കണ്ണൂര്‍: എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കണ്ണൂരില്‍ നടന്ന 12 രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഏഴെണ്ണത്തിലും പ്രതിസ്ഥാനത്ത് ഭരണ കക്ഷിയായ സിപിഎം. ഈ വര്‍ഷം മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ എണ്ണം നാലായി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ബോംബ് നിര്‍മാണത്തിനിടെയുള്ള ഒരു മരണമടക്കം പതിമൂന്നു മരണങ്ങള് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപ്രതീക്ഷിതമായി ഒരു കൊലപാതകം, ഉടന്‍ പ്രതികാരക്കൊല. തുടര്‍ന്ന് അതിലെ പ്രതികളെ തലയെണ്ണിക്കൊന്ന് കൊലപാതക പരമ്പരകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മട്ടന്നൂരിലെ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര്‍ന്നു നടത്തിയ സമാധാന ചര്‍ച്ചകള്‍ അവസാനിച്ച് ചായ കുടിച്ച് പിരിഞ്ഞതേയുള്ളൂ. കഴിഞ്ഞ ദിവസം രാത്രിയോടെ എല്ലാം പഴയ പടിയായി. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസ് കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ വാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകളുമായി ഇരുപക്ഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്.
ഈ വര്‍ഷം ജനുവരി പത്തൊന്പതിന് കണ്ണവത്തെ ആര്.എസ്.എസ് പ്രവര്ത്തകന് ശ്യാമപ്രസാദാണ് ആദ്യം കൊല്ലപ്പെട്ടത്. ഒരു മാസം തികയും മുന്‍പെ ഫെബ്രുവരി 12ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും കൊല്ലപ്പെട്ടു. അതേ സമയം കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ കുറഞ്ഞെന്ന 2017ലെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമം. 2016 നെ അപേക്ഷിച്ച് 2017ല്‍ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 2017ല്‍ കുറവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.
നാലു കൊലപാതകങ്ങളില്‍ ആര്.എസ്.എസും ഒന്നില്‍ എസ്.ഡി.പി.ഐയുമാണ് പ്രതിസ്ഥാനത്ത്. കൊലപാതകങ്ങള്‍ പാര്ട്ടിക്കാര് നടത്തിയാലും ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയാലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍നിന്ന് രക്ഷിച്ചെടുക്കേണ്ടത് ഉത്തരവാദിത്വമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ കരുതുകയാണ്.
Post Your Comments