പിണറായി: മക്കളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന സൗമ്യയെ പറ്റി മരിക്കുന്നതിന് മുൻപ് പിതാവ് കുഞ്ഞിക്കണ്ണൻ പറഞ്ഞത് ഇങ്ങനെ. അച്ഛന് കുഞ്ഞിക്കണ്ണന് മരിക്കുന്നതിനു മുൻപ് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നു സഹോദരി വെളിപ്പെടുത്തി. സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അച്ഛന് പറഞ്ഞതായി സഹോദരി പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ തനിച്ചാകുമെന്ന് അച്ഛന് ഭയപ്പെട്ടിരുന്നുവെന്നും സഹോദരി വ്യക്തമാക്കി.
മരിക്കുമ്പോഴും മകൾ തനിച്ചാവുമെന്ന ചിന്തയായിരുന്നു കുഞ്ഞിക്കണ്ണനെ അലട്ടിയിരുന്നതെന്നു സഹോദരി കണ്ണീരോടെ പറയുന്നു. ജനുവരിയില്‍ മൂത്ത മകളായ ഐശ്വര്യയെ കൊലപ്പെടുത്തിയപ്പോഴും പിന്നീട് അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയപ്പോഴും സൗമ്യയെ വീട്ടിലുള്ളവരാരും തന്നെ സംശയിച്ചില്ല. അത്ര ഗംഭീരമായിട്ടാണ് സൗമ്യ എല്ലാവര്ക്കും മുന്നില്‍ സങ്കടം അഭിനയിച്ചത്. ഒരു ഘട്ടത്തില്‍ പോലും സൗമ്യയില്‍ സംശയം തോന്നിയിരുന്നില്ല എന്നാണ് സഹോദരിയായ സന്ധ്യ പറയുന്നത്. സൗമ്യയാണ് കൊല നടത്തിയത് എന്ന വെളിപ്പെടുത്തല്‍ കേട്ടതിന്റെ ഞെട്ടല്‍ ഇതുവരെ സന്ധ്യയ്ക്ക് മാറിയിട്ടില്ല.
അതെ സമയം സൗമ്യ തനിച്ചാണോ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതെന്നും ഇപ്പോഴും ചോദ്യ ചിഹ് നമായി തുടരുകയാണ്. ഇതുവരെയുള്ള മൊഴികളില്‍ താന്‍ തനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് സൗമ്യ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. അതേസമയം സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലും കേസിന്റെ ചുരുളഴിക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്. ഐശ്വര്യ മരിക്കുന്നതിന് മുന്‍പ് രോഗമാണ് എന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാനുള്ള ആസൂത്രണം സൗമ്യ നടപ്പിലാക്കിയിരുന്നുവെന്ന് സന്ധ്യയുടെ വാക്കുകളില്‍ നിന്നും തെളിയുന്നു.
ഐശ്വര്യയുടെ അസുഖത്തെക്കുറിച്ച് സന്ധ്യ സഹോദരിയോട് ചോദിച്ചിരുന്നു. അസുഖം കണ്ടെത്താനുള്ള ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും രോഗം എന്തെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചിട്ടില്ലെന്നും ആണ് സൗമ്യ സന്ധ്യയോട് പറഞ്ഞിരുന്നത്. ആശുപത്രിയില്‍ വെച്ച് സൗമ്യ സന്ധ്യയെ വീഡിയോ കോള്‍ വഴി വിളിച്ച് സംസാരിക്കുമായിരുന്നു. മാത്രമല്ല ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും സന്ധ്യയ്ക്ക് അയച്ച് കൊടുത്തിരുന്നു. അച്ഛനില്ലാത്തതിന്റെ വിഷമമാണ് മകള്‍ക്കെന്നും അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും സൗമ്യ പറയുമായിരുന്നു. പിന്നീട് അച്ഛനും അമ്മയും ആശുപത്രിയില്‍ ആയപ്പോഴും ഇത്തരത്തില്‍ ചിത്രങ്ങള്‍ അയച്ച് കൊടുക്കുമായിരുന്നു.
അമ്മയെ കാണാന്‍ വൈക്കത്ത് നിന്നും സന്ധ്യ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീടാണ് ഇതേ അവസ്ഥയില്‍ തന്നെ അച്ഛനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയുന്നത്. കുറച്ച് നാള് സന്ധ്യയ്ക്കൊപ്പം വൈക്കത്ത് നിന്ന കുഞ്ഞിക്കണ്ണന് നാട്ടിലേക്ക് എത്തിയതോടെ രോഗം മൂര്‍ച്ഛിച്ചു. അച്ഛന്റെയും അമ്മയുടേയും മരണശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനെ സൗമ്യ ശക്തമായി എതിര്‍ത്തിരുന്നുവെന്നും സന്ധ്യ പറയുന്നു. എന്തിനാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത് എന്ന് ചോദിച്ച് സൗമ്യ പൊട്ടിക്കരയുകയായിരുന്നുവെന്ന് സന്ധ്യ പറയുന്നു.
അച്ഛന്റെയും അമ്മയുടേയും ശരീരം വെട്ടിക്കീറരുതേ എന്ന് സൗമ്യ വിലപിച്ച് സ്നേഹം കൊണ്ടാണെന്നാണ് അന്നെല്ലാവരും കരുതിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടന്നാല്‍ വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണമെന്നത് പുറത്ത് വരുമെന്നും താന്‍ കുടുങ്ങുമെന്നും സൗമ്യയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ പോസ്റ്റ്മോര്‍ട്ടം ബന്ധുക്കളുടെ ആവശ്യപ്രകാരം നടത്തിയിരുന്നു. ഇതോടെയാണ് ഇരുവരുടേയും ശരീരത്തില്‍ എലിവിഷത്തില്‍ കാണപ്പെടുന്ന അലൂമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയത്. അതേസമയം കുഞ്ഞിക്കണ്ണന്റെ ശരീരത്തില്‍ അമോണിയയുടെ സാന്നധ്യവും കണ്ടെത്തിയിട്ടുണ്ട്.
ഇതെങ്ങെനെ വന്നു എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ശരീരത്തില്‍ 236 ശതമാനമാണ് അമോണിയ കലര്‍ന്നിരുന്നത്. അച്ഛന് ഗുരുതരാവസ്ഥയില്‍ ആയപ്പോഴൊന്നും വിദഗ്ധചികിത്സ നല്കാന് കൊണ്ടുപോകാന്‍ സൗമ്യ സമ്മതിച്ചിരുന്നില്ലെന്ന് സന്ധ്യ ഓര്‍ക്കുന്നു. സന്ധ്യ അടക്കമുള്ള ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് കൊല നടത്തിയത് താനാണെന്ന് സൗമ്യ കുറ്റസമ്മതം നടത്തിയത്. ഇതോടെ സൗമ്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ സൗമ്യയ്ക്ക് അത്തരമൊരു മുഖമുണ്ടെന്നത് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല.
Post Your Comments