Latest News

ജനസേവ ശിശുഭവനില്‍ നടന്നിരുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍; ലൈംഗിക പീഡനം; അശ്ലീല വീഡിയോ പ്രദര്‍ശനം: കുട്ടികളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ജോസ് മാവേലി ചെയര്‍മാനായുള്ള എറണാകുളം ആലുവ ജനസേവ ശിശു ഭവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പിന്‍വലിച്ചു. അതേസമയം ഈയൊരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കുന്നതിനെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു.

സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയ, ജനസേവ കേന്ദ്രത്തിലുണ്ടായിരുന്ന 3 കുട്ടികള്‍ പൊന്നാനി മജിസട്രേറ്റ് മുമ്പാകെയും കുറ്റിപ്പുറം പോലീസ് മുമ്പാകെയും ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെയും കുട്ടികള്‍ നല്‍കിയ മൊഴിയിലാണ് പീഡന വിവരങ്ങളുള്ളത്. ജനസേവ ശിശുഭവനിലെ കുട്ടികള്‍ നിരന്തരമായ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് ഈ കുട്ടികള്‍ മൊഴി നല്‍കിയത്. ചില ജീവനക്കാര്‍ കുട്ടികളെ അശ്ലീല വീഡിയോ കാണുന്നതിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. പരാതി പറയുമ്പോള്‍ ബെല്‍റ്റുകൊണ്ടും കേബിള്‍ കൊണ്ടും അടിച്ചു. ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളം ഒഴിച്ചു. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ പോലും കുട്ടികളെ വീട്ടിലേക്ക് അയയ്ക്കാന്‍ സ്ഥാപന മേധാവികള്‍ സമ്മതിച്ചില്ല എന്നും കുട്ടികള്‍ പരാതിപ്പെട്ടു.

ഈ വിഷയത്തില്‍ കുറ്റിപ്പുറം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുമുണ്ട്.

എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 19/4/2017 ല്‍ നടത്തിയ പരിശോധനയില്‍ ജെ.ജെ. ആക്ടിന് വിരുദ്ധമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 104 കുട്ടികളെ കണ്ടത്തിയിരുന്നെങ്കിലും പിന്നീട് നടന്ന പരിശോധനയില്‍ 50 കുട്ടികളെ കണ്ടെത്താനായില്ല. എന്നാല്‍ കാണാതായ കുട്ടികളെ കുറിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ജനസേവ ശിശു ഭവനായില്ല.

ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനസേവ ശിശു ഭവന്‍ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം മേയ് മാസത്തില്‍ സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരുന്നു.

സാമൂഹ്യനീതി വകുപ്പ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജനസേവ ശിശുഭവനെതിരെ ക്രൈം ബ്രാഞ്ച് കേസും എടുത്ത് അന്വേഷണം നടത്തി വരുന്നു.

ഇതുകൂടാതെ ജനസേവയ്‌ക്കെതിരെ നിലവിലുള്ള വിവിധ കേസുകളെ പറ്റിയും സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡി.ജി.പി.യ്ക്ക് പുതുതായി പരാതി നല്‍കിയിട്ടുണ്ട്.

പൊന്നാനി മജിസട്രേറ്റ് മുമ്പാകെയും കുറ്റിപ്പുറം പോലീസ് മുമ്പാകെയും ശിശു സംരക്ഷണ ഓഫീസര്‍ മുമ്പാകെയും കുട്ടികള്‍ നല്‍കിയ മൊഴികളുടെ പ്രസക്ത ഭാഗം

അവിടെ സന്തോഷമൊന്നുമില്ല. അവിടെ നല്ലതല്ല. ശനിയാഴ്ച വരെ പഠിപ്പിക്കും പാട്ടും ഡാന്‍സുമൊക്കെ. ബോറടിച്ചു പഠിക്കുന്നു.

വെക്കേഷന് ചിലരെ മാത്രം വീട്ടില്‍ വിടും. ചിലരെ വിടില്ല. 15 ദിവസമൊക്കെ കഴിയുമ്പോള്‍ തിരികെ വരാന്‍ പറയും.

അവിടെ ഇതുപോലെ ആരും ഒന്നും ചോദിക്കില്ല. കൗണ്‍സിലിംഗ് ഒന്നും ഇല്ല.

പരാതി പറഞ്ഞാല്‍ എല്ലാവരെയും അടിക്കും.

ആദ്യം ക്യാപ്റ്റന്‍ അങ്കിള്‍ ഉണ്ടായിരുന്നു. നല്ല ആളായിരുന്നു അവരെ പിരിച്ചു വിട്ടു.

പപ്പനാ സര്‍ (പദ്മനാഭന്‍) ബെല്‍റ്റ് കൊണ്ട് അടിക്കും.

കുട്ടി 1 : എനിക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. ഒരാള്‍ സംസാരിച്ചാല്‍ ആ ഗ്രൂപ്പിന് മുഴുവന്‍ അടി കിട്ടും. വടി ഒടിഞ്ഞുപോയാല്‍ പേരവടി എടുത്ത് അടിക്കും.

ശാന്തകുമാര്‍ സര്‍ നല്ല ആളായിരുന്നു. ഞങ്ങള്‍ക്ക് ഉപകാരം ചെയ്തത് കൊണ്ട് വേറെ സാറിന് ഇഷ്ടപ്പെട്ടിട്ടില്ല. അത് കൊണ്ട് പറഞ്ഞു വിട്ടു.

വിഷ്ണു ഏട്ടന്‍ വ്യത്തികെട്ടതാണ്. രാത്രിയാകുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ട് പോകും. അവര്‍ വൃത്തികേട് ചെയ്യും. കുട്ടി 2, കുട്ടി 3 എന്നിവര്‍ പോകുന്നത് കണ്ടിട്ടുണ്ട്, അവരെ അടിക്കില്ല.

കുട്ടി 1 : രാത്രിയായിരുന്നു, എന്നെ വിളിച്ചു, ഞാന്‍ പോയില്ല. അപ്പോള്‍ അടിച്ചു. ഫോണില്‍ വൃത്തികേട് കാണിക്കും അവര്‍ അത് ചെയ്യാന്‍ പറയും. ഞങ്ങള്‍ കണ്ടതാണ്. ബാബു സാറിനോട് ഞങ്ങള്‍ പറഞ്ഞു.അവര്‍ വിഷ്ണുവിനെ ഒന്നും ചെയ്തില്ല. ശ്യാമേട്ടന്‍ വിഷ്ണുവേട്ടനെ പോലുള്ള ആളാണ്.

അവിടെ വരുന്ന ഗസ്റ്റിനു ഉള്ളില്‍ നടക്കുന്നതൊന്നും അറിയില്ല. ജോസ് മാവേലി അങ്കിള്‍ ഇടക്കൊക്കെ വരും.. പരാതിയുണ്ടോ എന്ന് ചോദിക്കും. ഞങ്ങള്‍ പറയില്ല. പറഞ്ഞാല്‍ അങ്കിള്‍ പോയിട്ട് എല്ലാവര്‍ക്കും നിരത്തി അടികിട്ടും.

ചിലര്‍ക്കൊക്കെ അച്ഛനും അമ്മയും ഉണ്ട്. ചിലര്‍ക്കില്ല. അവര്‍ കാണാന്‍ വന്നാല്‍ പതിനഞ്ചു മിനിറ്റൊക്കെയേ ഇരുത്തുകയുള്ളൂ. പിന്നെ പോകാന്‍ പറയും.. എല്ലാ ആഴ്ചയും ‘അമ്മ കാണാന്‍ വരുമായിരുന്നു. പിന്നെ ആമാസത്തില്‍ ഒരിക്കല്‍ വന്നാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞു. ‘അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഞങ്ങളെ വിളിക്കാന്‍ വന്നു. അവര്‍ ഞങ്ങളെ വിട്ടില്ല.

ഞങ്ങളോട് ചീത്ത വെളളത്തില്‍ കുളിക്കാന്‍ പറയും. സ്വിമ്മിംങ് പൂളില്‍ വെള്ളം മാറ്റില്ല. അതിലൊക്കെ ചാടാന്‍ പറയും. കുളിക്കുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിക്കില്ല. ആരെങ്കിലും അടിവസ്ത്രം ഇട്ടു വന്നാല്‍ ഊരിക്കും.. അവിടെ ചൂടുവെള്ളം ഒഴിക്കും. വലിയ കുട്ടികളെയും ഇങ്ങനെ ചെയ്യും.

രഹസ്യമായി കുട്ടികളോട് ചോദിച്ചാല്‍ ഇതൊക്കെ അവരും പറയും… ഞങ്ങളിപ്പോള്‍ അവിടെയല്ലലോ…അതുകൊണ്ടു ധൈര്യത്തോടെ പറയും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button