തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച പോസ്റ്റ് ഷെയർ ചെയ്ത അംഗപരിമിതനായ സര്‍ക്കാര്‍ ജീവനക്കാരന് സസ്പെന്ഷന്. ആയൂര്‍വേദ കോളേജിലെ ബില്‍ഡിംഗ്സ് സബ് ഡിവിഷനില്‍ ഹെഡ് ക്ലര്‍ക്കായ മധുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കെവിന് വിഷയത്തില്‍ കോടിയേരിയെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് ആണ് നടപടി.
കൊല്ലപ്പെട്ട കെവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയെയാണ് ഷൗക്കത്തലിയെന്ന ഒരാള്‍ സമൂഹ മാദ്ധ്യമത്തില്‍ വിമര്‍ശിച്ചത്. നിങ്ങള്‍ കൊന്നു തള്ളുന്നവര്‍ക്ക് മാത്രം ജോലി കൊടുത്താല്‍ പി.എസ്.സി പരീക്ഷ പാസായി ജോലിക്ക് കാത്തിരിക്കുന്ന യുവതികളുടെ കാര്യം എന്താകും എന്നായിരുന്നു പോസ്റ്റിലെ വിമര്‍ശനം. ഈ പോസ്റ്റ് ഷെയർ ചെയ്ത മധു കോൺഗ്രസ്സ് സംഘടനയായ എന്‍.ജി.ഒ അസോസിയേഷന്റെ നേതാവുകൂടിയാണ്.
പൊതുമരാമത്ത് വകുപ്പിലെ ഇടതു സഹയാത്രികന് എന്ന പേരില്‍ മന്ത്രിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് മധുവിനെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments