കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. ഇടതൂര്‍ന്ന കാടും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും കൊണ്ട് മനോഹരമായ വയനാടിന്റെ ഭംഗികാണേണ്ടതാണ്. വയനാട്ടിലെ കുറുവാദ്വീപ്, ഇടക്കല്‍ ഗുഹ, പൂക്കോട്ട് തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്‌മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ .
കബനീനദിയിലുള്ള കുറുവാദ്വീപ് വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടിൽ ഉള്ളത് എന്നതിനാൽ തന്നെ ചില സീസണുകളിൽ പല സ്ഥലങ്ങളും താൽക്കാലികമായി അടച്ചിടാറുണ്ട്.വയനാടിന്റെ നാലു ഭാഗങ്ങളിലായിട്ടാണ് എല്ലാ ടൂറിസം കേന്ദ്രങ്ങളും ഉള്ളത് അതിനാൽത്തന്നെ ഒരു ഭാഗത്തുള്ളത് ഒരു ദിവസവും മറു ഭാഗത്തുള്ളത് അടുത്ത ദിവസവും എന്ന രീതിയിൽ പ്ലാൻ ചെയ്യുക. തിരക്കുള്ള ദിവസങ്ങൾ ആണെങ്കിൽ ഉത്തരവാദിത്ത ടൂറിസം നടത്തുന്ന വില്ലേജ് ടൂറുകൾ തിരഞ്ഞെടുക്കാം.
വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുകയാണ് ബാണാസുരൻ. ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ ബാണാസുര മലയിലെ പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ്. ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. കുത്തനെ കയറ്റം കയറിയാൽ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളില്‍ എത്താം, മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം….
വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ്.
Post Your Comments