മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎം ഇത്തരം ഭീകര സംഘടനകളോട് കാട്ടിയ മൃദു സമീപനമാണ് ഇത്തരം ദുരന്തങ്ങളിൽ കലാശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘താൽക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിൻറെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവർക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തിൽ കമ്യൂണിസ്ടുകാരാണ്.’ എന്നും കെ സുരേന്ദ്രൻ പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഭീകരവാദം മാനവരാശിയുടെ പൊതു ശത്രുവാണ്. എല്ലാവരും ചേർന്നു നിന്നു മാത്രമേ അതിനെ നേരിടാനാവൂ. താൽക്കാലിക ലാഭത്തിനുവേണ്ടി അവരുമായി കൂട്ടുകൂടിയതിൻറെ ദുരന്തമാണ് ഇന്നു നാം കാണുന്നത്. അവർക്ക് വളരാനുള്ള കളമൊരുക്കിക്കൊടുക്കുന്നത് കേരളത്തിൽ കമ്യൂണിസ്ടുകാരാണ്. സംഘപരിവാറിനെതിരെ ഇടതുപക്ഷം നടത്തുന്ന നികൃഷ്ടമായ പ്രചാരണങ്ങളാണ് മുസ്ളീം സമുദായത്തിൽ ഇരമനോഭാവം വളർത്തുന്നത്. ആദ്യം അവർ ആർ. എസ്സ്. എസ്സിനെ വേട്ടയാടാന്‍ വന്നു.
ഇന്നിപ്പോൾ പാലുകൊടുത്ത കൈക്കുതന്നെ അവർ തിരിഞ്ഞു കൊത്തുകയാണ്. കണ്ണൂരിൽ കഴിഞ്ഞ വർഷം കൊലചെയ്യപ്പെട്ട എ. ബി. വി. പി പ്രവർത്തകൻ ശ്യാമിൻറെ കൊലയാളികളെ മുഴുവൻ ഇതുവരെ പിണറായിയുടെ പോലീസ് പിടികൂടിയിട്ടില്ല. സോഷ്യൽ മീഡിയ ഹർത്താലിനോടനുബന്ധിച്ച് പോലീസ് എടുത്ത കേസ്സുകൾ മുഴുവൻ പോപ്പുലർഫ്രണ്ട് സമ്മർദ്ദത്തെത്തുടർന്ന് വെള്ളം ചേർത്തു. അപായകരമായ ഈ മൃദുസമീപനമാണ് വീണ്ടും വീണ്ടും എന്തും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്.
ആർ. എസ്സ്. എസ്സിനോടുള്ള ശൗര്യത്തിൻറെ ആയിരത്തിലൊന്നുപോലും ഭീകരശക്തികളോട് സി. പി. എമ്മിനില്ല. വേണ്ടത് മുഖം നോക്കാതെയുള്ള നടപടികളാണ്. അതിനുള്ള ആർജ്ജവം പിണറായി വിജയനില്ല. അഭിമന്യു കേവലം ഇരയല്ല. വലിയ ഓർമ്മപ്പെടുത്തലുകളാണ്. പ്രണാമങ്ങൾ.
Post Your Comments