കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊലക്ക് പിന്നിലുള്ള ബുദ്ധി സൗമ്യയുടേത് ആണെന്ന് വിശ്വസിക്കാൻ തയ്യാറാകാതെ നാട്ടുകാർ. കിണര്‍വെള്ളത്തില്‍ അമോണിയയുണ്ടെന്നു പ്രചരിപ്പിക്കുന്നത് കൊലപാതകത്തിനു മറയാകുമെന്ന ധാരണയിലാണ് ആസൂത്രിതമായി ഇക്കാര്യം ചെയ്തതെന്ന് സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇങ്ങനെയൊരു ബുദ്ധി ആരാണ് സൗമ്യയ്ക്ക് ഉപദേശിച്ചത്? സ്‌കൂള്‍വിദ്യാഭ്യാസം മാത്രമുള്ളയാളാണ് സൗമ്യ. കൊലപാതകത്തിന് ഇത്തരത്തില്‍ ശാസ്ത്രീയമായ മറയൊരുക്കലിനു പിന്നിലെ ബുദ്ധി സൗമ്യയുടേതായിരിക്കില്ലെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
മാത്രമല്ല, കിണര്‍വെള്ളത്തിലെ അമോണിയസാന്നിധ്യത്തിന് നാട്ടില്‍ വ്യാപകപ്രചാരണവും ലഭിച്ചിരുന്നു. സൗമ്യ ഒറ്റയ്ക്ക് എങ്ങനെ ഈ കൃത്യം ചെയ്തു? വലിയ വിദ്യാഭ്യാസവും വിവരവുമില്ലാത്ത യുവതിക്ക് എങ്ങനെ അമോണിയ മരണകാരണമാകുമെന്നു പ്രചരിപ്പിക്കാനുള്ള വിവരമുണ്ടായി? അതേസമയം, സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ കൃത്യമായ തെളിവുകളും വസ്തുതകളുമില്ലാതെ കേസില്‍ ഉള്‍പ്പെടുത്തിയാലും വിചാരണഘട്ടത്തില്‍ വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ സൗമ്യ ഒറ്റയ്ക്കാണോ കൃത്യം ചെയ്തത്, യുവാക്കള്‍ക്ക് പങ്കുണ്ടോ എന്നീ വിഷയങ്ങളില്‍ സംശയത്തിന് തെല്ലും ഇടനല്‍കാത്തവിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതും കുറ്റപത്രം തയ്യാറാക്കേണ്ടതുമുണ്ട്.
ഭര്‍ത്താവ് കിഷോര്‍ തന്നെ എലിവിഷം വെള്ളത്തില്‍ നല്‍കി കുടിപ്പിച്ചിരുന്നുവെന്ന് സൗമ്യ പോലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മകളെയും അച്ഛനമ്മമാരെയും എലിവിഷം നല്‍കി കൊല്ലാന്‍ പ്രേരണയായതെന്നും പറഞ്ഞു. എലിവിഷം നല്‍കിയ വെള്ളം കുടിച്ചിട്ടും സൗമ്യയ്ക്ക് കാര്യമായ അപകടമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും എലിവിഷം നല്‍കിയാല്‍ മരിക്കുമെന്ന് സൗമ്യയ്ക്ക് എങ്ങനെ ഉറപ്പായി എന്ന സംശയം ബാക്കിയാണ്. സാധാരണക്കാരിയായ യുവതിക്ക് സ്വന്തം മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്താനുള്ള ചങ്കുറപ്പെങ്ങനെയുണ്ടായി? ഇവരെ ഇല്ലാതാക്കുന്നതിന് ആരുടെയെങ്കിലും പ്രേരണയുണ്ടായിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആര്? ഇക്കാര്യങ്ങളില്‍ നാട്ടുകാര്‍ക്കും സംശയം ബാക്കിയാണ്.
നിട്ടൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുന്നതിന് തടസ്സമായതിനാലാണ് അച്ഛനമ്മമാരെയും മകളെയും കൊലപ്പെടുത്തിയതെന്ന സൗമ്യയുടെ കുറ്റസമ്മതമൊഴിയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു സന്ധ്യയുടെ ഈ പ്രതികരണം. ‘ സൗമ്യയുടെ അമ്മ കമലയുടെ മരണശേഷം വിവാഹ ആലോചനയുമായി സൗമ്യയുടെ കാമുകനായ യുവാവ് വീട്ടുകാരെ സമീപിപ്പിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ ചര്‍ച്ച ചെയ്ത് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു. മക്കള്‍ മരണപ്പെട്ടതോടെ ഒറ്റപ്പെട്ട സൗമ്യയ്ക്ക് പുതിയ ബന്ധം തുണയാകുമെന്ന വിശ്വാസമായിരുന്നു ഞങ്ങള്‍ക്ക്.
കാമുകനായ യുവാവിനെ കുറിച്ചും നല്ല അഭിപ്രായമായിരുന്നു. വിവാഹ ആലോചനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാകുകയായിരുന്നു. വിഷുവിന്റെ രണ്ടുനാള്‍ മുൻപ് മരിക്കുകയും ചെയ്തു. അതിനാല്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് യുവാവിനെ ബന്ധുക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17-ന് കാമുകന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു.
എന്നാല്‍, 16-ന് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കൂടിക്കാഴ്ച മുടങ്ങി. അച്ഛനമ്മമാരാണ് പുതിയ വിവാഹത്തിന് തടസ്സമെന്ന് സൗമ്യ പറഞ്ഞതായി പോലീസ് വിശദീകരിച്ചത്. അച്ഛന് ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. പിന്നെ എന്തിന് യുവാവിനൊപ്പം ജീവിക്കാന്‍ അച്ഛനെ ഇല്ലാതാക്കണമെന്നാണ് സൗമ്യയുടെ സഹോദരി സന്ധ്യയുടെ സംശയം. അച്ഛനുമ്മയ്ക്കും സൗമ്യയോട് തന്നേക്കാള്‍ വാത്സല്യമായിരുന്നു. ഐശ്വര്യയ്ക്കും അമ്മ സൗമ്യയെ വലിയ കാര്യമായിരുന്നു. എന്നിട്ടും ഈ ക്രൂരത ഇവരോട് ചെയ്തത് ഇനിയും വിശ്വസിക്കാനാകുന്നില്ലെന്നും സന്ധ്യ പറയുന്നു.
എസ്.എസ്.എല്‍.സി.വിദ്യാഭ്യാസം മാത്രമുള്ള സൗമ്യയ്ക്ക് എങ്ങനെയാണ് കിണറിലെ അമോണിയ മരണകാരണമായെന്ന് പറയാനുള്ള ധാരണ ലഭിച്ചതെന്ന് അറിയില്ല. മൂന്നുപേരെയും കൊല്ലുന്നതിന് എലിവിഷം ഒറ്റത്തവണ മാത്രമാണ് നല്‍കിയതെന്നാണ് സൗമ്യ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നത്- സന്ധ്യ പറഞ്ഞു. ഭര്‍ത്താവ് കിഷോര്‍ ഉപദ്രവിച്ചതായി പോലീസിനോട് സൗമ്യ പറഞ്ഞ മൊഴി സത്യമാണെന്ന് സന്ധ്യ പറഞ്ഞു. ഏതായാലും ഈ കേസിൽ ഇനിയും കൂടുതൽ കാര്യങ്ങൾ മറ നീക്കി പുറത്തു വരാനുണ്ട്. മറ്റാർക്കോ വേണ്ടി സൗമ്യ കുറ്റം ഏറ്റെടുക്കുകയായിരുന്നോ എന്നാണു ഇവരുടെയൊക്കെ സംശയം.
Post Your Comments