വണ്ടൻമേട്: സംസ്ഥാനത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു വനിതാ പഞ്ചായത്ത് മെമ്പർ തൻ്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ചത്. ഭർത്താവിൻ്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച് വിവരം പൊലീസിന് ചോർത്തി നൽകി പിടിപ്പിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. വണ്ടൻമേട് പഞ്ചായത്ത് മെമ്പർ ആയിരുന്ന സൗമ്യ അബ്രഹാമാണ് ഭർത്താവ് സുനിലിനെതിരെ കരുക്കൾ നീക്കിയത്. സംഭവത്തിൽ സൗമ്യ അടക്കമുള്ള പ്രതികൾ അറസ്റ്റിലായിരുന്നു. ഇപ്പോൾ കേസിൽ ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.
നിലവിൽ സൗമ്യയുടെ ഭർത്താവ് സുനിൽ വർഗ്ഗീസ് ഭാര്യയുടെ തെറ്റുകൾ പൊറുത്ത് രംഗത്തെത്തി, സുനിൽ തന്നെയാണ് നേരിട്ട് ഇടപെട്ട് സൗമ്യയെ ജാമ്യത്തിലിറക്കിയത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു സൗമ്യ ഭർത്താവിനെ ചതിച്ചത്. എന്നാൽ, അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടതോടെ സൗമ്യയെ എല്ലാവരും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് ഭർത്താവ് തന്നെ സൗമ്യയെ ജാമ്യത്തിലിറക്കിയതും തെറ്റുകൾ പൊറുത്ത് ഒരുമിച്ച് വീണ്ടും ജീവിതം ആരംഭിക്കാൻ തീരുമാനമെടുത്തതും. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒത്തുതീർത്ത് വീണ്ടും ഇരുവരും ഒരുമിച്ച് മക്കളോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയായിരുന്നു സൗമ്യ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ചതെന്നായിരുന്നു റിപ്പോർട്ട്. ഗൾഫുകാരനായ കുറ്റ്യാടി സ്വദേശി വിനോദിനൊപ്പം ജീവിക്കുവാനാണ് സൗമ്യ തന്റെ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി 22ന് രാവിലെയാണ് സുനിൽ ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതർക്ക് ലഭിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ഡാൻസാഫ് ടീം അദ്ദേഹത്തിൻ്റെ ബൈക്കിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സന്ദേശത്തിൽ സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യത്തിലേക്കു വെളിച്ചം വീശിയത്. ഇതിനിടയിൽ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.
Post Your Comments