ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങ്ങ് ആയിരുന്നു ഇത്തവണ ചെങ്ങന്നൂരില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് മുമ്പ് ഫലം അറിയാന്‍ സാധിക്കും. രാവിലെ എട്ടിന് തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
മണ്ഡലത്തില്‍ 181 പോളിങ് ബൂത്തുകളാണുളളത്. വി വി പാറ്റ്, പോസ്റ്റല്‍ ബാലറ്റ് എന്നിവ എണ്ണുന്നതിന് പ്രത്യേകം ടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതുള്‍പ്പടെ ആകെ 16 ടേബിളുകളാണ് ഉള്ളത്. വോട്ടെണ്ണലിനായി 69 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും മൈക്രോ ഒബ്സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച് ഡാറ്റ എന്‍ട്രി ചെയ്ത് ഫലം തിട്ടപ്പെടുത്തിയശേഷമേ അടുത്ത റൗണ്ട് ആരംഭിക്കൂ.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ട് പ്രതീക്ഷക്ക് ഒപ്പം തന്നെ മുന്നണികള്‍ ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ വോട്ടുകള്‍ തിരികെ കിട്ടുമോ എന്ന ആശങ്കയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പങ്ക് വെയ്ക്കുന്നത്.
എന്നാല്‍ ലോക്കപ്പ് മരണം അടക്കമുള്ള വിഷയങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചോ എന്ന പേടി എല്‍ഡിഎഫിനുണ്ട്. പെട്രോള്‍ വില വര്‍ധനവ്, വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കുമ്മനത്തിനെ മാറ്റിയത് ഇതിലെല്ലാമാണ് ബിജെപി പേടി. ഏതായാലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.
Post Your Comments