KeralaLatest NewsNews

ലീഗയ്ക്കു മുൻപും ഇവിടെ നിന്ന് ജീർണ്ണിച്ച ശരീരം കിട്ടി : കാഴ്ചയുടെ ആഘാതം മാറാതെ വിഷ്ണുവും ആനന്ദും

കോവളം: വളരെ വിജനമായ സ്ഥലത്താണു ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. സ്ഥലപരിചയമില്ലാത്ത ഒരു വിദേശിക്കു പരസഹായമില്ലാതെ ഇവിടെ എത്തിപ്പെടുക എളുപ്പമല്ലെന്നു പൊലീസ് പറയുന്നു. അതേസമയം, മനുഷ്യർ തീരെയെത്താത്ത സ്ഥലവുമല്ല. ഏകദേശം ഒരു കിലോമീറ്ററിലേറെ നീളത്തിലുള്ള കണ്ടൽ വനത്തിനുള്ളിൽ നടവഴികൾ കാണാം. മീൻപിടിക്കാനെത്തിയ യുവാക്കൾ മൃതദേഹം കാണുന്നതിനു മുൻപ് ഇതുവഴി പോയ ആരെങ്കിലും കണ്ടിട്ടുണ്ടാവുമെന്നും ഭയം കാരണം പുറത്തു പറയാതിരുന്നതാവാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സാമൂഹികവിരുദ്ധരുടെ താവളമാണിതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പകൽ പോലും ആളെത്താൻ മടിക്കുന്ന കണ്ടൽ കാട്ടിനുള്ളിൽ ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമുണ്ടെന്ന വിവരം പുറം ലോകത്തെ അറിയിച്ചത് രണ്ടു യുവാക്കൾ ആണ്. പ്രദേശവാസികളായ വിഷ്ണുവും ആനന്ദും, വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കരമന-കിള്ളി-പാർവതീ പുത്തനാ‍റുകൾ ചേർന്ന കണ്ടൽ കാട് തീരത്തു ചൂണ്ടയിടാൻ പോയതായിരുന്നു. ഇടയ്ക്കു വീശുന്ന കാറ്റിൽ കടുത്ത ദുർഗന്ധം. അത്ര പന്തിയല്ലാത്ത ആ ദുർഗന്ധത്തിന്റെ ഉറവിടം തേടിച്ചെന്ന ഇരുവരും ഞെട്ടി. കാലുകൾ നീട്ടിവച്ച നിലയിൽ മനുഷ്യരൂപം.

പേടിച്ചരണ്ടു കാടിനു പുറത്തേക്കോടി കുറ്റിക്കാട് നിറഞ്ഞ നടവഴി വഴി പാഞ്ഞ ഇവരെ കടത്തുതോണി കടവത്തു തൊണ്ടു തല്ലുന്ന സ്ത്രീകൾ കണ്ടു കാര്യം ചോദിച്ചു. അവരാണു സ്ഥലത്തെ പൊതുപ്രവർത്തകരോട് ഉടൻ ഇക്കാര്യം പറയാൻ നിർദേശിച്ചത്. അവർ വഴി പൊലീസിലും വിവരമെത്തുകയായിരുന്നു. വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ കണ്ടൽ കാട്ടിൽ ഏതാനും മാസം മുൻപ് ഒരു അസ്ഥികൂടം കണ്ടെത്തിയിരുന്നു. പ്രദേശവാസിയായ അശോകൻ എന്നയാൾ ഇവിടെ തൂങ്ങിമരിച്ചതാണെന്നു പിന്നീടു സ്ഥിരീകരിച്ചു.

എന്നാൽ, ബന്ധുക്കൾ പരാതി നൽകിയിട്ടും തുടരന്വേഷണം ഉണ്ടായില്ലെന്നു പരാതിയുണ്ട്. അസ്ഥികൂടത്തിനു സമീപത്തുനിന്നു കിട്ടിയ കറുത്ത മുത്തുമാല, വസ്ത്രം എന്നിവയാണു മരിച്ചയാളെ തിരിച്ചറിയാൻ സഹായകമായത്. അന്നു വിശദമായ അന്വേഷണം നടന്നിരുന്നെങ്കിൽ ഈ സ്ഥലത്തു പൊലീസിന്റെ ശ്രദ്ധ കൂടുതലായി എത്തുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button