KeralaLatest News

വരാപ്പുഴക്കാരിയായ മോഡൽ ഇടപാടുകാരുടെ വിവരങ്ങളെല്ലാം ഡയറിയിലെഴുതി സൂക്ഷിച്ചു, ലോഡ്ജിൽ പൊലീസെത്തുമ്പോഴും ആറം​ഗസംഘം ലഹരിയിൽ

കൊച്ചി: മോഡലായ വരാപ്പുഴ സ്വദേശിനിയുടെ നേതൃത്വത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന സംഘം പിടിയിലായതോടെ പൊലീസിന് ലഭിച്ചത് കേരളത്തിൽ ലഹരി വിൽപ്പന നടത്തുന്ന സംഘത്തെയും ഇടപാടുകാരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി ഐ.ജി. അതുൽ(18) എന്നിവരെയാണ് കഴിഞ്ഞ ദിവസം എളമക്കര പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്.

അൽക്ക ബോണിയും ആഷിഖുമാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. മോഡലായ അൽക്ക ബോണി മോഡലിം​ഗിന്റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. ബെം​ഗളുരുവിൽ നിന്നും വിവിധതരം ലഹരിമരുന്നുകൾ കേരളത്തിലെത്തിച്ച് വിപണനം നടത്തുന്നതാണ് സംഘത്തിന്റെ രീതി. മോഡലും സ്ത്രീയും എന്ന പരി​ഗണന വച്ച് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു സംഘം.

ഇടപാടുകാരെ കുറിച്ചുള്ള വിവരങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതായിരുന്നു യുവതിയുടെ രീതി. ഈ ഡയറി പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുന്നത്. സംഭവത്തിലെ മുഖ്യകണ്ണികളായ ബോസ്, ഇക്ക എന്നിവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യകണ്ണികളാണ് ബോസും ഇക്കയും.

അറസ്റ്റിലായ പ്രതികളുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് പതിനയ്യായിരം രൂപയുടെ ലഹരിമരുന്ന് സംഘം വിതരണം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് അൽക്ക ബോണിയും സംഘവും പിടിയിലായത്. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.

കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പൊലീസും ഡാൻസാഫും ലോഡ്ജിൽ എത്തുമ്പോൾ ഇവർ ലഹരിലായിരുന്നു. വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവയും ലോഡ്ജിൽ നിന്നും കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളുടെ മൊബൈൽഫോണിൽ നിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. സൂരജും രഞ്ജിത്തും നിരവധി ലഹരിക്കേസുകളിൽ മുമ്പും പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button