അഞ്ജു പാര്‍വതി പ്രഭീഷ്
ഇരുളിന്റെ മറവും പകലിന്റെ വെളിച്ചവും അങ്കത്തട്ടുകള്‍ ആയപ്പോള്‍,ചുവപ്പും കാവിയും അങ്കക്കലി കൊണ്ട് പാറിപറന്നപ്പോള്‍ കണ്ണുനീരുപ്പ് പടർന്നത് ഞങ്ങളുടെ ഗർഭപാത്രങ്ങളിലും സിന്ദൂരരേഖകളിലുമായിരുന്നു.ആയുധങ്ങള്‍ കൊണ്ട് മാറ്റുരച്ച രണാരവങ്ങളില്‍ പൊലിഞ്ഞുപോയതു ഞങ്ങളുടെ പൊന്നോമനകളുടെ സ്വപ്നങ്ങളായിരുന്നു.. മനസ്സില്‍ രാഷ്ട്രീയ അരാജകത്വം പേറുന്ന നെറികെട്ട രാഷ്ട്രീയജന്മങ്ങള്‍ അങ്കക്കലിപൂണ്ട് കണ്ണൂരിന്റെ മണ്ണിനെ വീണ്ടും ചുവപ്പിക്കുമ്പോള്‍,രാഷ്ട്രീയയണിയറയില്‍ ചാണക്യന്മാര്‍ ചാണക്യസൂത്രങ്ങളും ന്യായവാദങ്ങളുമായി രംഗത്ത് വരുമ്പോള്‍ നിങ്ങള്‍ അറിയുന്നുണ്ടോ അമ്മിഞ്ഞപ്പാല്‍ വഴിഞ്ഞൊഴുകിയ അമ്മമാരുടെ നെഞ്ചിനുള്ളിലെ കണ്ണുനീരിന്റെ വറ്റാത്ത ഉറവകള്‍??കൂടെപിറന്നവന്റെ ചോരയില്‍ കുതിര്‍ന്ന നിശ്ചലശരീരം കണ്ടു ചേതന വറ്റി നിര്‍ജീവമായി ജീവിക്കുന്ന സഹോദരിമാരുടെ ഉള്ളിലെ കത്തുന്ന കനലിന്റെ ചൂട് നിങ്ങളെ പൊള്ളിച്ചിട്ടുണ്ടോ?? വൈധവ്യത്തിന്റെ ആഴിയില്‍ പൊടുന്നനെ പതിച്ചുപോകേണ്ടി വന്ന പെണ്‍മുഖങ്ങളിലെ ആകുലത നിങ്ങളെ നോവിക്കാറുണ്ടോ?ഉണ്ടാവില്ല തന്നെ…ഉണ്ടെങ്കില്‍ കണ്ണൂര്‍ വീണ്ടും വീണ്ടും ചുവക്കില്ലായിരുന്നു.’
ഒരിക്കല്‍കൂടി കോലത്തുനാടും കടത്തനാടും വികലരാഷ്ട്രീയത്തിന്റെ ചതുരംഗക്കളങ്ങളില്‍ പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.രാഷ്ട്രീയകൊലപാതകികളെ സൃഷ്ടിക്കുന്നതില്‍ ഒരു പ്രദേശത്തിന്‍റെ പഴയകാല അങ്കചരിത്രത്തിന്‍റെ പൊടിപ്പും തൊങ്ങലും അലങ്കാരങ്ങളും ചാര്‍ത്തിയ വീരഗാഥകള്‍ സ്വാധീനംചെലുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ മനസ്സില്‍ രാഷ്ട്രീയ അരാജകത്വം പേറുന്ന നെറികെട്ട നേതാക്കള്‍ തന്നെയാണ്.തന്തപറത്തെയ്യത്തില്‍ കെ.പി.രാമനുണ്ണി വരച്ചുകാട്ടിയിരിക്കുന്ന പ്രാദേശികമായ അങ്കക്കലിയുടെ ചരിത്രം യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പ്രസക്തമാവുകയാണ്.പാടത്തെ പണിക്കു വരമ്പത്ത് കൂലി കൊടുക്കുമ്പോള്‍ തകര്‍ന്നുതരിപ്പണമാകുന്നത് ജനാധിപത്യവ്യവസ്ഥിതിയും രാഷ്ട്രീയവിശ്വാസങ്ങളുമാണ്.കേന്ദ്രവും കേരളവും ഭരിക്കുന്ന രണ്ടു മുഖ്യമുന്നണികള്‍ പോര്‍വിളി നടത്തികൊണ്ട് പരസ്പരം തലകൊയ്തെറിയാന്‍ വ്യഗ്രതപൂണ്ട് നില്കുമ്പോള്‍ ഈ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കാന്‍ ഇനിയും നമുക്ക് കഴിയുമോ? ചോരക്കൊതി മൂത്ത പോരാളികളുടെ കൊലയാളി മനസ്സിനെ അത്രമേല്‍ വെറുക്കുന്നുണ്ട് ഈ നാട്ടിലെ ഓരോ പെൺ മനസ്സും..
രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടിയുടെ നിറത്തിനു മാറ്റമുണ്ടെങ്കിലും രാഷ്ട്രീയകൊലപാതകങ്ങളിലൂടെ ഒഴുകുന്ന ചോരയ്ക്ക് ഒരൊറ്റ നിറം മാത്രമേയുള്ളൂ.ടി.പിയുടെ വധത്തോടെ രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് ഒരറുതിവന്നെന്നു കരുതിയിരുന്ന ജനങ്ങള്‍ക്ക് അതിനുശേഷം നടന്ന എണ്ണമറ്റ കൊലപാതകങ്ങളിലൂടെ ഒരു കാര്യം വ്യക്തമായി.അന്തമില്ലാത്ത ദുര്‍വിധി പോലെ കൊലപാതകരാഷ്ട്രീയം നമ്മളെ പിന്തുടർന്നുക്കൊണ്ടേയിരിക്കുന്നു.
ചുവന്ന കൊടി കൊണ്ട് പുതയ്ക്കാന്‍ ഒരു രക്തസാക്ഷിയെ കൂടി ലഭിച്ചപ്പോള്‍ കാവിക്കൊടിക്കും കിട്ടി ഒരു ബലിദാനിയെ..നാലുവോട്ടിനു വേണ്ടി മനസ്സുകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ശവങ്ങളായി അവര്‍ മാറിയപ്പോള്‍ തുണയറ്റ് ഏകാന്തതയിലേക്ക് വലിച്ചെറിയാന്‍ വിധിക്കപ്പെട്ടവര്‍ അവരുടെ കുടുംബങ്ങള്‍ മാത്രം.
സമൂഹതാല്പര്യം വ്യക്തിതാല്പര്യത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ആശയങ്ങള്‍ കൊണ്ട് പൊരുതിയിരുന്നവര്‍ ആയുധങ്ങള്‍ കൊണ്ട് പൊരുതാന്‍ തുടങ്ങി.തെയ്യത്തിന്‍റെയും തിറയുടെയും നാട്ടില്‍ ചോരക്കുരുതി അന്യമല്ലാതായി.രാഷ്ട്രീയപ്രബുദ്ധര്‍ എന്നു സ്വയം അഹങ്കരിച്ചിരുന്ന നമ്മള്‍ ആ കൊലപാതകങ്ങള്‍ കണ്ടു വിങ്ങിപ്പൊട്ടിയപ്പോള്‍ പൊട്ടിച്ചിരിച്ചത് നേതാക്കന്‍മാര്‍ മാത്രമായിരുന്നു. തെറ്റായ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ നല്‍കിയ അമ്പത്തൊന്നു വെട്ടുകളെ കഴുകികളയാന്‍ ഏത് ആശയത്തിനാണ് കഴിയുക?
രാഷ്ട്രീയകൊലപാതകം നടത്തുന്ന പാര്‍ട്ടി,അതേതുമാവട്ടെ അതിലെ ഉന്നതനായ നേതാവിനെ പ്രതിയായി ചേര്‍ക്കാന്‍ ഭരണസംവിധാനത്തിനു കഴിഞ്ഞാല്‍ അവിടെ തീരും ഈ അക്രമരാഷ്ട്രീയം.അവരുടെ അറിവോടെയോ അല്ലാതെയോ ആണെങ്കില്‍ കൂടി ഒരു രാഷ്ട്രീയകൊലപാതകം നടന്നാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ കടപ്പെട്ടവരാണ്.പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവര്‍ പാര്‍ട്ടിയില്‍ അച്ചടക്കം നടത്താന്‍ ബാദ്ധ്യസ്ഥരാണ്.രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ കുറ്റാന്വേഷണം ഉറപ്പുവരുത്തുകയാണ്.അല്ലാതെ കുറ്റാന്വേഷണ ഏജന്‍സികളെ കൂട്ടിലിട്ട തത്തയെ പോലെ അടയ്ക്കുകയല്ല വേണ്ടത്.
പകയും ക്രൂരതയും വര്‍ഗ്ഗശത്രുക്കളെ ഇല്ലായ്മ ചെയ്യലും ചോരയ്ക്ക് ചോരയും അജണ്ടയാക്കുന്ന രാഷ്ട്രീയനീതി അവസാനിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവരണം.രാഷ്ട്രീയ എതിരാളികളെ കായികമായി ഉന്മൂലനം ചെയ്യുന്നത് പാര്‍ട്ടിനയമല്ലായെന്നു അണികളെ ബോധ്യപ്പെടുത്താന്‍ നേതാക്കന്മാര്‍ക്ക് കഴിയണം.അതോടൊപ്പം അക്രമങ്ങളില്‍ പങ്കാളികളായ അണികളെ സംരക്ഷിക്കുന്നതിനു പകരം അവരെ നീതിന്യായവ്യവസ്ഥയ്ക്ക് വിധേയമാക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്യണം.അത്രയും ഉയര്‍ന്ന ധാര്‍മികത പുലര്‍ത്താന്‍ കഴിയുന്നവനാണ് നേതാവ് എന്ന പദത്തിന് അര്‍ഹന്‍.അങ്ങനൊരാള്‍ക്കും അയാള്‍ നേതൃത്വം കൊടുക്കുന്ന സംഘടനയ്ക്കും ഭരണഘടനയിലും നീതിന്യായവ്യവസ്ഥിതിയിലും വിശ്വാസം ഉണ്ടായിരിക്കും..
എന്നും അക്രമങ്ങളും കൊലപാതകവും ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത് ദുരിതവും നഷ്ടവും കണ്ണീരും മാത്രമാണ്.കൊല്ലാനും ചാകാനും മത്സരിക്കുന്ന അണികളെ നിങ്ങള്‍ ഒന്നോര്‍ക്കുക-പാര്‍ട്ടികള്‍ക്ക് കൊടിക്കൂറ ചുവപ്പിക്കാന്‍ എന്നും വേണ്ടത് നിങ്ങളുടെ രക്തം മാത്രമാണ്,അല്ലാതെ നിങ്ങളുടെ ആത്മാവിനെയല്ല.നേതാക്കള്‍ക്ക് കൊടി കൊണ്ട് പുതപ്പിക്കാന്‍ വേണ്ടത് ഒരു ശവം മാത്രമാണ്.അല്ലാതെ നിങ്ങളുടെ ഹൃദയമല്ല..നിങ്ങളുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനത്തിന്റെയും ആഴവും അര്‍ത്ഥവും അറിയുന്നവര്‍ രാഷ്ട്രീയനേതാക്കള്‍ അല്ല.പക്ഷേ ഞാനടങ്ങുന്ന സ്ത്രീസമൂഹത്തിലെ അമ്മമാരും സഹോദരിമാരും ഭാര്യമാരും മക്കളുമാണ്…നിങ്ങള്‍ പുറത്തുപോയി മടങ്ങിവരുവോളം അസ്വസ്ഥമായി മിടിക്കുന്ന ഞങ്ങളുടെ ഹൃദയതാളം നിങ്ങള്‍ അറിയുന്നുണ്ടോ??വഴിയോരം വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഞങ്ങളുടെ കണ്ണിലെ കനലുകള്‍ നിങ്ങളെ പൊള്ളിക്കുന്നുണ്ടോ?? രാത്രിയിലെ ഒരു നായയുടെ ഓരിയിടല്‍ പോലും ഞങ്ങളെ എത്രമേല്‍ ഭയചകിതരാക്കുന്നുണ്ടെന്നു നിങ്ങള്‍ അറിയുന്നുണ്ടോ??എത്രയോ രാത്രികളില്‍ ഉറക്കം കണ്‍പോളകളെ വല്ലാതെ തലോടുമ്പോഴും ഉറങ്ങാതെ ഞങ്ങള്‍ നിങ്ങള്‍ക്കായി കാവലിരിക്കുന്നുണ്ടെന്നു അറിയുന്നുണ്ടോ?കാരണം സ്നേഹം മാത്രമാണല്ലോ ഞങ്ങള്‍ പെണ്‍മനസുകളുടെ രാഷ്ട്രീയം.കരുതല്‍ മാത്രമാണല്ലോ ഞങ്ങളുടെ പ്രത്യയശാസ്ത്രം..കൊടിക്കൂറകളോട് ഞങ്ങള്‍ക്ക് ഒന്ന് മാത്രമേ ഉറക്കെയുറക്കെ പറയാനുള്ളൂ-മാനിഷാദ!!
Post Your Comments