ശിവാനി ശേഖര്‍
“കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി..
ഗുണദായിനി,സർവ്വ ശുഭകാരിണി…” ഈ ഗാനം കേൾക്കാത്തവർ വിരളമായിരിക്കും!ഈ ഗാനം കേൾക്കുമ്പോഴൊക്കെ മനസ്സ് മൂകാംബികയിലെ വിദ്യാവിലാസിനിയുടെ പാദപത്മങ്ങളിൽ കുമ്പിട്ട് മടങ്ങി വരാറുണ്ട്! ഈ അവധിക്കാലം വേറിട്ടൊരു യാത്രയായാലോ!
ഭകതിക്കും,വിശ്വാസത്തിനുമപ്പുറം,ആത്മീയ ചൈതന്യം പകരുന്ന “കുടജാദ്രി” മലയിലേക്കുള്ള യാത്ര നല്ലൊരു ട്രക്കിങ് അനുഭവമായിരിക്കും . ഒപ്പം അക്ഷരപുണ്യം പകരുന്ന മൂകാംബികയുടെ അനുഗ്രഹവും തേടാം!
പണ്ടു കാലത്ത്”ഹിരണ്യകപുരം” എന്നറിയപ്പെട്ടിരുന്ന “കൊല്ലൂരിലാണ് സ്വയംഭൂവായ ദേവിയുടെ ക്ഷേത്രം! മലയാളികളുടെ അഭിമാനമായി,മലയാളദേശത്തിന്റെ അതിർത്തിയായ തുളുനാട്ടിലെ ഈ ക്ഷേത്രം അക്ഷരപ്രേമികളെയും കലാകാരന്മാരെയും സംബന്ധിച്ച് ശുഭകാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും പവിത്രമായ സ്ഥാനമായി കരുതുന്നു!
ഔഷധമൂല്യമുള്ള തെളിനീരുമായി മന്ദമൊഴുകുന്ന സൗപർണ്ണികയിൽ മുങ്ങിക്കുളിച്ച്, വലംപിരി ഗണപതിയുടെ മുന്നിൽ ഏത്തമിട്ട്,കിഴക്കേ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച്, ദേവിയുടെ തിരുനടയിൽ തൊഴുതു നില്ക്കുമ്പോൾ പറഞ്ഞറിയിക്കുവാനാകാത്ത ഒരു ചൈതന്യം നെറുകയിൽ തൊട്ടനുഗ്രഹിക്കുന്നത് പോലെ തോന്നും! എങ്ങും ദേവീമന്ത്രങ്ങൾ മാത്രം! അമ്മയുടെ അനുഗ്രഹം മഴയായ് പൊഴിയുന്ന പോലെ! ഇവിടെയൊരു വിശ്വാസമുണ്ട്.. എത്രയൊക്കെ നാം പരിശ്രമിച്ചാലും ദേവി വിളിച്ചാൽ മാത്രമേ ആ തിരുനടയിലെത്താൻ കഴിയുകയുള്ളൂ എന്ന്!
വീരഭദ്രസ്വാമിയും,ത്രിമൂർത്തികളും കാവലായിരിക്കുന്ന നാലമ്പലത്തിനകത്ത് ,സ്വർണ്ണ ശ്രീലകത്ത് , ശംഖ്,ചക്ര,ഗദാധാരിയായി ഭഗവതി ഭക്തകോടികൾക്ക് അനുഗ്രഹമരുളുന്നു! “മഹാകാളി, മഹാസരസ്വതി, മഹാലക്ഷ്മി” ഭാവങ്ങളിൽ ഇവിടെ പൂജകൾ നടത്തുന്നു! സ്വയംഭൂവായ ദേവിയുടെ പ്രതിഷ്ഠയ്ക്ക് പിന്നിലായി ആദിശങ്കരൻ സ്ഥാപിച്ച പഞ്ചലോഹവിഗ്രഹവുമുണ്ട്!
ശ്രീകോവിലിന്റെ പിൻഭാഗത്തെ ഭിത്തിയോട് ചേർന്ന് നിന്ന് ഭക്തർ അമ്മയുടെ ചെവിയിൽ എന്തൊക്കെയോ സ്വകാര്യങ്ങൾ മൊഴിയുന്നുണ്ട്! പുറത്തേക്കിറങ്ങി വരുമ്പോൾ ഇരുവശങ്ങളിലുമായി പഞ്ചമുഖ ഗണപതി, കൈലാസനാഥന്റെ നാലു ഭാവങ്ങളിലായുള്ള പ്രതിഷ്ഠ, മഹാവിഷ്ണു, ഭദ്രകാളി എന്നിങ്ങനെ നിരവധി ചെറിയ ശ്രീകോവിലുകൾ കാണാൻ കഴിയും!
സ്തംഭഗണപതിയുടെ രൂപം കൊത്തിയ ദീപസ്തംഭവും സ്വർണ്ണക്കൊടിമരവും കടന്ന് “സരസ്വതി മണ്ഡപത്തിലെത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തോന്നുക! പേരു കേട്ട നിരവധി കലാകാരന്മാർ, ഗാനഗന്ധർവൻ ശ്രീ യേശുദാസടക്കം നാദമാധുരിയുടെ,നൃത്തകലകളുടെ ദൃശ്യവിരുന്നൊരുക്കുന്ന മഹാമണ്ഡപമാണിത്! ഇവിടുത്തെ പൂജാരിമാർ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് സരസ്വതീ മന്ത്രം പറഞ്ഞു കൊടുത്ത് എഴുത്തിനിരുത്തുന്നതും ഈ മണ്ഡപത്തിലാണ്! സരസ്വതീ ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് തൊട്ടടുത്തുള്ള സുബ്രഹ്മണ്യൻ സ്വാമിയെയും തൊഴുത് സായൂജ്യമടഞ്ഞ് , അദ്ഭുതങ്ങളൊളിപ്പിച്ച് കാത്തിരിക്കുന്ന കുടജാദ്രിയിലേക്ക് യാത്ര തുടങ്ങാം!
കൊല്ലൂർ മൂകാംബികയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട് കുടജാദ്രിയിലേക്ക്! വളരെ ദുർഘടം പിടിച്ച വഴികളാണ് കുടജാദ്രിയിലേക്കുള്ള യാത്രയിൽ നമ്മെ കാത്തിരിക്കുന്നത്! മൂകാംബിക ക്ഷേത്രത്തിനടുത്തു നിന്നും ജീപ്പുകൾ അങ്ങോട്ടേക്കുള്ള യാത്രയ്ക്ക് റെഡിയായി നില്ക്കുന്നു! രാവിലെ 5 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ജീപ്പുകളുടെ സർവീസ് സമയം! എന്തായാലും പുറപ്പെടുന്നതിന് മുൻപ് ഛർദ്ദിയെ തടയാനുള്ള (Anti vomitting medicine) എന്തെങ്കിലും എടുക്കുന്നത് നന്നായിരിക്കും! കാരണം യാത്രയുടെ അവസാനം ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഒരു അവിയൽ പരുവത്തിലായിട്ടുണ്ടാവും! ജീപ്പിലെ യാത്ര ശരിക്കും അതിസാഹസികമാണ്.ഓരോരോ പാറക്കെട്ടുകളിലും കുഴികളിലും ജീപ്പ് എടുത്തു വെച്ചും കയറ്റിയും മാന്ത്രികക്കൈക്കളാൽ ജീപ്പിനെ നിയന്ത്രിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുമ്പോൾ,അമരക്കാരാനായിരുന്ന ഡ്രൈവറുടെ മുന്നിൽ അറിയാതെ കൈകൾ കൂപ്പും!
അല്പം കൂടി സാഹസികതയ്ക്ക് റെഡിയാണെങ്കിൽ വനത്തിലൂടെയുള്ള കാൽനടയാത്ര തിരഞ്ഞെടുക്കാം! “അംബാവനത്തിലൂടെ ഏകദേശം 10 കിലോമീറ്റർ യാത്ര ചെയ്താൽ സർവജ്ഞപീഠത്തിനരുകിലെത്താം!മഴക്കാലത്ത്. വനത്തിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് അഭികാമ്യം!അട്ടയുടെ ശല്യം വളരെക്കൂടുതലാണ് മഴക്കാലത്ത്!
അദ്വൈത, വേദാന്തമരുളിയ ആദിശങ്കരൻ തപസ്സനുഷ്ഠിച്ച സർവജ്ഞപീഠത്തിലേക്കുള്ള കയറ്റത്തിന് തുടക്കമിടുന്നത് താഴ്‌വാരത്തെ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നുമാണ്.ഇവിടം വരെ മാത്രമേ ജീപ്പ് പോവുകയുള്ളൂ.ദദ്രകാളി ക്ഷേത്രത്തിന് തൊട്ടടുത്തായി ക്ഷേത്രപൂജാരി “അഡിഗ”യുടെ വീടും,തീർത്ഥക്കുളവും! തീർത്ഥക്കുളത്തിൽ കാലൊന്നു നനച്ച് കയറ്റം കയറാൻ തുടങ്ങാം! ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ട് സർവ്വജ്ഞ പീഠത്തിലേക്ക്. കുത്തനെയുള്ള കയറ്റം,വഴിയുടെ ഇരുവശങ്ങളിലുമായി നിരവധി വൃക്ഷലതാദികൾ പടർന്നു പന്തലിച്ചു നില്ക്കുന്ന! പേരറിയാത്ത കാട്ടൂപൂക്കൾ ചിരിച്ചു തലയാട്ടി നില്ക്കുന്ന മനോഹര ദൃശ്യങ്ങൾ വഴിയിലുടനീളം കാണാം! ഇടയ്ക്കിടെ തണ്ണിമത്തനും,കുക്കുമ്പറും, കടലയും,സംഭാരവുമൊക്കെ വില്ക്കുന്ന വഴിവാണിഭക്കാരെ കാണാം.
കോടമഞ്ഞ് കോടി പുതപ്പിച്ച കുടജാദ്രിയുടെ ശാന്തവും വശ്യവുമായ ഭാവം ആരുടെയും മനം മയക്കുന്നതാണ്! “”സംസ്കൃതത്തിലെ കൊടകാചലം ആണ് കുടജാദ്രിയായി മാറിയത്! “”കുടജ അഥവാ മുല്ലപ്പൂക്കളുടെ മല എന്നാണ് കുടജാദ്രിയുടെ അർത്ഥം! കുടജാദ്രിയിലെ മഴക്കാടുകളിൽ വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങൾ വസിക്കുന്നുണ്ട്.ആനയും , പുലിയും,സിംഹവും,രാജവെമ്പാലയും എന്നു വേണ്ട ചെറുതും വലുതുമായ നിരവധി മൃഗങ്ങൾ ഇവിടെ വസിക്കുന്നുണ്ട്! ദിവസേന നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന ഇവിടെ ഒരിക്കൽ പോലും ഈ മൃഗങ്ങൾ ആരെയും ശല്യം ചെയ്തിട്ടില്ല എന്നത് വളരെയേറെ അത്ഭുതം ഉളവാക്കുന്ന കാര്യമാണ്! കയറ്റം കയറുന്നതിനനുസരിച്ച് കൈയിലുള്ള വെള്ളത്തിന്റെ ബോട്ടിലും കാലിയാവുന്നുണ്ട്! ഇളവെയിലിന്റെ തലോടലുണ്ടെങ്കിലും കോടയുടെ ആധിക്യം തന്നെയാണ് കൂടുതൽ!
നടപ്പിനവസാനം സർവ്വജ്ഞ പീഠത്തിലേക്കുമ്പോൾ ക്ഷീണമൊക്കെ പമ്പ കടന്നിരിക്കും.”” ആദിശങ്കരൻ തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്നു പറയപ്പെടുന്നു! ശിവലിംഗ പ്രതിഷ്ഠയുമായി ചെറിയൊരു ക്ഷേത്രം! വേദമന്ത്രങ്ങളോതി പൂജാരി കുങ്കുമം പ്രസാദമായി നല്കുന്നു! ഇനിയാണ് ഏറ്റവും സാഹസികമായ യാത്ര.””ചിത്രമൂല” യിലേക്ക്.ആദിശങ്കരനു മുന്നിൽ ദേവി പ്രത്യക്ഷപ്പെട്ടു എന്ന് വിശ്വസിക്കുന്നു പവിത്രസ്ഥാനം! സൗപർണികയുടെ ഉത്ഭവസ്ഥാനം! കുത്തനെയുള്ള ഇടുങ്ങിയ വഴിയിലൂടെ കാട്ടുവള്ളികളുടെയും മറ്റും സഹായത്തോടെ മാത്രമേ ചിത്രമൂലയിലെ ഗുഹാമുഖത്ത് ചെന്നെത്താൻ സാധിക്കുകയുള്ളൂ.വഴുക്കലുകലുള്ള പാറകൾ ധാരാളമുള്ളതിനാൽ സൂക്ഷിച്ചു വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കാൻ! കാട്ടുപൂക്കളും , സൗപർണിക യുടെ ഉറവയും ഭഗവാന് സമർപ്പിച്ച് ജന്മസായൂജ്യം നേടിയ സംതൃപ്തിയോടെ മലയിറങ്ങാം! കഴിയുമെങ്കിൽ കോടമഞ്ഞ് പുതച്ച കുടജാദ്രിയിലെ സൂര്യാസ്തമയം കണ്ടു മടങ്ങുക! വർണ്ണിക്കാനാവാത്ത ദൃശ്യവിസ്മയമായിരിക്കും ആ കാഴ്ച്ച!
മൂകാംബിക ക്ഷേത്രം
==================
മഹാരണ്യപുരത്ത് കോലമഹർഷി എന്ന മഹാമുനി ദേവിയെ പ്രീതിപ്പെടുത്താൻ തപസ്സനുഷ്ഠച്ചിരുന്നു! തൊട്ടടുത്ത് മഹാദുഷ്ടനായ ഒരസുരനും മഹേശ്വരനെ പ്രീതിപ്പെടുത്താൻ തപസ്സനുഷ്ഠച്ചിരുന്നു. അസുരന്റെ തപസ്സിൽ സംപ്രീതനായ മഹേശൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനൊരുങ്ങിയ അസുരനെ ദേവി മൂകനാക്കിയെന്നും, കുപിതനായ അസുരൻ കോലമഹർഷിയെ വധിക്കാൻ തുനിഞ്ഞുവെന്നും തത്സമയം ദേവി അസുരനെ വധിച്ചു എന്നും പറയപ്പെടുന്നു! അതു കൊണ്ടാണത്രേ മൂകാംബിക എന്ന പേര് വന്നത്!
എന്നാൽ ശങ്കരാചാര്യരുടെ തപസ്സിൽ ആകൃഷ്ടയായ ദേവി അദ്ദേഹത്തിന്റെ അഭ്യർത്ഥനപ്രകാരം,കൂടെപ്പോന്നുവെന്നു പറയപ്പെടുന്നു.നിനക്കിഷ്ടമുള്ളടത്ത് എന്നെ പ്രതിഷ്ഠിച്ചോളൂ എന്നും ഞാൻ കൂടെയുണ്ട്, തിരിഞ്ഞ് നോക്കരുതെന്നും ദേവി പറഞ്ഞു.എന്നാൽ ഇടയ്ക്ക് കാൽച്ചിലങ്കയുടെ കിലുക്കം കേൾക്കാതായപ്പോൾ ശങ്കരാചാര്യർ തിരിഞ്ഞു നോക്കുകയും ദേവി അവിടെ വാസമുറപ്പിക്കുകയും ചെയ്തു.അതാണ് ഇന്നത്തെ കൊല്ലൂർ.കുന്താപുര ജില്ലയിലാണ് കൊല്ലൂർ.ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ””ബൈന്തൂർ”” ആണ്.എയർപോർട്ട് “മംഗലാപുരം”. കേരളത്തിൽ നിന്ന് നിരവധി ബസ് സർവ്വീസുകളുമുണ്ട്.കുടജാദ്രിയിൽ ഒരു ദിവസം തങ്ങണമെന്നുണ്ടെങ്കിൽ,മുൻകൂട്ടി ബുക്ക് ചെയ്താൽ അഡിഗയുടെ വീട്ടിലോ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഡോർമെറ്ററിയിലോ താമസിക്കാവുന്നതാണ്. മുരുദേശ്വർ, ഉഡുപ്പി ശ്രീകൃഷ്ണ മാതാ ക്ഷേത്രം എന്നിവിടങ്ങളും സന്ദർശിച്ചു മടങ്ങാം!
Post Your Comments