Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പ്രിയതമന്റെ വിയോഗത്തില്‍ തളര്‍ന്നു പോയ നീനുവിന് ഓര്‍മകള്‍ മാത്രം കൂട്ട് ; കെവിനെ കണ്ടുമുട്ടിയതു മുതലുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് നീനു

കോട്ടയം: കെവിന്റെ മരണത്തില്‍ തളര്‍ന്നു പോയ നീനുവിന് കെവിന്റെ ഓര്‍മകള്‍ മാത്രമാണ് കൂട്ട്. കെവിനെ കണ്ടുമുട്ടിയതു മുതലുള്ള കാര്യങ്ങള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നീനു പറഞ്ഞത്. ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ബസുകയറാന്‍ നില്‍ക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. രക്ഷപെട്ടിരുന്നെങ്കില്‍ എന്റെ കെവിന്‍ചേട്ടന്‍ ഏതവസ്ഥയിലായിരുന്നേലും എവിടെയാണെങ്കിലും തിരിച്ചുവരുമായിരുന്നു. ഉറപ്പ്,… വിങ്ങുന്ന കണ്ണുകളോടെ നഷ്ടത്തെ കുറിച്ച് നീനു വിതുമ്പികരയുകയാണ്. കണ്ണുകള്‍ ഈറനണിഞ്ഞു. പുതിയ ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കെവിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് വകവരുത്തിയത്. കെവിന്റെ വീട്ടില്‍ ഇനിയുള്ള കാലം കഴിയുമെന്ന് നീനു വ്യക്തമാക്കി കഴിഞ്ഞു. തന്റെ വീട് ഇനി കെവിന്റേതാണെന്നാണ് നീനു പറയുന്നത്.

കെവിനെ കുറിച്ചുള്ള ഓര്‍മകളില്‍ നീനുവിന് കണ്ണുകള്‍ ഈറനണിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രജിസ്ട്രേഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ബന്ധുവിന്റെ കടയില്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു കെവിന്‍. എന്നാല്‍ ഞായറാഴ്ച കെവിനെ ഇവിടെനിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. ആദ്യം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വസിക്കുന്നു. പ്രതികള്‍ മുഴുവന്‍ പിടിക്കപ്പെടണം. എന്നാല്‍ ചാനലുകളില്‍ വരുന്ന വാര്‍ത്ത പേടിപ്പെടുത്തുന്നു. വാര്‍ത്താ പ്രാധാന്യം കുറയ്ക്കരുത്. എന്റെ ചേട്ടായിയെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം’ നീനു ദേശാഭിമാനിയോട് പറഞ്ഞു.

2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാന്‍ഡില്‍ ബസുകയറാന്‍ നില്‍ക്കുമ്പോള്‍ കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയില്‍ കെവിന്‍ വിദേശത്തുപോയി. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറുപ്പം മുതല്‍ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളര്‍ന്നത്. നാട്ടിലെത്തിയിട്ടും അവര്‍ നീനുവിനോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. കൂടുതലും സഹോദരന്‍ ഷാനുവിനോടാണ് സ്നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജില്‍ പോകുമ്‌ബോള്‍ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛന്‍ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റല്‍ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എല്‍സി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് 79 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി. തുടര്‍ന്നാണ് മാന്നാനം കെഇ കോളേജില്‍ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീര്‍ത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയശേഷം പോയതാണ് കെവിന്‍. പിന്നെ ഞാന്‍ ജീവനോടെ കണ്ടിട്ടില്ല-നീനു വിശദീകരിക്കുന്നു.

തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്ട്രേഷന്റെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി പുലര്‍ച്ചെ 5.45 ന് നീ എന്നെ വിളിച്ചുണര്‍ത്തണം, ആരൊക്കെ എതിര്‍ത്താലും നിന്നെ ഞാന്‍ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോണ്‍വച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിന്‍ ചേട്ടനെ ഉണര്‍ത്താനായി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവന്‍ വരുമെന്ന് കൂട്ടുകാര്‍ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാര്‍ത്ത തകര്‍ത്തത്.

നീനുവിന്റെ ബാഗില്‍നിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടില്‍ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവര്‍ കെവിനെ ചീത്ത പറഞ്ഞു. തുടര്‍ന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണില്‍ തന്നോട് സംസാരിച്ചു.

എന്നാല്‍ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ കെവിനും ഉറച്ച് നിന്നതോടെ അവര്‍ പോയി എന്നാണ് പിന്നീട് കെവിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞത്. അനീഷ് തിരിച്ച് സ്റ്റേഷനില്‍ വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു കെവിന്‍ തിരിച്ചുവരുമെന്ന്. ഒരോ വാഹനം കടന്നുവരുമ്പോഴും ഞാന്‍ പ്രതിക്ഷിച്ചു അത് തന്റെ കെവിനാണെന്ന്. ‘ഈ അവസ്ഥ ഉണ്ടാകുമെന്ന് ഒരു ചെറിയ സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ ദൂരെ എവിടെയെങ്കിലും പോയി ജീവിക്കുമായിരുന്നു’-നീനു പറയുന്നു.

കെവിന്‍ ഏല്‍പ്പിച്ചുപോയ അച്ഛനെയും അമ്മയെയും മരണം വരെ കൈവിടില്ല. ആരൊക്കെ വന്ന് നിര്‍ബന്ധിച്ചാലും ഇവരെ ഒറ്റയ്ക്കാക്കി പോകില്ല. പഠിച്ച് നല്ലൊരു ജോലി വാങ്ങി ഇവരെ സംരക്ഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. മേരിയുടെയും ജോസഫിന്റെയും മകളായി ഞാന്‍ ഇവര്‍ക്കൊപ്പം ജീവിക്കും. ചേച്ചി കൃപയുടെ കല്യാണം, സ്വന്തമായി ഒരു വീട് -കെവിന്റെ സ്വപ്നങ്ങളാണ് ഇനി നീനുവിനെ മുന്നോട്ട് നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button