എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ ഒരു സംഘം എസ്.ഡി.പി.ഐക്കാര്‍ കൊലപ്പെടുത്തിയതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ . ഈ സംഘടനയുടെ ഉയര്‍ന്ന നേതൃത്വം ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയും, കൊലപാതകം നടത്താന്‍ പരിശീലനം സിദ്ധിച്ചവരുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത് നടത്തിയ അരുംകൊലയാണിത്. വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്ത ഒരു സംഘം ക്രിമിനലുകളുടെ നേതൃത്വത്തിലാണ് അര്‍ദ്ധരാത്രി അക്രമം നടത്തിയത്. ഏകപക്ഷീയമായ ഈ അക്രമത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം വിചിത്രമാണെന്നും എ.വിജയരാഘവന്‍ പറയുകയുണ്ടായി .
Read Also: അഭിമന്യു വധക്കേസ്; രണ്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തു
കോളേജ് മതിലില്‍ നടത്തിയ ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന തരത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ നിഷ്‌കളങ്കമല്ല. ഈ തീവ്രവാദ സംഘടനയെ വെള്ളപൂശുന്നതോടൊപ്പം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആക്ഷേപിക്കുകയെന്ന തന്ത്രവുമാണ്.
കലാലയങ്ങളില്‍ തീവ്രവാദ ശൈലിയില്‍ കൊലപാതകം നടത്തിയും ഭീകരത സൃഷ്ടിച്ചും ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. മുസ്ലീം തീവ്രവാദസംഘടനകളുടെ രക്ഷാകര്‍തൃത്വത്തിലുള്ള ഈ സംഘടന ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ കഴിയണം. ക്യാമ്പസുകളെ വര്‍ഗ്ഗീയ- തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സമൂഹം നടത്തുന്ന ന്യായമായ ഇടപെടലുകള്‍ക്ക് പൊതുസമൂഹത്തിന്റെ പൂര്‍ണ്ണപിന്തുണ ഉറപ്പ് നല്‍കുന്നു. നിര്‍ദ്ധന കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു അഭിമന്യു. തികച്ചും ദരിദ്രമായ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും ഉന്നവിദ്യാഭ്യാസം തേടിയെത്തിയ സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയെയാണ് ഈ തീവ്രവാദ ശക്തികള്‍ അരിഞ്ഞുവീഴ്‌ത്തിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉശിരനായ ഈ പ്രവര്‍ത്തകനെ നോട്ടമിട്ട് ആസൂത്രണം ചെയ്‌തതാണ് ഈ കൊലപാതകം. അഭിമന്യുവിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിലും ദുഃഖത്തിലും പങ്കുചേരുന്നു. ഇതിന്റെ പിന്നില്‍ നടന്ന എല്ലാ ഗൂഢാലോചനകളും അനാവരണം ചെയ്യുന്നതരത്തിലുള്ള അന്വേഷണം നടത്തി കൊലായളി സംഘത്തെ പൂര്‍ണ്ണമായും അറസ്റ്റ് ചെയ്‌ത് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
Post Your Comments