2019ല്‍ വരാനിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പടയൊരുക്കം നടത്തുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാവിനെതിരെ കൂടി പടയൊരുക്കം നടത്തേണ്ടി വരുമോ ഇവര്‍ക്ക് എന്ന് പൊതു ജനത്തിന് ബോധ്യമാകുകയാണ് ഇപ്പോള്‍. അതും ഇടച്ചിലിന്‌റെ തലപ്പത്ത് സാക്ഷാല്‍ സോണിയ ഗാന്ധിയും. കോണ്‍ഗ്രസിന്‌റെ മുതിര്‍ന്ന നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിക്കാണ് കോണ്‍ഗ്രസ് പടയൊരുക്കത്തെ നേരിടേണ്ടി വരിക. മതേരതര വാദികളാണെന്നും വര്‍ഗീയപരമായ വിവാദങ്ങളില്‍ ഏര്‍പ്പെടില്ലെന്നും വിളിച്ചു പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ്. ആര്‍എസ്എസ് സമ്മേളനത്തില്‍ പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗവും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.
ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്‌റെ സ്ഥാപക നേതാവായ ഹെഡ്‌ഗെവാറിനെ ഇന്ത്യയുടെ വീരപുത്രന്‍ എന്നാണ് പ്രണബ് മുഖര്‍ജി പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. പ്രതിഷേധമുള്‍പ്പടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ സമൂഹ മാധ്യമമാണ് ഇപ്പോള്‍ എല്ലാവരും തിരഞ്ഞെടുക്കുന്ന വഴി. ഇവിടെയും പതിവ് തെറ്റിയില്ല.കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല മകളും ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തി .കോണ്‍ഗ്രസിന്‌റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേല്‍ പ്രണബിന്‌റെ നടപടിയ്ക്ക് നേരെ പ്രതിഷേധം രേഖപ്പെടുത്തിയത് ട്വിറ്റര്‍ വഴിയാണ്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രണബിനെതിരെ യുദ്ധത്തിന് തയാറാകുന്നതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ നീരസമാണെന്ന ആരോപണവും ശക്തമാണ്. പ്രണബില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. ഇതു വഴി അദ്ദേഹം കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കി എന്നായിരുന്നു അഹമ്മദ് പട്ടേല്‍ പ്രതികരിച്ചത്. ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌റെ പേരുദോഷം ഒരിക്കലും മായില്ലെന്ന് പ്രണബിന്‌റെ മകള്‍ തന്നെ വിമര്‍ശിച്ചതും ഈ അവസരത്തില്‍ ശ്രദ്ധിക്കണം.
എന്നാല്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശന ശരങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോകുന്ന പ്രണബിന് മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടാകാമെന്ന ആരോപണവുമുണ്ട്. കോണ്‍ഗ്രസിന്‌റെ തന്നെ ഉന്നത നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് അഭ്യര്‍ഥിച്ചിരുന്നു. അത് അദ്ദേഹം ചെവിക്കൊള്ളാത്തതാണ് മിക്ക നേതാക്കളെയും ചൊടിപ്പിച്ചതും തുടര്‍ച്ചയായി വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതും. എന്നാല്‍ എന്താണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണം.പങ്കെടുത്തതിനു പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമുണ്ടോ, തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി ഇല്ലെങ്കിലും താല്‍കാലികമായി ആശ്വാസം കണ്ടെത്താനുള്ള ഉത്തരവും ഇതിനൊപ്പം പുറത്ത് വരുന്നുണ്ട്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമായുളള അടുപ്പമാണ് പ്രണബ് പരിപാടിയില്‍ പങ്കെടുക്കാന്‍ കാരണമായതെന്ന് സൂചനകളുണ്ട്. എന്നാല്‍ തന്‌റെ ആശയപരമായ എതിര്‍പ്പിന് മാറ്റമുണ്ടാകില്ലെന്ന പ്രണബിന്‌റെ നിലപാടും ആര്‍എസ്എസിന് നന്നായി അറിയാം.
ഇതിനിടയില്‍ പ്രണബ് രാഷ്ട്രിയ ലക്ഷ്യത്തില്‍ നടത്തുന്ന നീക്കമാണോ ഇതെന്ന് ഉറപ്പിക്കുന്ന മറ്റൊരു ഘടകമുണ്ട്. ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പേരുകള്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പ്രണബിന്‌റെ പേരുമുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അത് തള്ളിപ്പോയി. ഇതിനു പുറമേ ചിന്തിക്കേണ്ട മറ്റൊരു സംഗതികൂടിയുണ്ട്. യുവനേതൃത്വമാണ് ഇന്ത്യയെ നയിക്കേണ്ടത് എന്ന ആഹ്വാനവുമായി കോണ്‍ഗ്രസിനെ നയിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന തന്‌റെ അഭിപ്രായം ഉറപ്പ് വരുത്തുന്നതാണ് പ്രണബിന്‌റെ ആര്‍എസ്എസ് സൗഹൃദം.
മുന്‍ രാഷ്ട്രപതി എന്ന നിലയിലും മുതിര്‍ന്ന നേതാവെന്ന നിലയിലും പ്രണബിന് കോണ്‍ഗ്രസിനുള്ളിലെ ഉന്നത സ്ഥാനം വേണ്ടതു പോലെ ലഭിക്കുന്നില്ല എന്ന ചിന്ത അദ്ദേഹത്തില്‍ ആരംഭിച്ചിരിക്കാം. ഇത് പ്രണബില്‍ മാത്രമാണോ അതോ കോണ്‍ഗ്രസിലെ തന്നെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കാണുമോ എന്ന് കണ്ടു തന്നെ അറിയണം. കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ പുകയുന്ന വിവാദത്തിന്‌റെ തീപ്പൊരി മുഖ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിഴുങ്ങുന്ന അഗ്നിയായി മാറുമെന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്. എന്തായായും സംഭവിച്ച കാര്യത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം എന്തെന്നറിയാതെ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. നേതൃതലത്തില്‍ ഒരുമയുടെ സന്ദേശവാഹകരാകാന്‍ എല്ലാ നേതാക്കള്‍ക്കും കഴിയട്ടെ.
Post Your Comments