KeralaLatest NewsNews

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട സമയം അതിക്രമിച്ചെന്ന് കുമ്മനം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസ്സില്‍ നിന്നും പിറവികൊണ്ടതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളുമാണ് ആ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍. കോണ്‍ഗ്രസ്സിന്റെ എല്ലാ പ്രതിസന്ധികളിലും ഇടത് – വലത് ഭേദമന്യേ കമ്മ്യൂണിസ്റ്റുകാര്‍ സഹായഹസ്തവുമായി എത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ ലയിക്കേണ്ട സമയം അതിക്രമിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും പിറവികൊണ്ടതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളുമാണ് ആ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍. കോണ്‍ഗ്രസ്സിന്റെ എല്ലാ പ്രതിസന്ധികളിലും ഇടത് – വലത് ഭേദമന്യേ കമ്മ്യൂണിസ്റ്റുകാര്‍ സഹായഹസ്തവുമായി എത്താറുണ്ട്. സജ്ജീവ റെഡ്ഡിയും വി.വി. ഗിരിയും തമ്മില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിജലിംഗപ്പ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ദിരാഗാന്ധിയ്ക്ക് പിന്‍തുണ നല്‍കി വി.വി.ഗിരിയെ ജയിപ്പിച്ചു.
അടിയന്തിരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ ഡാങ്കെ ചെയര്‍മാനായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിനെ പിന്‍തുണച്ചു. പ്രഥമ വാജ്‌പേയി ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കൈയ്യുയര്‍ത്തി.

2004 ല്‍ ബി.ജെ.പി. അധികാരത്തിലെത്താതിരിക്കാന്‍ മന്മോഹന്‍ സിംങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ. ഗവണ്‍മെന്റിനും രണ്ടാം യു.പി.എ. ഗവണ്‍മെന്റിനും ഉപാധിരഹിത പിന്‍തുണ നല്‍കി. മോദി ഗവണ്‍മെന്റിന്റെ ജനക്ഷേമകരമായ ഭരണം അട്ടിമറിക്കുന്നതിന് കോണ്‍ഗ്രസ്സുമായി നടത്തിയ ഗൂഡാലോചന പരാജയപ്പെട്ടപ്പോള്‍ വരാനിരിക്കുന്ന 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടവുനയമെന്ന ഒരു പുതിയ സിദ്ധാന്തവുമായി പരസ്യധാരണയ്ക്ക് ഇരുകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തയ്യാറെടുക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തി സ്വന്തമായൊരു നയമോ പരിപാടിയോ മുന്നോട്ടുവയ്ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്സിനെ കര്‍ത്തൃത്വവത്കരിച്ച് രാഷ്ട്രീയ ദിശ തേടുന്ന കമ്മ്യൂണിസ്റ്റുകളുടെ ആശയദാരിദ്ര്യം ജനങ്ങള്‍ തിരിച്ചറിയണം. 2004 അല്ല 2019 എന്നോര്‍മ്മിക്കുന്നത് നല്ലത്. 2004 ല്‍ കോണ്‍ഗ്രസ്സിന് പാര്‍ലമെന്റില്‍ 145 അംഗങ്ങളും 13 സ്റ്റേറ്റില്‍ ഭരണവുമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ അര്‍ഹതപോലും ലഭിക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുന്നു. മൂന്നോ നാലോ ചെറിയ സ്റ്റേറ്റുകളൊഴികെ അവശേഷിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് ഉച്ഛാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഉത്തരായനവും കാത്ത് മൃതപ്രായമായി ശരശയ്യയില്‍ കിടക്കുന്ന കോണ്‍ഗ്രസ്സിന്റെ ശേഷക്രിയ നിര്‍വ്വഹിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ ലയിക്കണം. അതാണ് ഈ കാലഘട്ടം അവരോട് ആവശ്യപ്പെടുന്നത്.

Read Also: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണം; എന്നാൽ ഇന്ത്യ അനുവദിക്കുന്നില്ലെന്ന് വിജയ് മല്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button