കാഠ്മണ്ഡു: അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഉറച്ച തീരുമാനവുമായി ഇന്ത്യ. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി മോദിക്ക് ഉറപ്പുനല്‍കി. സാമൂഹിക വിരുദ്ധര്‍ക്ക് അതിര്‍ത്തി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മോദിയും വ്യക്തമാക്കി.
ഇന്ത്യയുടെ താല്‍പര്യങ്ങളോട് തികച്ചും അനുഭാവ സമീപനമാണ് നേപ്പാള്‍ തുടരുന്നതെന്ന് ഓലി വ്യക്തമാക്കി. ഇന്ത്യയുമായി 1850 കി.മീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാള്‍ പങ്കിടുന്നത്. സിക്കിം, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് നേപ്പാള്‍ അതിര്‍ത്തിയുണ്ട്. വിസയില്ലാതെ ജനങ്ങള്‍ അതിര്‍ത്തികടന്ന് സഞ്ചരിക്കുന്നു. കുടുംബബന്ധങ്ങളും സംസ്‌കാരവും അവര്‍ പങ്കിടുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതാണ് തുറന്നിട്ട അതിര്‍ത്തിയെന്ന് കഴിഞ്ഞദിവസം നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍ മോദിയും ഓലിയും വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രതിരോധ, സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായി. നേപ്പാളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്ക് പൂര്‍ണസംതൃപ്തിയാണുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വര്‍ത്താലേഖകരോട് പറഞ്ഞു.
പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, വൈ. പ്രസിഡന്റ് നന്ദ ബഹാദൂര്‍ പുന്‍, മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബ എന്നിവരുമായും മറ്റു രാഷ്ട്രീയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി.
നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ പ്രസിദ്ധമായ മുക്തിനാഥ് ക്ഷേത്രത്തിലും ബഗ്മതി നദിക്കരയിലെ പശുപതി ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. ജാനകി ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചു. നേപ്പാള്‍ പൗരാവലി നല്‍കിയ സ്വീകരണയോഗത്തില്‍ മോദി പ്രഭാഷണം നടത്തി. തോക്കിന്‍ കുഴലിലൂടെ അധികാരം എന്നതില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള നേപ്പാളിന്റെ പ്രയാണത്തെ മോദി പ്രകീര്‍ത്തിച്ചു.
ബുള്ളറ്റില്‍നിന്ന് ബാലറ്റിലേക്കുള്ള മാറ്റം പ്രശംസനീയമാണ്. ഇനിയും മുന്നോട്ടുപോകാന്‍ കഴിയണം അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് മോദി മടങ്ങിയത്. ;നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി യാത്രയാക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം,;മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും കര്‍ണാടക തെരഞ്ഞെടുപ്പ് ഈ സമയത്ത് വന്നത് തികച്ചും യാദൃച്ഛികമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. നേപ്പാളില്‍ പ്രധാനമന്ത്രിയായി കെ.പി. ശര്‍മ ഓലി തെരഞ്ഞെടുക്കപ്പെട്ട ഉടനെ തീരുമാനിച്ചതാണ് ഔദ്യോഗിക സന്ദര്‍ശനം. ഏപ്രിലില്‍ ഓലി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Post Your Comments