പല തരത്തിലുള്ള പുട്ടുകളും നമ്മള് തയാറാക്കിയിട്ടുണ്ട്. ഇറച്ചിപ്പുട്ടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടെങ്കിലും പൊതുവേ തയാറാക്കിയിട്ടുണ്ടാകില്ല. എന്നാല്‍ തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒന്നാണ് ഇറച്ചിപ്പുട്ട്. റമദാനായിക്കഴിഞ്ഞാല് എല്ലാ ദിവസവും വീടുകളില്‍ ചിക്കന്‍ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഇറച്ചിപ്പുട്ട് പരീക്ഷിച്ചാലോ?
ആവശ്യമായ സാധനങ്ങള്‍
മിന്‍സ് ചെയ്ത ഇറച്ചി 2 കപ്പ്
സവാള 3
ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2 ടീസ്പൂണ്‍
പച്ചമുളക് 4
മല്ലിയില അരിഞ്ഞത് അരക്കപ്പ്
കുരുമുളക്പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ഗരംമസാല 1 ടീസ്പൂണ്‍
വേവിച്ച ഗ്രീന്‍ പീസ് 1 കപ്പ്
ഉപ്പ്, എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഫില്ലിംഗ് തയ്യാറാക്കുന്നത്
സവാള, പച്ചമുളക്, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് ചൂടായതിനുശേഷം സവാള ഗോള്‍ഡന്‍ നിറമാകുന്നതു വരെ വഴറ്റിയെടുക്കുക. ഈ സമയത്ത് അല്പം ഉപ്പ് ചേര്‍ക്കാവുന്നതാണ്. തുടര്‍ന്ന് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മിന്‍സ് ചെയ്ത ഇറച്ചി, കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍ പീസ് ചേര്‍ക്കുക.നന്നായി വരണ്ടു വരുന്നതു വരെ പാകം ചെയ്യുക.
പുട്ട് തയ്യാറാക്കാന്‍
തേങ്ങ ചിരകിയതും പുട്ടിനുവേണ്ടി നനച്ച അരിപ്പൊടിയും ചിരട്ടപ്പുട്ട് മേക്കറില്‍ ഇടുക. അതിനു മുകളില്‍ ലെയറായി ഇറച്ചി മിശ്രിതം നിരത്തുക. പ്രഷര്‍കുക്കറില്‍ ആവി വരുന്നവരെ പാകം ചെയ്യുക. ആവി വന്നതിനു ശേഷം കുറച്ചു നേരം കൂടെ പാകം ചെയ്യാം.
Post Your Comments