പന്തളം: വയോധികരെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതു പതിവാക്കിയ മോഷ്ടാവ് പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ആര്‍.ഡി.ഒ ചിറയില്‍ സൂരജ് എന്നുവിളിക്കുന്ന ശ്യാംകുമാറി(39)നെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഹരിപ്പാടുനിന്നു പിടികൂടിയത്. ആദ്യമായാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്.
കഴിഞ്ഞ 25ന് പന്തളം ജങ്‌ഷനുസമീപത്തുവച്ച് പൂഴിക്കാട് കോളാപ്പാട്ട് രാജമ്മ(76)യെ കബളിപ്പിച്ചു വളതട്ടിയെടുത്തതിനെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. സ്‌കൂട്ടറില്‍ എത്തിയ ശ്യാംകുമാര്‍ പരിചയം നടിച്ച് രാജമ്മയോട് മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാന്‍ അളവുനോക്കാന്‍ വള ആവശ്യപ്പെട്ടു. ആദ്യം നല്‍കാന്‍ രാജമ്മ വിസമ്മതിച്ചെങ്കിലും നിര്‍ബന്ധത്തെത്തുടര്‍ന്ന് ഒരുപവന്റെ വള ഊരിനല്‍കിയ ഉടന്‍ ശ്യാംകുമാര്‍ കടന്നുകളയുകയായിരുന്നു.
കഴിഞ്ഞവര്‍ഷം പാലായില്‍ അന്നമ്മ ജോസഫിന്റെ പക്കല്‍നിന്ന് അഞ്ചുപവന്റെ മാല ഇയാള്‍ കവര്‍ന്നിരുന്നു. ഓച്ചിറയില്‍ മണിയമ്മയുടെ അഞ്ചരപവന്‍, കഴിഞ്ഞ മാര്‍ച്ചില്‍ ചെന്നീര്‍ക്കരയില്‍ പൂവാണ്ടിത്തായില്‍ ജനാര്‍ദ്ദനന്റെ ഒരു പവന്റെ മോതിരം, കോട്ടയം ജില്ലാ ആശുപത്രിക്കുസമീപം മറ്റൊരാളുടെ പക്കല്‍ നിന്നും രണ്ടുപവന്റെ മാല എന്നിവ മോഷ്‌ടിച്ചതായി ഇയാള്‍ സമ്മതിച്ചു. ഏറെയും വയോധികരെ കബളിപ്പിച്ചാണു മോതിരം, മാല, വള എന്നിവയാണ് പരിചയം നടിച്ച് ഇയാള്‍ തട്ടിയെടുക്കുന്നത്. ആരെങ്കിലും തട്ടിപ്പുമനസിലാക്കിയാല്‍ തമാശ രൂപത്തില്‍ സ്വര്‍ണം തിരികെ നല്‍കി മുങ്ങുന്നതാണ് പതിവ്.
ഏറ്റുമാനൂര്‍, റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, പാല, കോട്ടയം, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കോഴഞ്ചേരി, അടൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളില്‍നിന്നായി നൂറ്റിഅമ്പതിലധികം മോഷണം നടത്തിയതായി ശ്യാംകുമാര്‍ പോലീസിനോട് സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ പന്തളം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസ്, സി.ഐ ഇ.ഡി. ബിജു, എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. സജീഷ്‌കുമാര്‍, സി.പി.ഒമാരായ യു. അനീഷ്‌കുമാര്‍, സാം എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്.
Post Your Comments