ന്യൂഡല്‍ഹി : മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയടെ ഭാര്യ ഷൈല്‍ജയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ ഹന്ദയ്ക്കു ഡല്‍ഹിയില്‍ മാത്രമുണ്ടായിരുന്നതു മൂന്നു കാമുകിമാരാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
നിഖിലിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണു പൊലീസിന് ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഈ മൂന്ന് കാമുകിമാരില്‍ ഒരാളായിരുന്നു കൊലപാതകത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. നിഖിലിനേക്കാള്‍ ഏറെ മുതിര്‍ന്ന വനിതയാണു കൊലപാതക വിവരം വിളിച്ചു പറഞ്ഞത്. മൂന്നു പേരില്‍ നിഖിലിന് ഏറ്റവും ഇഷ്ടം ഇവരോടായിരുന്നു.
ഷൈല്‍ജയെ കൊലപ്പെടുത്തിയ വിവരം കേട്ടപ്പോള്‍ തമാശയാണെന്നാണു കരുതിയതെന്നും അതുകൊണ്ടാണ് പൊലീസിനെ വിവരം അറിയിക്കാതിരുന്നതെന്നും ചോദ്യം ചെയ്യലില്‍ രണ്ടു മക്കളുള്ള ഈ വനിത വ്യക്തമാക്കി. ഇവരെ വിളിച്ചതിനു ശേഷം നിഖില്‍ സഹോദരനോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ ഇരുവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Also Read : മേജറുടെ ഭാര്യയുടെ കൊലപാതകം; യുവതിയുമായി പ്രതി ഫോണില്‍ ബന്ധപ്പെട്ടത് 3000 തവണ
2015ലാണ് മൂന്നു കാമുകിമാരില്‍ ചിലരുമായി നിഖില്‍ സൗഹൃദം സ്ഥാപിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കിയായിരുന്നു സൗഹൃദം സ്ഥാപിച്ചെടുത്തത്. കാമുകിമാരോടെല്ലാം തന്റെ ബന്ധങ്ങള്‍ സംബന്ധിച്ചു പലതരം നുണകളായിരുന്നു നിഖില്‍ പറഞ്ഞിരുന്നത്. ഷൈല്‍ജയ്ക്കു തന്നോടാണു താല്‍പര്യമെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു.
മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്നേഹമെന്നും ഒടുവില്‍ ഒഴിവാക്കാന്‍ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു നിഖിലിനോട് ഷൈലജ ആവശ്യപ്പെട്ടതാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് ഭാഷ്യം. ഷൈലജ എല്ലാവരോടും സൗഹാര്‍ദപരമായാണു പെരുമാറിയിരുന്നത്. നിഖില്‍ അത് തെറ്റിദ്ധരിച്ചതാകാമെന്നും ഷൈലജയുടെ സഹോദരന്‍ പറഞ്ഞു.
ശനിയാഴ്ചയാണു വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ അമിത്തിന്റെ ഭാര്യയെ ഷൈലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണില്‍ സംസാരിച്ചിരുന്നു. ആര്‍മി ബേസ് ഹോസ്പിറ്റലില്‍ വച്ചു കാണാമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഫിസിയോതെറപ്പിക്കെന്ന പേരില്‍ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തി. ഡ്രൈവര്‍ തിരികെ പോകുകയും ചെയ്തു. ആശുപത്രിയില്‍ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറില്‍ ഇരുവരും ഡല്‍ഹി കന്റോണ്‍മെന്റിലേക്കാണു പോയത്.
യാത്രയ്ക്കിടെ കാറിനുള്ളില്‍ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും കരുതി വച്ചിരുന്ന കത്തിയെടുത്തു നിഖില്‍ ഷൈലജയുടെ കഴുത്തു മുറിക്കുകയുമായിരുന്നു. വാഹനത്തിനു പുറത്തു രക്തമൊലിപ്പിച്ചിറങ്ങിയ ഷൈലജ റോഡിലൂടെ നടക്കുന്നതിനിടെ കാറു കൊണ്ട് ഇടിച്ചു വീഴ്ത്തി. ദേഹത്തു കാര്‍ കയറ്റിയിറക്കുകയും ചെയ്തു.
ഒന്നരയോടെയാണു മരണമെന്നാണു പൊലീസ് നിഗമനം. ഷൈലജയെ കാണാനില്ലെന്ന പരാതി നാലരയോടെയാണ് അമിത് പൊലീസ് സ്റ്റേഷനില്‍ നല്‍കുന്നത്. അതിനു മുന്‍പേ തന്നെ വഴിയാത്രക്കാര്‍ ബ്രാര്‍ സ്‌ക്വയറിലെ വിജനമായ റോഡില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റിയുള്ള വിവരം പൊലീസിനു നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം ഷൈലജയുടേതാണെന്നു സ്ഥിരീകരിക്കുന്നത്.
Post Your Comments