കാബുള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാസേനയ്ക്കു നേരെ താലിബാന്‍ ആക്രമണം. പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഗിസില്‍ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ സൈനികര്‍ക്ക് പരിക്കുണ്ട്. പല ഭാഗത്തുനിന്നാണ് എത്തിയ താലിബാന്‍ ഭീകരര്‍ സൈനികര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈദുള്‍ഫിത്തര്‍ കാലത്തെ വെടിനിര്‍ത്തലിനു ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവര്‍ണര്‍ അബ്ദുള്‍ ഖഫൂര്‍ മാലിക്‌സായി പറഞ്ഞു.
രണ്ട് സൈനിക കാവല്‍പുരകള്‍ക്ക് നേരെ താലിബാന്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയായ ഉടനെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. പ്രഖ്യാപിച്ചിരുന്ന മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ ഞായറാഴ്ച അവസാനിച്ചിരുന്നു. ഒരേ സമയം രണ്ടിടത്തുണ്ടായ ആക്രമണം സൈനികരെയും വിറപ്പിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടണമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗനി താലിബാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായില്ല
.
30 പേര്‍ കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.ആക്രമണം നിര്‍ത്തുന്നതിന് ചില ഉപാധികള്‍ താലിബാന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വിദേശ സൈനികര്‍ രാജ്യം വിടണം. അമേരിക്കയുടേയോ മറ്റു വിദേശ രാജ്യങ്ങളുടെയോ സൈനികരുമായി നേരിട്ട് മാത്രം ചര്‍ച്ച നടത്താന്‍ ഒരുക്കമാണ്. ഇടനിലക്കാര്‍ മുഖേനയുള്ള ചര്‍ച്ചയ്ക്ക് താല്‍പ്പര്യമില്ലെന്നും താലിബാന്‍ വ്യക്തമാക്കി. നിലവില്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറിയിട്ടുണ്ട്. എങ്കിലും താലിബാന്റെ ആക്രമണം തുടരുകയാണ്.
അഫ്ഗാന്‍ സൈനികരെ പരിശീലിപ്പിക്കാന്‍ 10000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇവരും അഫ്ഗാന്‍ വിട്ടുപോകണമെന്നാണ് താലിബാന്റെ ആവശ്യം. അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്.
Post Your Comments