തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെടുത്ത വിദേശ വനിത ലീഗയുടെ മൃതദേഹം കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഒരുമാസം മുന്‍പ് കാണാതായ ലീഗയുടെ മൃതദേഹമാണെന്നതിന് 90 ശതമാനം മാത്രമെ സ്ഥിരീകരണം ലഭിച്ചിട്ടുള്ളു., തിരുവല്ലത്ത് നിന്ന് കണ്ടെത്തിയത് വിദേശ വനിത ലീഗയുടെ മൃതദേഹമാണങ്കില്‍, ലീഗ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയാണ് ബലപ്പെടുന്നത്.
മൃതദേഹം കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നതും സംശയത്തിന് ബലം കൂട്ടുന്നു. ലഹരിമരുന്ന് മാഫിയയുടെ ഇടപെടലും അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. റോഡില്‍ നിന്ന് രണ്ട് കിലോമീറ്ററോളം ഉള്ളില്‍ നടപ്പ് വഴി പോലുമില്ലാത്ത സ്ഥലമാണിത് . മദ്യപാനികളുടെയും ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെയും സ്ഥിരം താവളം. ലീഗ ഒറ്റക്ക് ഇവിടെ എത്താനുള്ള സാധ്യത അല്‍പം പോലുമില്ല.
അതുകൊണ്ട് തന്നെ മൃതദേഹം ലീഗയുടേതെങ്കില്‍ ലീഗ എങ്ങിനെ ഇവിടെയെത്തി എന്നതാണ് പ്രധാന ചോദ്യം. മൃതദേഹം വള്ളികളില്‍ കുടുങ്ങിയ നിലയിലാണെന്നതും സംശയം വര്‍ധിപ്പിക്കുന്നു. തൂങ്ങിയോ വിഷം കഴിച്ചോ മരിച്ചതിന്റെ സാഹചര്യത്തെളിവുകളും സമീപത്തെങ്ങുമില്ല. താനും മാസം മുന്‍പ് ഇതേപ്രദേശത്ത് സമാനസാഹചര്യത്തില്‍ മറ്റൊരു മൃതദേഹം കണ്ടെത്തിയതും സംശയം വര്‍ധിപ്പിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ലഭിച്ചേക്കാവുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം ഈ കേസില്‍ ഇനി ഏറെ നിര്‍ണായകമാവും.
തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം തല വേര്‍പ്പെട്ട് അഴുകിയ നിലയിലായിരുന്നു. ലീഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആയുര്‍വേദ ചികിത്സക്ക് എത്തിയ ലീഗയെ കഴിഞ്ഞ മാസം 14 നാണ് കാണാതായത്. സുഹൃത്തിനും സഹോദരിക്കുമൊപ്പമായിരുന്നു പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സക്കായാണ് ലീഗ ഇന്ത്യയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെ കാണാതാകുകയായിരുന്നു. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളെല്ലാം മുറിയില്‍ വച്ചശേഷമാണ് ലീഗ പോയത്.
Post Your Comments