
പാലക്കാട്: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. സന്ദീപ് വാര്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകൽ പാലക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആർക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കിൽ നേരിട്ട് വരാമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു.
പ്രകടനം ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. സ്ഥലത്ത് വലിയ സംഘർഷമാണ് ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ സന്ദീപിനെ അറസ്റ്റ് ചെയ്ത് ബസിലേക്ക് കയറ്റി. സന്ദീപിനെ വലിച്ചിഴച്ചാണ് പൊലീസ് ബസ്സിൽ കയറ്റിയത്. സന്ദീപ് വാര്യറേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ മാങ്കൂട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസിനെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്റ്റേഷന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
Post Your Comments