KeralaLatest News

അവളെന്റെ കയ്യിൽ പിടിച്ചു: സജീഷിന് പറയാനുള്ളത് നെഞ്ചു പൊട്ടുന്ന അനുഭവം: മറിയത്തിന് നഷ്ടമായത് രണ്ടു മക്കൾ

പേരാമ്പ്ര : നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്ന് മലയാളികള്‍. എന്നാല്‍, ഈ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര പ്രദേശം ശാന്തമാണ്, അപ്രതീക്ഷിത മരണങ്ങള്‍ പകര്‍ന്ന മരവിപ്പ് ആ നാട്ടില്‍ കനത്തുകിടക്കുന്നുണ്ടെങ്കിലും. 15 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് നിപ വൈറസ് മൂലം എട്ടുപേര്‍ മരിച്ചത്. മലപ്പുറത്തും മൂന്നുപേര്‍ മരിച്ചു. ഇവര്‍ക്കെല്ലാം രോഗം പകര്‍ന്നത് പേരാമ്പ്ര താലൂക്ക് ആശുപത്രിയോ കോഴിക്കോട് മെഡിക്കല്‍കോളേജോ കേന്ദ്രീകരിച്ചാണ്. ചെമ്പനോടായിലെ നേഴ്സ് ലിനിയുടെ വീട്ടിൽ ഒന്നുമറിയാതെ മക്കള്‍ രണ്ടുപേരും കളിച്ചുനടക്കുന്നു.

അവരെ നോക്കി സജീഷ് പറയുന്നു , ”ഇനി ബഹ്‌റൈനിലേക്കില്ല. മരിക്കുന്നതിന് തൊട്ടുമുമ്പാണ് ഞാനെത്തിയത്. ഓക്‌സിജന്‍ നല്‍കുകയായിരുന്നു. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അവള്‍ എന്റെ കൈ പിടിച്ചു”. സജീഷ് ഒരു നിമിഷം നിശബ്ദനായി. അവൾ കയ്യിൽ പിടിച്ചു തന്നെ നോക്കുമ്പോൾ ആ മനസ്സിലുണ്ടായിരുന്നതെല്ലാം അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നിരിക്കണം. ലിനിയുടെ വീട്ടിലേക്കും പൊതുപ്രവര്‍ത്തകര്‍ പോലും കയറാന്‍ മടിക്കുന്നു. അതൊരു പരാതിപോലെ നാട്ടില്‍ സംഭാഷണ വിഷയമായപ്പോഴാണ് ചില നേതാക്കള്‍ വന്നതെന്ന് തൊട്ടടുത്ത വീട്ടിലെ മുസ്ലിംലീഗ് നേതാവും മുന്‍ വാര്‍ഡ് മെമ്പറുംകൂടിയായ ആവള ഹമീദ് പറഞ്ഞു.

രാഷ്ട്രീയക്കാരനായല്ല, ഹമീദ് അയല്‍വീട്ടുകാരെ സഹായിക്കുന്നത്. ഒറ്റപ്പെടുത്തലിന്റെ കുന്തമുന നീളുന്നത് ആരോഗ്യവകുപ്പ് അധികൃതരിലേക്കുകൂടിയാണ്. മരണം നടന്ന ചില വീടുകളിലെ അയല്‍വീട്ടുകാരോട് അവര്‍ ജാഗ്രതപാലിക്കാന്‍ പറഞ്ഞിട്ടുണ്ട്. സൂപ്പിക്കടയിലെയും ഇസ്മയിലിന്റെയും മരണവീടുകള്‍ക്ക് സമീപത്തുനിന്ന് ചിലര്‍ ഒഴിഞ്ഞുപോയതിനുകാരണം പ്രധാനമായും ഈ മുന്നറിയിപ്പുതന്നെയാണ്. ”മറ്റെല്ലാവരും പോയി. ഞാന്‍ എവിടേക്ക് പോകാനാണ്?” എന്നാണ് ഇസ്മയിലിന്റെ ഒരു അയല്‍ക്കാരി ചോദിച്ചത്.വീടൊഴിഞ്ഞുപോകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ചെന്നുകേറേണ്ടിടത്ത് പലര്‍ക്കും മുറുമുറുപ്പ് നേരിടേണ്ടിവരുന്നു. ഈ സാഹചര്യം നേരിടാന്‍ പുനരധിവാസകേന്ദ്രങ്ങള്‍ തുറന്നിട്ടുമില്ല. ബദല്‍ മാര്‍ഗങ്ങളൊന്നുമില്ലാതെ ജാഗ്രതാ മുന്നറിയിപ്പുനല്‍കുന്നതില്‍ എന്ത് കാര്യമെന്നതും ചോദ്യം. രണ്ടാഴ്ചയ്ക്കകം രണ്ടുമക്കളെ നഷ്ടമാകുകയും ഭര്‍ത്താവിന്റെ ജീവനുവേണ്ടി കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കുകയും ചെയ്യുന്ന മറിയത്തിന് കണ്ണീര്‍ തോരുന്നില്ല. അഞ്ചുവര്‍ഷത്തിനിടെ മൂന്നാമത്തെ മകനെയാണ് അവര്‍ക്ക് നഷ്ടമായത്. 2013ല്‍ വാഹനാപകടത്തിലാണ് മുഹമ്മദ് സാലിം മരിച്ചത്.

എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് പുതുമണവാട്ടിയുമായി പുതിയ വീട്ടിലേക്കും ജീവിതത്തിലേക്കും കടക്കാന്‍ കാത്തിരിക്കുകയായിരുന്ന മൂത്ത മകന്‍ മുഹമ്മദ് സ്വാലിഹിനെയും രണ്ടാമത്തെ മകന്‍ മുഹമ്മദ് സാബിത്തിനെയും ഇപ്പോള്‍ നിപയും തട്ടിയെടുത്തു.ഇനി ആകെയുള്ളത് ഇളയവന്‍ മുത്തലീബ് മാത്രം. ഉമ്മയ്ക്കും മുത്തലീബിനും ആകെയുള്ള പ്രതീക്ഷ ആശുപത്രിയില്‍ മൂസ്സയുടെ ആരോഗ്യം ഭേദമായി വരുന്നെന്ന വാര്‍ത്തകളാണ്. അവരുടെ സൂപ്പിക്കടയിലെ വീട്ടിലിപ്പോള്‍ ആരുമില്ല. രണ്ട് മുയലുകളുണ്ട്, നാലെണ്ണമുണ്ടായിരുന്നു. ഉപ്പയും മക്കളുമെല്ലാം കളിപ്പിച്ച തള്ളമുയലും മൂന്നുകുട്ടികളും.

മുയല്‍കുട്ടികളില്‍ രണ്ടെണ്ണത്തെ പൂച്ച കടിച്ചുകൊന്നു. തള്ളയും ഒരു കുഞ്ഞും ഇപ്പോഴും അടച്ചിട്ട വീട്ടിലെ ആ കൂട്ടിലുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മൂസ്സയുടെ ബന്ധുവായ മറിയത്തെയും മരണം തട്ടിയെടുത്തു. സ്വാലിഹിന്റെ ചികിത്സാവേളയില്‍ ഈ മറിയം കൂട്ടിരുന്നിരുന്നു. റോഡിന് തൊട്ടപ്പുറമുള്ള വീടായതിനാല്‍ ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നവര്‍. മറിയത്തിന്റെ മരണം ഭര്‍ത്താവ് മൊയ്തുഹാജിയെ തകര്‍ത്തു. അവരും വീടുമാറി. ഇപ്പോള്‍ മടങ്ങിയെത്തി. കുപ്രചാരണങ്ങളാണ് നിപയെക്കാള്‍ ഭീകരമായി സാമൂഹിക മാധ്യമങ്ങളിലൂടെ പടരുന്നത്.

അതുപ്രകാരം മറിയവും ഭര്‍ത്താവ് മൂസ്സയും ഇളയമകനും വരെ മരിച്ചുകഴിഞ്ഞു. മരിച്ചവരുടെ വീടുകളിലെല്ലാം മറ്റുള്ളവര്‍ക്കും രോഗബാധയുണ്ട്. ഇങ്ങനെ കെട്ടുകഥകള്‍ ഏറെയുണ്ട്. വെറും കള്ളപ്രചാരണങ്ങള്‍.ഞങ്ങളെ എന്തിനാണ് സമൂഹം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത്? നിപ വൈറസ് ബാധയേറ്റ് മരിച്ച കൂരാച്ചുണ്ട് സ്വദേശി രാജന്റെ ബന്ധു ജിതേഷിന്റെ ചോദ്യം വേദനയുടെയും അവഗണനയുടെയും ബാക്കിപത്രമാണ്. രാജന്‍ മരിച്ചത് ചൊവ്വാഴ്ചയാണ്.

മാവൂര്‍ റോഡ് വൈദ്യുതശ്മശാനത്തില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരനുഭവങ്ങളും മരണവീട്ടിലേക്ക് ബന്ധുക്കളും പൊതുപ്രവര്‍ത്തകരും എത്താത്തതിന്റെ നിരാശയുമാണ് മൊഴികള്‍ക്കാധാരം. ബന്ധുക്കളുടെ വേർപാടിൽ മനസ്സ് തകർന്നവർക്ക് നാട്ടുകാരുടെ ഒറ്റപ്പെടുത്തൽ കൂടിയാവുമ്പോൾ ആണ് സഹിക്കാനാവാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button