കൊച്ചി ; വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.പി എ വി ജോർജിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ജോർജിനെതിരെ നടപടിക്ക് ശുപാർശ. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് ആർടിഎഫ് പ്രവർത്തിച്ചത്. റിപ്പോർട്ട് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി.
ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ജോര്‍ജിനെതിരെ നിര്‍ണായകമായ പത്തിലധികം തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്വേഷണ വിധേയമായി എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാൻ നീക്കം തുടങ്ങിയതായും സൂചന ഉണ്ട്.
കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ (ആര്‍.ടി.എഫ്) ജോര്‍ജ് വഴിവിട്ട് സഹായിച്ചതിനുള്ള തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ഓപ്പറേഷനിലൂടെയാണ് ജോര്‍ജിനെതിരായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചത്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന്റെ ഇടപെടലിനെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ഐ.ജിയുടെ നിർദേശം.
പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം നേരത്തെ എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തതെന്ന് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണം എസ്.പിയിലേക്ക് തിരിഞ്ഞത്.
Post Your Comments