പനാജി: മൂന്നു വിനോദസഞ്ചാരികള്‍ ഗോവ ബീച്ചില്‍ മുങ്ങിമരിച്ചു. പോലീസ് കോണ്‍സ്റ്റബിളും സഹോദരനും ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഗോവയിലെ കൈലേംഗ്യൂട്ട് ബീച്ചിലായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ അകോലയില്നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ കുളിക്കാനിറങ്ങരുതെന്ന് ബീച്ചിലെ ബോര്‍ഡുകളില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയ സംഘത്തിലെ നാലു പേര് ശക്തമായ തിരയില്‍പെട്ട് ഒഴുകിപ്പോയി. ഇവരില്‍ രണ്ടു പേര്‍ക്ക് കരയിലേക്ക് നീന്തിരക്ഷപെടാന്‍ സാധിച്ചെങ്കിലും മൂന്നു പേര് മുങ്ങിത്താഴുകയായിരുന്നു.
പനാജിയില്‍നിന്ന് ഒമ്പതു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൈലേംഗ്യൂട്ട് ബീച്ചില്‍ സംഘം രാവിലെ ആറോടെ എത്തി. സംഘത്തില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍മാര്‍ഗം ഗോവയിലെത്തിയത്. തിരയില്‍ കാണാതായവരെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രിതേഷ് ലങ്കേശ്വര് നന്ദ ഗാവ്ലി (32) സഹോദരന് ചേതന്‍ ലങ്കേശ്വര് നന്ദ ഗാവ്ലി (27) ഉജ്വല്‍ വകോഡ എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര പോലീസില്‍ കോണ്‍സ്റ്റബിളാണ് പ്രിതേഷ്. ജൂണ്‍ ഒന്നു മുതല്‍ നാലു മാസം ബീച്ചുകളില്‍ കുളിക്കാനിറങ്ങുന്നത് നിരോധിച്ച് ഗോവ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Post Your Comments