കാബൂള്‍: കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ കൂടുതല്‍ ദുഷ്‌കരമാകുന്നതായി റിപ്പോര്‍ട്ട്. ഐസിസ്, അല്‍ഖ്വയിദ ഭീകരസംഘടനകള്‍ അഫ്ഗാനില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ജര്‍മനിയും പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി.കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം.
താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് രാജ്യം വിടാനുള്ള വിമാനം തേടി എത്തുന്നത്. യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരെ വഴിയില്‍ തടഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ താലിബാന്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്. വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങള്‍ പാലായനത്തിനായി കാത്തിരിക്കുന്നുണ്ട്. വിമാനത്താവളത്തിലെ ഈ തിക്കും തിരക്കും അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം കാബൂളില്‍ നിന്ന് 168 പേരെ കൂടി ഇന്ത്യ ഒഴിപ്പിച്ചു.
വ്യോമസേന വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ പൗരന്മാരും ഈ വിമാനത്തിലുണ്ടെന്നാണ് സൂചന. അഫ്ഗാനില്‍ നിന്നുള്ള 222 ഇന്ത്യക്കാര്‍ നേരത്തെ ഡല്‍ഹിയിലെത്തിയിരുന്നു.അതേസമയം അഫ്ഗാനില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ താലിബാന്‍ വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാന്‍ സഹസ്ഥാപകനായ മുല്ല ബരാദര്‍ ശനിയാഴ്ച മറ്റ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി കാബൂളിലെത്തിയിരുന്നു.
Post Your Comments