കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. ലഡാക്കി ആത്മീയ നേതാവായിരുന്ന കുഷക് ബകുലയുടെ 100ാം ജന്മ ദിനാഘോഷത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ചടങ്ങില്‍ വച്ചു തന്നെ സോജില ടണല്‍ നിര്‍മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. . ശ്രീനഗര്‍-ലേ ദേശീയപാതയില്‍ നിര്‍മ്മിക്കുന്ന പതിനാല് കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം അദ്ദേഹം ഇന്ന് നിര്‍വഹിക്കും.
ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് ടണലും ഏഷ്യയിലെ ഏറ്റവും നീളമുള്ള ബൈ-ഡിറക്ഷണല്‍ ടണലുമായിരിക്കും ഇത്. 14 കിലോമീറ്ററാണ് ടണലിന്റെ നീളം. പ്രദേശത്തെ സാമ്പത്തികമായി ഏറെ ഉയരത്തിലെത്താന്‍ സാധിക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശ്രീനഗറിലെത്തിയുണ്ട്.6809 കോടി ചിലവ് പ്രതീക്ഷിക്കുന്ന സോജില്ല തുരങ്കം പൂര്‍ത്തിയാവുന്നതോടെ ഏത് കാലാവസ്ഥയിലും ശ്രീനഗറില്‍ നിന്നും ലേയിലേക്ക് സഞ്ചരിക്കാന്‍ സാധിക്കും.
നിലവില്‍ ശൈത്യകാലത്ത് ലേയിലേക്കുള്ള ഗതാഗതം പാടെ തടസ്സപ്പെടുന്നതാണ് പതിവ്. ഇതിനുള്ള പ്രതിവിധിയായാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാതയില്‍ 11,578 അടി ഉയരത്തിലായാവും തുരങ്കം നിര്‍മ്മിക്കുക. അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങളോടെ നിര്‍മ്മിക്കുന്ന ഇരട്ടതുരങ്കം നിലവില്‍ വരുന്നതോടെ ശ്രീനഗറില്‍ നിന്നും ലേയിലേക്കുള്ള യാത്രാസമയം നിലവിലെ മൂന്നര മണിക്കൂറില്‍ നിന്നും പതിനഞ്ച് മിനിറ്റായി കുറയും. കിഷന്‍ ഗംഗ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 1713 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന്റെ പന്ത്രണ്ട് ശതമാനം വൈദ്യുതിയും ജമ്മു കശ്മീരിനു ലഭിക്കും.
നദിയിലെ ജലം 23.25 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വഴി ഭൂഗര്‍ഭ ഊര്‍ജ്ജ പ്‌ളാന്റിലേക്ക് തിരിച്ചുവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പാക് അധീന കശ്മീരിലേക്ക് നദി ഗതിമാറുന്നതിനു തൊട്ടു മുന്‍പാണ് ജലം തിരിച്ചു വിടുന്നത്. 330 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇത്. 37 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് കിഷന്‍ഗംഗ നദിക്ക് കുറുകെ ഇതിനായി നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും. റംസാന്‍ കണക്കിലെടുത്ത് വെടിനിര്‍ത്തലിന് കേന്ദ്രആഭ്യന്തരമന്ത്രാലയം സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ ഷോപിയാന്‍ മേഖലയിലും ആര്‍എസ് പുര ,സെക്ടറിലും പാക് സൈന്യം ഇന്നലെ രാത്രിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
Post Your Comments