മലയാളത്തിലെ കോമഡി താരമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചവർണ്ണതത്ത’. ഈ ചിത്രത്തിലൂടെ നടനും നിർമ്മാതാവുമായ മണിയന്‍ പിള്ള രാജുവിനു ലഭിച്ച അപൂര്‍വ നേട്ടത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ രമേഷ് പിഷാരടി.
സാധാരണ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ പൊലീസ് വേഷവും തൊപ്പിയും ചട്ടിയും പോലുള്ള സാധനങ്ങളാണു നിര്‍മാതാവിനു സെറ്റില്‍ നിന്നു ലഭിക്കുക. എന്നാൽ പഞ്ചവർണ്ണതത്ത കഴിഞ്ഞപ്പോൾ രാജു ചേട്ടന്‍ ഒരു പെറ്റ് ഷോപ്പിന്റെ ഉടമയായിരിക്കുന്നു’. ചിത്രത്തിൽ ജയറാമേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പെറ്റ്‌ഷോപ്പ് ഉടമയാണ്. അതിനുവേണ്ടി വാങ്ങിയതാണ് ഈ ജീവികളെയെല്ലാം. എന്നാൽ ഒട്ടകത്തെ കിട്ടാതെ വന്നപ്പോൾ രാജസ്ഥാനിൽ നിന്ന് ഒരു ലക്ഷം കൊടുത്ത് വാങ്ങുകയായിരുന്നു.
തിരുവനന്തപുരത്തു പെറ്റ് ഷോപ്പ് നടത്തുന്ന രണ്ടു സുഹൃത്തുക്കളാണ് ഒട്ടകത്തെ വാങ്ങി ലോറിയില്‍ എത്തിച്ചത്. കയ്യിലെടുത്താല്‍ തൂവല്‍ പൊഴിഞ്ഞു പോകുന്ന കോഴിയടക്കമുള്ള പല പക്ഷികളെയും പല സ്ഥലങ്ങളില്‍ നിന്നു വാങ്ങി. പത്തോളം പട്ടികള്‍, പൂച്ചകള്‍ എന്നിവയെ വാടകയ്‌ക്കെടുത്തു. ഇവയെയെല്ലാം ഇണങ്ങാന്‍ ഷൂട്ടിങ്ങിന് ഒരു മാസം മുന്‍പു തന്നെ വെള്ളൂരില്‍ വാടകയ്‌ക്കെടുത്ത, വലിയ മുറ്റവും പറമ്പുമുള്ള വീട്ടില്‍ കൊണ്ടുവന്നു. പരിപാലിക്കാന്‍ നാലുപേരുമുണ്ടായിരുന്നു. ജീവികളെ ഷൂട്ടിങ്ങിന് ഉപയോഗിക്കാന്‍ പ്രതിബന്ധങ്ങള്‍ പലതാണ്.
മൃഗസംരക്ഷണ വകുപ്പില്‍ നിന്നു മുന്‍കൂര്‍ അനുമതി വാങ്ങി മാര്‍ഗ നിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചായിരുന്നു ഷൂട്ടിങ്. സെറ്റില്‍ മൃഗ ഡോക്ടര്‍ സ്ഥിരമായുണ്ടായിരുന്നു. ഓരോ ഷോട്ടിനു മുന്‍പും ശേഷവും ഡോക്ടര്‍ പരിശോധിച്ച് ഇവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നു സാക്ഷ്യപ്പെടുത്തണം. അഭിനേതാക്കള്‍ക്ക് ആഹാരം സമയത്തു കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ല. പക്ഷേ, ഈ ജീവികള്‍ക്ക് ആഹാരം വൈകിയാല്‍ ഡല്‍ഹിയില്‍ നിന്നാണ് അന്വേഷണമെത്തുക.
അരുമകളായ താരങ്ങളായി തന്നെയാണു രാജു ചേട്ടന്റെ മേല്‍നോട്ടത്തില്‍ അവയെ പരിപാലിച്ചത്. സംവിധായകന്‍ എന്ന നിലയില്‍ വലിയ വെല്ലുവിളിയും രസവും ഈ ജീവികളെ സിനിമയില്‍ അഭിനയിപ്പിക്കുന്നതായിരുന്നു. എമു അടക്കം പല ജീവികളെയും വളര്‍ത്തിയ ചരിത്രമുള്ള സലിം കുമാര്‍ ചേട്ടന്‍ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒട്ടകത്തെ ചോദിച്ചതാണ്. പക്ഷേ, അതിപ്പോള്‍ തിരുവനന്തപുരത്തുണ്ട്. പക്ഷികള്‍ പാലായിലുള്ള എന്റെ സുഹൃത്തിന്റെ വീട്ടിലും. രമേഷ് കൂട്ടിച്ചേര്‍ത്തു.
Post Your Comments