വരാപ്പുഴ : ഓട്ടോ ഡ്രൈവറെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം . വരാപ്പുഴയിലാണ് സംഭവം. ദേശീയപാത 66ല്‍ വരാപ്പുഴ പാലത്തില്‍ നിന്ന് ഓട്ടോഡ്രൈവറെ പുഴയിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എളമക്കര കളത്തിപ്പറമ്പില്‍ ഗബ്രിയലിന്റെ മകന്‍ ബെനഡിക്ടിനെ (56) കഴിഞ്ഞ കഴിഞ്ഞ15ന് പുലര്‍ച്ചെ നാല് ഇതരസംസ്ഥാന യുവാക്കള്‍ ചേര്‍ന്നു പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് പരാതി.
മഞ്ഞുമ്മലിലുള്ള പത്രസ്ഥാപനത്തില്‍ നിന്നു പത്രക്കെട്ടുകള്‍ എടുക്കാന്‍ പോകുന്നതിനിടെ കുന്നുംപുറം കവലയില്‍ നിന്നാണ് യുവാക്കള്‍ ഇയാളുടെ ഓട്ടോയില്‍ കയറിയത്. വരാപ്പുഴ തിരുമുപ്പം ക്ഷേത്രത്തിനു മുന്നില്‍ പോകണമെന്നായിരുന്നു ആവശ്യം. 200 രൂപയ്ക്കാണ് ഓട്ടം നിശ്ച്ചയിച്ചതെങ്കിലും വാഹനത്തില്‍ കയറിയ ശേഷം നൂറു രൂപയില്‍ കൂടുതല്‍ നല്‍കില്ലെന്നു പറഞ്ഞതാണ് തര്‍ക്കത്തിനു കാരണമായതെന്ന് ബെനഡിക്ട് പറയുന്നു.
മൂന്നു പേര്‍ പിന്‍ സീറ്റിലും ഒരാള്‍ മുന്‍സീറ്റിലുമാണ് ഇരുന്നത്. തര്‍ക്കം മൂത്തതോടെ മുന്‍ സീറ്റിലിരുന്നയാള്‍ ബെനഡിക്ടിന്റെ കഴുത്തില്‍ അമര്‍ത്തി. ഓട്ടോ നിര്‍ത്തിയതോടെ നാലു പേരും ചേര്‍ന്നു ഇയാളെ പുറത്തേക്കു വലിച്ചിറക്കി പാലത്തില്‍ ചേര്‍ത്തു നിര്‍ത്തിയ ശേഷം കൂട്ടത്തില്‍ ഒരാള്‍ കാലില്‍ പിടിച്ചു പൊക്കി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണു പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
ഈസമയം ഏതാനും വലിയ വാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോയെങ്കിലും നാലു പേരും ചേര്‍ന്നു തന്നെ മറഞ്ഞു നിന്നതായും ഇയാള്‍ പറയുന്നു. പുഴയില്‍ വീണ ബെനഡിക്ഡ് ഒരു തവണ മുങ്ങിത്താണു. ഉയര്‍ന്നു വന്നപ്പോള്‍ സമീപത്തുള്ള തൂണില്‍ പിടിച്ചു കിടന്നു. അര മണിക്കൂറോളം ഇങ്ങനെ പുഴയില്‍ കിടന്ന് അലമുറയിട്ട് കരഞ്ഞു. ഏലൂര്‍ ഭാഗത്തുള്ള വിജില്‍ എന്നയാളാണ് ശബ്ദം കേട്ട് എത്തിയത്. തുടര്‍ന്നു ഇയാള്‍ വിളിച്ചപ്പോള്‍ ചീനവലയിലുണ്ടായിരുന്ന രണ്ടു പേര്‍ ചേര്‍ന്നു രക്ഷിച്ചു കരയിലെത്തിച്ചു. പാലത്തില്‍ തിരികെ എത്തി ഓട്ടോയും കൊണ്ട് വീട്ടിലേക്ക് പോയതായാണ് ഇയാളുടെ മൊഴി. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ബെനഡിക്ടിറെ പരാതിയില്‍ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു.
Post Your Comments