രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ. വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് വിപണി വിഹിതം വീണ്ടും ഇടിഞ്ഞിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കേരളത്തിലെ വരിക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവാണ് ജൂൺ മാസത്തിൽ രേഖപ്പെടുത്തിയത്. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ 42,202 വരിക്കാരാണ് വോഡഫോണിനെ ഉപേക്ഷിച്ചത്. ഇതോടെ, വോഡഫോണിന്റെ കേരളത്തിലെ മൊത്തം വരിക്കാരുടെ എണ്ണം 1,42,03,663 ആയി ചുരുങ്ങി.
ഇത്തവണ കൂടുതൽ വരിക്കാരെ നേടി കേരളത്തിലും ഇന്ത്യയിലും ഒന്നാമതെത്തിയിരിക്കുന്നത് ജിയോയാണ്. കേരളത്തിലെ കണക്കനുസരിച്ച്, ജൂണിൽ മാത്രം 71,204 പുതിയ വരിക്കാരെ നേടാൻ ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 47,022 വരിക്കാരുമായി ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്. 10,079 വരിക്കാരെ മാത്രമാണ് ബിഎസ്എൻഎല്ലിന് നേടാൻ സാധിച്ചത്. ജൂൺ മാസം രാജ്യത്തെ മൊത്തം ടെലികോം വരിക്കാരുടെ എണ്ണത്തിൽ 0.11 ശതമാനത്തിന്റെ പ്രതിമാസ വളർച്ച നിരക്കാണ് രേഖപ്പെടുത്തിയത്. അതേസമയം, മൊബൈൽ ഫോൺ വിപണിയുടെ, 38.35 ശതമാനം ജിയോയുടെ കൈകളിലാണ്. 32.68 ശതമാനം മാത്രമാണ് എയർടെലിന്റെ വിപണി വിഹിതം.
Also Read: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Post Your Comments