Latest NewsNewsPrathikarana Vedhi

ഇനിയും എത്ര ‘ലിഗ’മാരേയും ‘ശ്രീജിത്ത്’മാരേയും കുരുതി കൊടുത്താല്‍ എല്ലാം ശരിയാകും? ദൈവത്തിന്റെ സ്വന്തം നാട് പാപത്തിന്റെ നരകമായി മാറുമ്പോള്‍

അഞ്ജു പാര്‍വതി പ്രഭീഷ്

“അതിഥി ദേവോ ഭവ: എന്ന ആപ്തവാക്യം അവസരത്തിലും അനവസരത്തിലും എടുത്തുപയോഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു വിദേശവനിതയുടെ ദുരൂഹ മരണം ഉയർത്തിവിടുന്ന ചോദൃശരങ്ങൾ അനവധിയാണ്.നിർഭാഗൃവശാൽ ആ മരണത്തിന്റെ ഉത്തരവാദിത്വവും ഹേതുവും വിരൽചൂണ്ടുന്നത് അടുത്തിടെയായി ഏറെ വിവാദങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന നമ്മുടെ ആഭ്യന്തരവകുപ്പിലേക്കും പോലീസ് സേനയിലേക്കുമാണ്. വരാപ്പുരയിലെ കസ്റ്റഡി മരണം നമ്മുടെ നീതിപാലനത്തിനേറ്റ കടുത്ത അപമാനമാണെങ്കിൽ ലിഗയുടെ തിരോധാനവും മരണവും സംസ്ഥാന പോലീസിന്റെ കരണത്തേറ്റ കനത്ത പ്രഹരമാണ്. അഹം ബുദ്ധിയെ കീഴടക്കിയ, ധാർഷ്ട്യം സിരകളിൽ ആവാഹിച്ച ആഭ്യന്തരമന്ത്രി കൂടിയായ നമ്മുടെ മുഖ്യന്റെ ഭരണത്തിനേറ്റ വൻ തിരിച്ചടി കൂടിയാകുന്നു ഈ രണ്ട് മരണങ്ങൾ അഥവാ കൊലപാതകങ്ങൾ..

ഒരു ഡസൻ ഡി.ജി.പിമാരുളള കേരളം! ജില്ലാ ആസ്ഥാനങ്ങളിൽ പോലും ഡി.ജി.പി കസേരയുള്ള പോലീസ് സേന.! ഒരു ഡസനിലേറെ ഉപദേശകരുളള ആഭ്യന്തരമന്ത്രി! കടലാസിൽ അച്ചടിക്കാൻ അലങ്കാരങ്ങൾ ഏറെയുളള ഈ വകുപ്പിന്റെ കെടുകാര്യസ്ഥത വെളിച്ചത്തിൽ കൊണ്ടു വന്നിരിക്കുന്നത് ഈ രണ്ട് സംഭവങ്ങളാണ്. സർക്കാർ മാറുമ്പോൾ ആളെ മാറ്റേണ്ട തസ്തികയായി എന്നേ കുത്തഴിഞ്ഞു പോയി ഡി.ജി.പി കസേര. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്ന വിശേഷണം കൃത്യമായി ഇവിടെ ചേർക്കാവുന്നതാണ്.ഡി.ജി.പിയായിരിക്കെ സെൻ കുമാറിനെ നിയമവിരുദ്ധമായി മാറ്റാനും അവഹേളിക്കാനും ഔദ്യോഗിക തലത്തിൽ നടന്ന നീക്കങ്ങൾ അങ്ങാടിപ്പാട്ടാണ്. ഇതൊക്കെ സാക്ഷ്യം വഹിച്ച ജനങ്ങൾക്ക് പിന്നെങ്ങനെ ആ കസേരയോടും അതിലിരിക്കുന്ന വ്യക്തിയോടും ബഹുമാനം തോന്നും? പോലീസിനെ രാഷ്ട്രീയവൽക്കരിച്ചതാണ് പോലീസ് സേനയിലെ അച്ചടക്കമില്ലായ്മയ്ക്ക് മുഖ്യ കാരണം. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശങ്ങൾക്കനുസരിച്ച്  ചലിക്കുന്ന പാവകളായി പോലീസുദ്യോഗസ്ഥരിൽ ഭൂരിപക്ഷവും മാറിയപ്പോൾ കാര്യക്ഷമതയും അച്ചടക്ക -നീതി ബോധമുളള ഒരു ചെറിയ ശതമാനം ഓഫീസർമാർക്ക് ആ സേനയിൽ വിലയില്ലാതായി.

കസ്റ്റഡിമരണങ്ങൾ എന്നും കേരളാപോലീസിനും ആ വകുപ്പിനും തലവേദന തന്നെയായിരുന്നു.രാജനിൽ തുടങ്ങി ജോസ് സെബാസ്ത്യൻ, അബു,ഉദയകുമാർ, ശ്രീജീവ് മുതലിങ്ങോട്ട് ശ്രീജിത്തിൽ വരെയതെത്തി നില്ക്കുന്നു. ശ്രീജിത്തിനെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത രീതി ഒന്നവലോകനം ചെയ്താൽ മനസ്സിലാകും അതിനു പിന്നിലെ രാഷ്ട്രീയ കുബുദ്ധി. ഒരു കൊടും കുറ്റവാളിയെ അറസ്റ്റു ചെയ്യുന്ന പോലെ മഫ്തിയിൽ പോയി അർദ്ധരാത്രിയിലാണ് കിടന്നുറങ്ങുന്ന ഒരാളെ അറസ്റ്റു ചെയ്തത്.അതും വെറും സംശയത്തിന്റെ ആനുകൂല്യത്തിൽ.. ഒരാളെ ലോക്കപ്പിലിടുന്നതിനു മുന്നേ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന സുപ്രീം കോടതിയുടെ വിധി കാറ്റിൽപ്പറത്തിയെന്നതിന്റെ നേർസാക്ഷ്യമാണ് ആ കൊല.. പോലീസ് സേനയിലെ നല്ലനടപ്പിനെ കുറിച്ച് വാചാലനായ ഡി.ജി.പി. വായടയ്ക്കുന്നതിനു മുന്നേ തന്നെ ഒരു നിരപരാധിയെ മൃഗീയമായ മർദ്ദനത്തിരയാക്കി കൊന്ന് നമ്മുടെ പോലീസുകാർ മാതൃക കാട്ടി. അതുമാത്രമോ കൊല്ലപ്പെട്ട ശ്രീജിത്തിനെ കുറ്റവാളിയായി ചിത്രീകരിക്കാൻ പണിപ്പെട്ട പോലീസ് പിന്നീട് പരസ്പരവിരുദ്ധമായി പറയാനും തുടങ്ങി.

ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസിനോടും അതിന്റെ ഇരയുടെ കുടുംബാംഗങ്ങളോടും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യൻ തുടക്കകാലത്ത് കാട്ടിയ അവഗണന ജനാധിപത്യത്തിനു നേരെയുളള അവഗണന തന്നെയാണ്.പലപ്പോഴും ഒരു വെറും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മാത്രം പോകുന്ന അദ്ദേഹം എന്നാണ് ജനഹിതമറിയുന്ന മുഖ്യമന്ത്രിയാവുന്നത് ആവോ? ഉത്തരേന്ത്യയിൽ ഒന്ന് തുമ്മിയാൽ പോലും ശക്തയുക്തം പ്രതികരിക്കുന്ന അദ്ദേഹം ഇവിടെ ഈ വിഷയത്തിന്മേൽ എത്ര കണ്ടു പ്രതികരിച്ചുവെന്നത് ശ്രദ്ധേയം.താൻ അധികാരം കയ്യാളുന്ന പോലീസ് വകുപ്പ് ഒരു നിരപരാധിയുടെ ജീവിക്കാനുളള അവകാശത്തെ തല്ലിക്കെടുത്തിയിട്ട് ആ കുടുംബാംഗങ്ങളെ ഒന്ന് പോയി കാണുവാനുളള മനസ്സ് ഇതുവരെ കാണിച്ചിട്ടില്ല. ഇരട്ട ചങ്കുണ്ടായിട്ട് കാര്യമില്ല, അതിനുള്ളിൽ മനുഷ്യത്വമില്ലെങ്കിൽ പിന്നെന്തു കാര്യം?

ലിഗയുടെ തിരോധാനവും മരണവും നമ്മുടെ പോലീസ് സേനയുടെ ഭാഗത്തു നിന്നുമുളള തികഞ്ഞ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.മാർച്ച് 14 നു പോത്തൻകോട്ടെ യോഗാ കേന്ദ്രത്തിൽ നിന്നും അപ്രത്യക്ഷയായ യുവതി അന്നു തന്നെ കോവളത്തെത്തിയതിനു സാക്ഷിയുണ്ട്. ആ തിരോധാനം മാൻ മിസ്സിങ്ങ് ആയി പോത്തൻകോട് സ്റ്റേഷനിൽ രജിസ്റ്ററും ചെയ്തതാണ്. കോവളത്ത് യുവതിയെ കണ്ടുവെന്നറിഞ്ഞിട്ടും അതിനെ കുറിച്ച് കോവളം സ്റ്റേഷനിലേയ്ക്ക് വിളിച്ചു പറയാൻ പോത്തൻകോട്ടെ പോലീസ് സ്റ്റേഷനിലെ ഓഫീസർമാർ വൈകി. അതിന്റെ ഫലമോ കേരളമൊട്ടാകെ തെരഞ്ഞു ഇലിയസും ആൻഡ്രൂസും അശ്വതി ജ്വാലയും നടക്കുമ്പോഴേക്കും ലിഗ  ജീവനില്ലാത്ത  ഒരു പേരായി മാത്രം മാറിക്കഴിഞ്ഞിരുന്നു. കോവളത്തെത്തിയെന്നറിഞ്ഞ ലിഗയെ ആ പരിസരങ്ങളിൽ കാര്യക്ഷമമായി തിരയാൻ പോലീസിനു കഴിഞ്ഞിരുന്നുവെങ്കിൽ ലിഗ ഇന്ന് ജീവനോടെ ഈ ഭൂമിയിൽ അവശേഷിച്ചേനെ. ഹെൽമറ്റ് വേട്ടയ്ക്കിറങ്ങുന്ന പോലീസുകാർ എത്ര കാര്യക്ഷമമായിട്ടാണ് ഊടുവഴികൾ പോലും തിരയുന്നത്.മാർച്ച് 14 നു കോവളത്തെത്തിയ ലിഗയെ അതേ സ്ഥലത്തു നിന്നും ഏകദേശം മൂന്നു കിലോമീറ്റർ മാറി വാഴമുട്ടത്തെ ചേന്തി ലക്കരിയെന്ന വിജനമായ സ്ഥലത്തു നിന്നും 39 ദിവസത്തിനു ശേഷം ജീർണ്ണിച്ച ശരീരമായി കണ്ടെടുത്തപ്പോൾ ചോദ്യമുയർന്നത് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥയെ കുറിച്ച് മാത്രമാണ്. ഇപ്പോൾ കൊലപാതകത്തിന്റെ തെളിവു ശേഖരിക്കാൻ ചേന്തിലക്കരി അടിമുടി ഇളക്കി തിരയുന്ന പോലിസ് അന്ന് ഇതിന്റെ നൂറിലൊരംശം ആത്മാർത്ഥത കാണിച്ചുവെങ്കിൽ അവർ ലാത്വിയയിലേക്ക് ഇലീസിനൊപ്പം ചിരിച്ചുക്കൊണ്ട് മടങ്ങിയേനെ..

ലിഗയുടെ മരണം വിരൽ ചൂണ്ടുന്നത് നമ്മുടെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ കൂടിയാണ്. കോവളമെന്ന പ്രശസ്തമായ ബീച്ചിലെ നിരീക്ഷണ ക്യാമറകളുടെ അഭാവം ഈ സംഭവത്തോടെ വെളിയിൽ വന്നിരിക്കുകയാണ്. ചില കടകളിലും ഹോട്ടലുകളിലും മാത്രമാണ് ഇവിടെ ക്യാമറയുള്ളത്. ഇത് ടൂറിസം മേഖലയുടെ സുരക്ഷാപാളിച്ചയാണ് എടുത്തുകാട്ടുന്നത്. അതുപോലെ തന്നെ പോലീസും തുറന്നു പറയുന്നുണ്ട് ഈ പ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധശല്യം. പതിനായിരകണക്കിനു ടൂറിസ്റ്റുകൾ വരുന്ന ടൂറിസ്റ്റു കേന്ദ്രങ്ങൾക്കടുത്ത് സജീവമാകുന്ന മാഫിയകളുടെ പ്രവർത്തനത്തിനു തടയിടാൻ പോലീസിനു കഴിയുന്നില്ലെങ്കിൽ പിന്നെന്തിനു ആഭ്യന്തര വകുപ്പ്?? സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്ന പ്രദേശമെന്നു പോലീസിനു തന്നെയറിയാവുന്ന സ്ഥലത്ത് നിന്നും ഒരു വിദേശവനിത കാണാതാവുന്നുവെന്ന പരാതി കിട്ടിയ പോലീസ് എന്തുകൊണ്ട് അന്വേഷണം ആ മേഖലകളിൽ വ്യാപിപ്പിച്ചില്ല.?അപ്പോൾ പോലീസ് തന്നെയല്ലേ ഇവിടെയും തെറ്റുകാർ??

Ligacaseപൗരന്റെ ജീവനും സ്വത്തിനും മാന്യതയ്ക്കും കാവലാൾ ആവേണ്ടവരാണ് നിയമപാലകർ.വിദേശികൾ നമ്മുടെ അതിഥികളും. അപ്പോൾ ആ അതിഥികളുടെ ജീവനും സ്വത്തിനും കാവൽ നില്ക്കേണ്ടതും സുരക്ഷ നല്കേണ്ടതും നിയമപാലകരും ഭരണകൂടവുമാണ്. കുറ്റവാളിയെന്നു സംശയം തോന്നുന്ന ആളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനും പോലീസിനു അധികാരമുണ്ട്.പക്ഷേ ചോദ്യം ചെയ്യാൻ മൂന്നാംമുറ പ്രയോഗിക്കുന്നത് അപരിഷ്കൃതവും കാടൻ രീതിയുമാണ്.ഉരുട്ടലും ചൂരൽപ്രയോഗവും ഈ ഡിജിറ്റൽ യുഗത്തിലും പോലീസ് പ്രയോഗിക്കുന്നുവെങ്കിൽ ഹേഡ് കുട്ടൻ പിളള മാർ ഇപ്പോഴും സ്റ്റേഷൻ ഭരിക്കുന്നുവെങ്കിൽ നാം ഒരടി മുന്നോട്ടുപോകുമ്പോൾ പോലീസ് സേന മൂന്നടി പിന്നോട്ടു പോകുന്നുവെന്നു വേണം അനുമാനിക്കാൻ.. കാലത്തിനു വല്ലാത്തൊരു കാവ്യനീതിയുണ്ട്. ഈച്ചരവാര്യർ എന്നൊരച്ഛനെയും രാജനെന്ന മകനെയും മറക്കാൻ മലയാളികൾക്ക് കഴിയില്ല.രാജൻ കേസ് ഒരു സ്റ്റേറ്റ് സ്പോൺസേർഡ് മർഡർ ആണെന്നാരോപിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനെ മുഖ്യ കുറ്റവാളിയായി എന്നും ചിത്രീകരിച്ചതും അവർ തന്നെ. എങ്കിൽ ശ്രീജിത്തിന്റെതും ഒരു സ്റ്റേറ്റ് സ്പോൺസേർഡ് മർഡർ തന്നെയല്ലേ? ഒരർത്ഥത്തിൽ ലിഗയുടെയും ശ്രീജിത്തിന്റേയും മരണത്തിനു ഉത്തരവാദി ഭരണകൂടം മാത്രമാണ്.. ഈ രീതിയിൽ പോയാൽ പൊതു ജനം ഭരണത്തിനെയും ഭരണാധികാരിയെയും “കടക്കൂ പുറത്ത് ” എന്നാട്ടി ഓടിക്കുന്ന കാലം വിദൂരമല്ല തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button