കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമെന്നിരിക്കെ കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും. ഓട്ടോണമസ് പദവി തുടരാന്‍ യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷന്‍ എം ജി സര്‍വകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യം ശക്തമാണ്.
ബിഎ പരീക്ഷ പാസാവാത്ത എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എംഎ ക്ലാസില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളേജിന് 2020 മാര്‍ച്ച് വരെ മാത്രമേ ഓട്ടോണമസ് പദവി യുജിസി നല്‍കിയിട്ടുള്ളൂവെന്നും, ഓട്ടോണമസ് പദവി തുടരുന്നതിന് കോളേജ് അധികൃതര്‍ യുജിസി പോര്‍ട്ടലില്‍ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കിയിരിക്കുകയാണ്.
കോളേജ് അധികൃതര്‍ യഥാസമയം യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും, കോളേജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയ്ക്ക് യുജിസി യില്‍ നിന്നും ലഭിച്ച വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നു. പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്‌സിറ്റി നല്‍കിയ ബിരുദങ്ങള്‍ അസാധുവാകും. മഹാരാജാസിന് യുജിസി യുടെ തുടര്‍ അംഗീകാരം ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
Post Your Comments