ജമ്മു: പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് നിയന്ത്രണരേഖയില്‍ അസ്വാഭാവിക സാന്നിധ്യം സൈന്യം മനസിലാക്കിയത്. അഞ്ചംഗ സംഘമാണ് അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നു സൈന്യം വ്യക്തമാക്കി. സ്ഥലത്തു നിന്നും രക്ഷപെട്ട രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
ഇന്ന് രാവിലെയാണ് ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജമ്മു കാഷ്മീരില്‍ എത്തിയത്. കാഷ്മീര്‍ താഴ്വരയിലെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം കാര്‍ഗിലിലെ സോജില ടണല്‍ നിര്‍മാണത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കശ്മീരിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന പ്രധാനമന്ത്രി കശ്മീരിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Post Your Comments