ആതുര സേവന രംഗത്തെ മാലാഖമാരാണ് നേഴ്സുമാര്‍. ഏതൊരു രോഗവുമായി എത്തിയാലും മടുപ്പും വെറുപ്പും കാണിക്കാതെ പുഞ്ചിരിക്കുന്ന മുഖവുമായി തങ്ങളുടെ ജോലികള്‍ കൃത്യമായി ചെയ്യുന്ന ഈ മാലാഖമാരില്‍ പലരെയും നമ്മള്‍ ഓര്‍ക്കാറില്ല. അത്യാസന്നനിലയില്‍ നിന്നും ജീവിതത്തിന്റെ പുതിയ വഴികളിലേയ്ക്ക് നമ്മള്‍ തിരിച്ചെത്തികഴിഞ്ഞാല്‍ ഇത്രയും നാള്‍ നമ്മുടെ വീട്ടുകാര്‍ക്കൊപ്പം അവര്‍ക്കും നമുക്കും ആശ്വാസമായി നിന്ന എത്ര നഴ്സുമാരെ പിന്നീട് നമ്മള്‍ ഓര്‍മ്മിക്കാറുണ്ട്? ആരും അത് ചെയ്യാറില്ല. ആ നേഴ്സ് നല്ല ആത്മാര്‍ഥതയോടെ ജോലി ചെയ്‌താല്‍, കിട്ടുന്ന ശമ്പളത്തിനോടുള്ള കൂറ് എന്ന് പറഞ്ഞ് അതിനെ ലഘൂകരിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അവര്‍ക്കിടയില്‍ വ്യത്യസ്തയാകുകയാണ് പേരാമ്പ്രയിലെ ലിനി സജീഷ്.
പകര്‍ച്ച പനികളും ടിബിയും എച്ച്ബിഎസ്എജിയും എച്ച്‌സിവിയും എച്ച്‌ഐവിയും ചിക്കന്‍പോക്‌സും തുടങ്ങി പിടിവിടാതെ തുടരുന്ന രോഗങ്ങളുമായി വരുന്നവരോട് വിവേചനം കാണിക്കാതെ ശുശ്രൂഷിക്കുന്ന ലിനിയെ പോലുള്ളവരെ നമ്മള്‍ തിരിച്ചറിയണം. കേരളത്തെ ഭീതിയിലാഴ്ത്തി നിപ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. പത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പലരും പനി മൂലം ചികിത്സയിലാണ്. രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിക്കാതിരിക്കാന്‍ മരണപ്പെട്ടവരുടെ മൃതദേഹം പോലും കുടുംബക്കാര്‍ക്ക് വിട്ടുകൊടുക്കാതെ ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ തയ്യാറാകുന്നു. ചികിത്സിക്കുന ഡോക്ടര്‍മാര്‍ പ്രതിരോധ സംവിധാനങ്ങള്‍ കൈക്കൊള്ളുന്നു. എന്നാല്‍ ഈ രോഗികളെ സംരക്ഷിക്കുന്ന നേഴ്സുമാരോ? പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പോലും സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ സംവിധാനങ്ങളെല്ലാം ഡോക്ടര്‍മാരായിരുന്നു ഉപയോഗിച്ചിരുന്നത്. രോഗിക്കൊപ്പം കൂടുതല്‍ ഇടപഴുകേണ്ടി വരുന്ന നഴ്‌സിന് എന്‍ 95 മാസ്‌ക് പോലും നല്‍കിയിരുന്നില്ല. എന്നിട്ടും ലിനി രോഗിയോടൊപ്പമായിരുന്നു. അവരുടെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു അവളുടെ പ്രവര്‍ത്തനം.
ലിനിയെക്കുറിച്ച് പുറത്തുവരുന്ന ഓരോ കാര്യങ്ങളും അവളുടെ നന്‍മയുടെ പ്രകാശനമാകുന്നു. പറക്കമുറ്റാത്ത രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തെ വിട്ട് അവള്‍ യാത്രയായി. വ്യാഴാഴ്ച നൈറ്റ് ഡ്യൂട്ടിയ്ക്ക് കയറിയ ലിനി നിപ്പ വൈറസ് ബാധിതരായ മൂന്നു പേരുടെ കാര്യങ്ങള്‍ കൃത്യമായി പരിചരിച്ചു. എന്നാല്‍ രാവിലെ ലിനിക്കും പനി തുടങ്ങി. മൂർച്ഛിച്ചതോടെ പേരാമ്പ്രയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ദുരെയുള്ള കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗൾഫിലുള്ള സജീഷിനെ വിഡിയോ കോൾ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഗുരുതരമാണെന്ന് സജീഷിനെ അറിയിച്ചിരുന്നില്ല. മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട വാർഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയിൽ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭർത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവിൽ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്. പിന്നെയും പിന്നെയും കാണാന്‍ സൗകര്യമില്ലാത്തതിനാല്‍ ആണ് ആ കത്ത് ലിനി കുറിച്ചത്. ‘സജീഷേട്ടാ…ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല…സോറി…ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ…’
ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്. ലിനിയുടെ മരണം കാരണം പരിസരവാസികൾക്കു രോഗഭീതി പാടില്ല എന്ന നിലപാടില്‍ അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം കോഴിക്കോട്ട് സംസ്കരിക്കാൻ അമ്മയും സജീഷും സഹോദരങ്ങളും സമ്മതിച്ചു.
എന്നാല്‍ ഈ വേദനയും അവരുടെ കര്‍മ്മ മണ്ഡലത്തെയും തിരിച്ചറിയുന്ന ഭരണകൂടം നമുക്കുണ്ടോ? നഴ്സ് എന്നാല്‍ ശമ്പളത്തിന് വേണ്ടി മുറവിളി കൂട്ടുകയും സമരം ചെയ്യുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷത്വമില്ലാത്ത വര്ഗ്ഗമായാണ് സര്‍ക്കാരും മാനേജ്മെന്റും ഇവരെകാണുന്നത്. 2017 ഏപ്രില്‍ 23-ന് നഴ്‌സുമാരുടെ ശമ്പളം പുതുക്കി പുറത്തിറക്കിയ വിജ്ഞാപനം ഇറങ്ങിയിട്ടും തങ്ങളുടെ ജോലിയ്ക്കുള്ള കൃത്യമായ ശമ്പളം മഹാഭൂരിപക്ഷം ആശുപത്രികളും അവര്‍ക്ക് നല്‍കി തുടങ്ങിയിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തിലും കാരുണ്യത്തിന്റെ അംശം ഇവരില്‍ നിന്നും അന്യംനിന്നുപോകാതെ ജീവന്റെ തുടുപ്പ് നിലനിര്‍ത്തുന്ന , ചിരിയ്ക്കുന്ന മുഖവുമായി ഓരോ രോഗികള്‍ക്കും മരുന്നിനും മന്ത്രത്തിനുമൊപ്പം ആശ്വാസം പകരുന്ന ഈ മാലാഖമാര്‍ക്ക് അവര്‍ക്കര്‍ഹിക്കുന്ന സഹായങ്ങളും സംരക്ഷണങ്ങളും ചെയ്യാന്‍ അധികാരികള്‍ കണ്ണു തുറക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം.
Post Your Comments