കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച വിവാദങ്ങള്‍ തുടരുമ്പോള്‍ തന്നെ സിപിഐഎം കേരള ഘടകത്തില്‍ വീണ്ടും ഭിന്നത. യുഡിഎഫില്‍ നിന്നും പുറത്തായ കെ എം മാണി എല്‍ ഡി എഫിലെയ്ക്ക് എത്തുന്നതിനെ സിപിഎം പിന്തുണയ്ക്കുമ്പോള്‍ സിപിഐ അതിനെ രാഷ്ട്രീയപരമായി എതിര്‍ക്കുകയാണ്. ഇപ്പോള്‍ ഈ വിഷയം തുറന്ന ഒരു യുദ്ധത്തിലേക്ക് എത്തിക്കഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മണിയുടെ കൂട്ട് പിടിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനെ സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു കെ.എം.മാണിയുടെ സഹായം വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി പ്രഖ്യാപിച്ചത് വലിയ വിവാദമായിരിക്കുകയാണ്. മാണി ഇല്ലാതെയാണു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയിച്ചത്. ജനങ്ങള്‍ ഇടതുമുന്നണിയോടൊപ്പമാണ്. യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കു വന്നു കയറാവുന്ന സ്ഥലമല്ല ഇടതുമുന്നണി. മാണിക്ക് അദ്ദേഹത്തിന്റെ വഴി സ്വീകരിക്കാമെന്നും കാനം പറഞ്ഞു. എങ്ങനേയും മാണിയെ ഇടതു പക്ഷത്ത് നിന്ന് അകറ്റാണാണ് കാനം ശ്രമിക്കുന്നത്. ഇതിന്റെ സൂചനയാണ് ഈ പ്രസ്താവന.
ചെങ്ങന്നൂരില്‍ വിജയം നിശ്ചയിക്കാനുള്ള കരുത്ത് കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസിനുണ്ട്. ആറായിരത്തോളം വോട്ടുകള്‍ മാണിക്കിവിടെ ഉണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് മാണി ഈ ഉപതെരഞ്ഞെടുപ്പിള്‍ താരമായി നില്‍ക്കുന്നത്. അതിശക്തമായ ത്രികോണ പോര് നടക്കുന്നതിനാല്‍ ചെങ്ങന്നൂരില്‍ ആറായിരം വോട്ട് നിര്‍ണ്ണായകമാണ്. മാണിയെ തിരികെ യുഡിഎഫില്‍ എത്തിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷത്തേക്ക് ഒരു ചാഞ്ചാട്ടവുമായി മാണി നില്‍ക്കുകയാണ്. കോണ്‍ഗ്രസും മുസ്ലിംലീഗും മാണിയെ എല്ലാം മറന്ന് സ്വാഗതം ചെയ്യുന്നു. ബിജെപിയും ചരട് വലികള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു വിധത്തിലും മാണിയുമായുള്ള സഖ്യത്തിന് തയ്യാറല്ലെന്ന് തുറന്നു പറയുകയാണ് സിപിഐ. തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തുറന്നടിച്ചു. ചെങ്ങന്നൂരില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും സജി കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ നായര്‍ വിജയിച്ചത് കെഎം മാണിയുടെ സഹായമില്ലാതെ ആണെന്നും, ഇത്തവണയും മാണിയുടെ സഹായം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടെന്നും കാനത്തിന്റെ നിലപാടിനെയാണ് സജി ചെറിയാന്‍ തള്ളിയത്.
ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന നിലപാടാണ് കാനത്തിന്റെത്. സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കാനം രാജേന്ദ്രന്‍ അച്ചാരം വാങ്ങിയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നു കേരള കോണ്‍ഗ്രസ് (എം) പറയുന്നു. ”തങ്ങളുടെ വോട്ട് വേണ്ടെന്ന നിലപാടുള്ള സി.പി.ഐക്കും കാനത്തിനും ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന ലക്ഷ്യമാണുള്ളത്. സി.പി.എം സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് എന്നതിനാല്‍ തോറ്റാലും തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ നഷ്ടം സി.പി.എമ്മിനായിരുക്കുമെന്ന് കാനം കണക്ക് കൂട്ടുന്നു. ഇതിനോട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. കാനം മറുപടി അര്‍ഹിക്കുന്നില്ല. എല്‍.ഡി.എഫ് ജയിക്കണമെന്ന ആഗ്രഹം കാനത്തിനില്ലെന്നും” മാണി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും അങ്ങോട്ടുപോയി സഹായിക്കേണ്ട ബാധ്യത കേരള കോണ്‍ഗ്രസിനില്ല. അതായത് മാണിയോട് നേരിട്ട് വോട്ട് ചോദിക്കുന്നവര്‍ക്ക് മാത്രം വോട്ടെന്നതാണ് കേരളാ കോണ്‍ഗ്രസ് നിലപാട്. വിഷയം ഇന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും.
എന്നാല്‍ കാനത്തിനെ തള്ളി കോടിയേരി രംഗത്തെത്തി. മാണി വിഷയത്തില്‍ ഘടക കക്ഷികളുടെ നിലപാട് അല്ല നോക്കുന്നതെന്നും കോടിയേരി പറഞ്ഞു. യുഡിഎഫുമായി ഭിന്നതയുള്ള ആരുടേയും വോട്ട് സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. എന്തായാലും വാക്ക് പോരുമായി ചെങ്ങനൂര്‍ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. പരസ്യ പ്രസ്താവനകളുമായി നേതാക്കന്മാര്‍ രംഗത്തെത്തുമ്പോള്‍ പാര്‍ട്ടിയിലെ ഭിന്നത ശക്തമായിക്കഴിഞ്ഞുവെന്നു വേണം ചിന്തിക്കാന്‍. ആര് അകത്ത് ആര് പുറത്തെന്നു വരും നാളുകളില്‍ കാത്തിരുന്നു കാണാം.
ബിജെപിയെന്ന മുഖ്യ ശത്രുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാം എന്ന നിലപാട് ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വലിയ ചര്‍ച്ചയായതാണ്. ഈ വിഷയം ഉയര്‍ന്നതുമുതല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇനി കേരള കോണ്‍ഗ്രസ് ആകുമോ എന്ന സംശയം പലരും ഉയര്‍ത്തിയിരുന്നു. അതിനുള്ള സാധ്യത മാണി ബന്ധത്തിലൂടെ തുടങ്ങുകയാണ് സിപിഎം. വോട്ട്, അധികാരം എന്നിവ മാത്രം നോക്കുന്ന നെറികെട്ട ഭരണമായി മാറുകയാണ് പാവങ്ങളുടെ ഈ പാര്‍ട്ടി. അധികാരത്തിനായി ഏതു അഴിമതിക്കാരന്റെയും കൂടെ ചേരാമെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന ഈ പാര്‍ട്ടി വരും നാളുകളില്‍ കേരളത്തില്‍ പോലും സ്വന്തം പേരില്ലാതെ പോകുന്ന അവസ്ഥയിലാണെന്ന് ഈ തുറന്ന യുദ്ധത്തിലൂടെ മനസിലാക്കേണ്ടതാണ്
അനിരുദ്ധന്‍
Post Your Comments