തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നിഖിൽ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തു വന്നത്. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും മുൻ ജനപ്രതിനിധികളും ഉൾപ്പെടെ അനാവശ്യമായി പോസ്റ്റുകളിടുകയാണെന്നും നിഖിൽ പറയുന്നു.
കോൺഗ്രസ് പ്രവർത്തകന്റെ മകളെ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിനാണു നിഖിലിനെ ഗ്രൂപ്പ് അഡ്മിനായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നീക്കം ചെയ്തതെന്നാണു പരാതി. ഗ്രൂപ്പിൽ നിന്നു നീക്കം ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനു ശേഷമാണു സഭ്യമല്ലാത്ത ഭാഷയിൽപ്പോലും പോസ്റ്റുകൾ വന്നു തുടങ്ങിയത്.
പൂർണ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തതെന്നു വ്യക്തമാക്കി നിഖിലും ഭാര്യ മയൂഖയും ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്. മയൂഖ എൻജിനീയറാണ്. രണ്ടു ബിരുദാനന്തര ബിരുദമുള്ള നിഖിൽ പാറളം ഗ്രാമപഞ്ചായത്ത് അംഗവുമാണ്. നിഖിലിനെ സഹായിക്കാനായി രംഗത്തുവരുമെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments