ArticleEditor's Choice

പ്രണബ് മുഖര്‍ജി ഇപ്പോള്‍ ഇന്ത്യന്‍ പൗരനായ പാര്‍ട്ടിബന്ധങ്ങളില്ലാത്ത മുന്‍രാഷ്ട്രപതി മാത്രം; കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ആക്കുന്നതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റാരേക്കാളും അവകാശപ്പെടാനുള്ളത് പ്രണബ് മുഖര്‍ജിക്കാണെങ്കില്‍ സോണിയ എന്തിനു വേവലാതിപ്പെടണം?

ഇന്ത്യയുടെ പ്രഥമ പൗരനായി വിരമിച്ച പ്രണബ് മുഖര്‍ജി ആര്‍ എസ് എസ് ആസ്ഥാനത്ത് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അഞ്ചു പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആർ എസ് എസ് ആസ്ഥാനത്ത് നടന്ന അവസാന വർഷ സംഘ ശിക്ഷ വർഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖർജി കഴിഞ്ഞ ദിവസം പങ്കെടുത്തത്. ചടങ്ങില്‍ ആര്‍ എസ് എസ് സ്ഥാപക നേതാവ് കെ. ബി ഹെഡ്ഗേവാറിനെ ഭാരത മാതാവിന്‍റെ ‘മഹാനാ’യ പുത്രന്‍ എന്ന് മുഖര്‍ജി വാഴ്ത്തുകയും ചെയ്തു. ഇതോടെ വര്‍ഗീയ പാര്‍ട്ടിയായ ആര്‍ എസ് എസിനോട് അടുക്കുകയാണ് പ്രണബ് മുഖര്‍ജിയെന്നും ഒരു കോണ്‍ഗ്രസ് നേതാവില്‍ നിന്നും ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ല എന്നുമുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്.

മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനങ്ങള്‍ ദേശീയതയെ തകര്‍ക്കുമെന്നാണ് പ്രണബ് മുഖര്‍ജി പ്രസംഗിച്ചത്. ജനാധിപത്യം ഒരു സമ്മാനമല്ല, പവിത്രമായ കര്‍മമാണ്. മതേതരത്വം നമുക്ക് മതമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവ്, എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കണം. ഇന്ത്യ ഹിന്ദുവും മുസ്‍ലിമും ക്രൈസ്തവനും ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടേയും മണ്ണാണെന്നും രാജ്യസ്നേഹം ഭരണഘടനാധിഷ്ഠിതമാകണമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ ഐക്യത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയത കുറിക്കുന്ന വാക്കുകളുമായി ജനമനസ്സുകളിലേക്ക് കയറിയ മുന്‍ രാഷ്ട്രപതിയുടെ വാക്കുകള്‍ ശ്രദ്ധിക്കാതെ അതിനു രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ നിറം ചാര്‍ത്തിക്കൊടുക്കാന്‍ മത്സരിക്കുകയാണ് എതിരാളികള്‍. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുമെന്ന തീരുമാനം പു:നപരിശോധിക്കണമെന്ന ആവശ്യവുമായി ജയറാം രമേശ്, സികെ ജാഫർ ഷെരീഫ്, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആര്‍എസ്എസ് പരിപാടിയില്‍ പോയി പങ്കെടുത്ത് അവരുടെ ആശയ സംഹിതയുടെ അപകടം അവരെ ബോധ്യപ്പെടുത്തണമെന്നാണ് പി.ചിദംബരം അഭിപ്രായപ്പെട്ടത്.

pranab mukherjee എന്നതിനുള്ള ചിത്രം

രാഷ്ട്രപതിയായി ഇരിക്കുന്ന ഒരു വ്യക്തിയ്ക്ക് രാഷ്ട്രീയം പാടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ അഞ്ചു വര്ഷം രാഷ്ട്രപതി സ്ഥാനത്ത് ഇരുന്നപ്പോള്‍ സ്വീകരിച്ച അതെ നയം ഇപ്പോഴും പിന്തുടരുന്ന മുഖര്‍ജിയില്‍ കോണ്ഗ്രസ് അവകാശവാദം ഉയര്‍ത്തേണ്ട ആവശ്യമില്ല. റിപ്പബ്ലിക് ഇന്ത്യയുടെ തലവനായിരുന്നു കുറച്ചു കാലം മുമ്പ് വരെ പ്രണബ് മുഖര്‍ജി. അതുകൊണ്ട് തന്നെ മതനിരപേക്ഷത അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണഘടനാപരമായി തന്നെ ചുമതലപ്പെട്ട സ്ഥാനത്തിരുന്ന ഒരു വ്യക്തി വര്‍ഗീയ ഛിദ്രീകരണത്തിന്‍റെയും മത വിദ്വേഷ പ്രചാരണത്തിന്‍റെയും പ്രസ്ഥാനത്തെ സ്ഥാപിച്ച ഒരു വ്യക്തിയെ പ്രകീര്‍ത്തിച്ചത് പ്രവര്‍ത്തകരെ ഞെട്ടിച്ചതാണെന്നും പ്രണബ് മുഖര്‍ജിയുടെ ഈ നടപടി ഇന്ത്യന്‍ ദേശീയതയ്ക്കുമേല്‍ പതിഞ്ഞ മായ്ക്കാനാകാത്ത കളങ്കമാണെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്തിനാണ് ഇന്ത്യയുടെ പ്രഥമ പൌരനായി വിരമിച്ച പ്രണബ് മുഖര്‍ജിയില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്.? ഒരു പക്ഷെ അതിനും മുമ്പ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് മന്ത്രിസ്ഥാനത്തുണ്ടായിരുന്നതിനാല്‍ ആകാം. പക്ഷെ ഇന്ന് ജീവിച്ചിരിക്കുന കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് പ്രണബ്. കോണ്‍ഗ്രസ്സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി ഒരാള്‍ കൂടിയാണ് അദ്ദേഹം എന്നത് നിസംശയം പറയാം. പക്ഷെ അദ്ദേഹത്തെ ഒതുക്കി കളയാന്‍ പല ശ്രമങ്ങളും സ്വന്തം പാര്‍ട്ടിയില്‍ നിന്നുമുണ്ടായിട്ടുണ്ട്. പ്രധാന മന്ത്രി പദം രണ്ടു തവണ തട്ടിക്കളഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിച്ചു. അത് എന്തിനായിരുന്നു? രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ സോണിയ രാഷ്ട്രപതിയാക്കി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചതെന്നു ഒരു ആരോപണമുണ്ട്. അത്തരം ഒരു ഗൂഡനീക്കം നടത്തിയ ഈ രാഷ്ട്രീയ കക്ഷിയ്ക്ക് എന്ത് അവകാശമാണ് പ്രണബ് മുഖര്‍ജി എന്ന ഇന്ത്യന്‍ പൗരാനില്‍ ഉള്ളത്? പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് കാരണം സോണിയയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലാണ് പ്രണബ് എന്നതും ഇതിനോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്.

pranab mukherjee എന്നതിനുള്ള ചിത്രം

മുന്‍ അഞ്ചു വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ഭരണം കാഴ്ചവയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും ഭാരതീയ ജനതാ പാര്‍ട്ടിയും കൂടുതല്‍ ജനകീയമായിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തില്‍ പല പ്രമുഖ നേതാക്കളും പാര്‍ട്ടി മാറുകയും ചെയ്തു. ഇന്നലെ വരെ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്നവര്‍ ഇരുട്ടി വെളുക്കും മുന്‍പേ ബിജെപിയില്‍ എത്തിയതും നമ്മള്‍ കാണുന്നുണ്ട്. ഈ ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ മുന്‍ രാഷ്ട്രപതിയെ വിമര്‍ശിക്കേണ്ട ആവശ്യമുണ്ടോ? മറ്റൊന്ന് സോണിയ ഗാന്ധി അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാരമ്പര്യം എന്താണ്? കുടുംബ വാഴ്ചയുടെ ഭാഗമായി ലഭിച്ച പദവിയോ? സോണിയയും മകന്‍ രാഹുലും കോണ്ഗ്രസ് പ്രസ്ഥാനത്തിന് എന്ത് സംഭാവനയാണ് ഇത് വരെ ചെയ്തതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അധികാരം കുടുംബ പരമായി കൈമാറി കൈമാറി സ്വന്തമാക്കുന്നതിനും അപ്പുറം ഇവര്‍ രാഷ്ട്രീയപരമായി ഒരു തോല്‍വി തന്നെയാണ്. സ്വന്തം പരാജയം തിരിച്ചറിയാത്ത ഈ അധികാര കുബുദ്ധികളാണ് ഇപ്പോള്‍ മുന്‍ രാഷ്ട്രപതിയുടെ പാര്‍ട്ടിയുടെ പേരില്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട ചിത്രം

രശ്മി അനില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button