലും പാർട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവ്. അർഹരായ വിദ്യാർഥികളെ കണ്ടെത്തി സ്‌കോളർഷിപ്പ് നൽകുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം.

എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു(20) കൊല്ലപ്പെട്ടത് 2018 ജൂലായ് രണ്ടിനാണ്. വട്ടവടയിലെ ആദിവാസി കർഷക കുടുംബത്തിൽ നിന്നുള്ള അഭിമന്യുവിന്റെ കൊലപാതകം കേരളത്തെയാകെ നടുക്കിയ സംഭവമായിരുന്നു.സംഭവത്തിനുപിന്നാലെയാണ് മാനവീയം തെരുവിടം കൂട്ടായ്മ ഫണ്ട്‌ പിരിവ് ആരംഭിച്ചത്.

അഭിമന്യു കൊലപാതകം ഒരു നൊമ്പരമായി നിറഞ്ഞുനിന്നിരുന്ന അന്തരീക്ഷമായിരുന്നതിനാൽ ധനസമാഹരണവും സ്വാഗതം ചെയ്യപ്പെട്ടു. ഇടതുചിന്തകനായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് തനിക്കു ലഭിച്ച അവാർഡ് തുക ഈ ഫണ്ടിലേക്കു നൽകി പ്രചോദനവുമായി. പിന്നാലെ സാംസ്‌കാരികപ്രവർത്തകർമുതൽ സാധാരണക്കാർവരെ ചെറുതും വലുതുമായ തുകയാണ് സംഭാവന നൽകിയത്. എന്നാൽ, പിരിവ് തുടങ്ങി ആറരവർഷം പിന്നിട്ടിട്ടും അർഹരിലേക്ക് എത്താതായതോടെ കൂട്ടായ്മയിൽ ഉൾപ്പെട്ടവർതന്നെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button