ന്യൂഡല്‍ഹി: നിരവധി ലക്ഷ്യങ്ങളുമായി പുതിയ വെബ്സൈറ്റ് വികസിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പ്രധാനമായും രണ്ട് പ്രത്യേകതകളാണ് പുതിയ വെബ്സൈറ്റിനുള്ളത്. വിവിധ മൊബൈല്‍ കമ്പനികളുടെ ഫോണ്‍ നിരക്കുകളും പ്ലാനുകളുമായിരിക്കും വെബ്സൈറ്റിലുണ്ടാവുക. മറ്റൊരു പ്രധാന പ്രത്യേകത എന്തെന്നാല്‍ നിലവിലുള്ള എല്ലാ മൊബൈല്‍ നിരക്കുകളും പ്രസ്തുത വെബ്സൈറ്റില്‍ ലഭ്യമാണ് എന്നതാണ്.
അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് ഓരോ കമ്പനിയുടെയും നിരക്കുകള്‍ താരതമ്യം ചെയ്യാനാകും. സര്‍ക്കാര്‍ പിന്തുണയില്‍ ഇത്രയും സുതാര്യമായി മൊബൈല്‍ നിരക്കുകള്‍ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു. വെബ്സൈറ്റ് പരിശോധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്കും 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനില്‍ ഗുപ്ത അറിയിച്ചു. ട്രായ്യെ അറിയിച്ചിട്ടുള്ള എല്ലാ നിരക്കുകളും വെബ്സൈറ്റിലുണ്ടാകും.
സാധാരണ നിരക്കുകള്‍, സ്പെഷല്‍ താരിഫ് വൗച്ചറുകള്‍, പ്രമോഷനല്‍ താരിഫുകള്‍ വാല്യു ആഡഡ് സര്‍വീസ് പായ്ക്കുകള്‍ തുടങ്ങിയവയും വെബ്സൈറ്റിന്റെ ബീറ്റ വേര്‍ഷനില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹി സര്‍ക്കിളിലുള്ളവര്‍ക്കുമാത്രമാണ് ഇതു ലഭ്യമാകുക. പൊതുജനങ്ങളില്‍നിന്നു അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം എല്ലാ സര്‍ക്കിളുകളിലെയും നിരക്കുകള്‍ ഇതിലുള്‍പ്പെടുത്തും.
ഉപഭോക്താക്കളുടെ എളുപ്പത്തിനായി വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ട്രായ്യുടെ വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്കു മാത്രമല്ല, കമ്പനികള്‍ക്കും ഈ വെബ്സൈറ്റ് താരതമ്യ പഠനത്തിനുപകരിക്കുമെന്നും ട്രായി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Post Your Comments