കോഴിക്കോട് : നിപ വൈറസ് ഭീതി സംസ്ഥാനത്ത് പടരുമ്പോൾ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിരിക്കുന്നു. വൈറസ് പടർന്നത് ആശുപത്രികളിലൂടെയാണെന്നാണ് പുതിയ കണ്ടെത്തൽ.
മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍എഡ്യൂക്കേഷനിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വൈറസ് റിസര്‍ച്ച് തലവന്‍ ഡോ. ജി അരുണ്‍കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും കലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിച്ച നിപാ സമൂഹ സുരക്ഷയും മാധ്യമ ജാഗ്രതയും വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗം അങ്ങേയറ്റം മൂർച്ഛിച്ച് എഴുനേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. ഇക്കാരണത്താലാണ് ആശുപത്രികളില്‍ നിന്നല്ലാതെ വീട്ടിലോ മറ്റ് പൊതുസ്ഥലത്തോ വച്ച് രോഗബാധ ഉണ്ടാവാത്തത്. ആദ്യ നിപ രോഗിയെന്ന് കരുതുന്ന സാബിത്ത് ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവയിലൂടെയാണ് കൂട്ടിരിപ്പുകാര്‍ക്കും അടുത്തുള്ളവര്‍ക്കും വൈറസ് പകര്‍ന്നത്. ആരോഗ്യ വിഭാഗം നിപ യെ തിരിച്ചറിയുന്നതിന് മുമ്പാണ് വൈറസ് ഈ രീതിയില്‍ പകര്‍ന്നത്.
പൊതുസമൂഹത്തേക്കാള്‍ രോഗഭീഷണി മെഡിക്കല്‍ ജീവനക്കാര്‍ക്കാണ്. കാരണം ബന്ധുക്കളെക്കാൾ രോഗികളോട് അടുത്ത ഇടപെഴകുന്നത് ഇവരാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ ഇവര്‍ കര്‍ശനമായി പാലിക്കണം. സാബിത്തിനെ സ്കാനിങ്ങിനും മറ്റും കൊണ്ട് പോകുമ്ബോള്‍ ആശുപത്രിയുടെ വരാന്തയില്‍ നിന്നവര്‍ക്കും വൈറസ് കിട്ടി. വായു സഞ്ചാരം കുറഞ്ഞ രീതിയിലുള്ള ആശുപത്രി കെട്ടിട സംവിധാനങ്ങളും പകര്‍ച്ച എളുപ്പമാക്കിയിട്ടുണ്ടാവാം. പൊതു ഇടങ്ങളില്‍ മാസ്ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. മാസ്ക് ഉപയോഗിക്കുന്നവര്‍ കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാവുക.
നിലവിലെ സാഹചര്യത്തില്‍ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ രോഗബാധ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. അത്തരം പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് കൈക്കൊള്ളുന്നത്. രണ്ടാമത്തെ മരണം ഉണ്ടായ ഉടന്‍ രോഗം കണ്ടെത്താനായത് രോഗവ്യാപനം നിയന്ത്രിച്ചു.
Post Your Comments