പട്ന: ദളിത് വിഭാഗങ്ങളുമായി പ്രശ്നങ്ങൾ നടക്കുന്ന സാഹചര്യത്തിൽ പുതിയ പദ്ധതി രൂപീകരിച്ച് ബി.ജെ.പി രംഗത്ത്. ദളിത് വിഭാഗങ്ങളുമായി കൂടുതൽ അടുക്കാനായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പട്നയിൽ ദലിത് വിഭാഗക്കാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ബിഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വച്ച് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു പരിപാടി.
ദലിത് വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ചീമ കോത്തി മേഖലയിൽ തടിപ്പാലത്തിനുള്ള ശിലാസ്ഥാപനവും കേന്ദ്ര ഐടി, നിയമ മന്ത്രികൂടിയായ രവിശങ്കർ പ്രസാദ് നിർവഹിച്ചു. ദലിത് കേന്ദ്രത്തിലെത്തിയ രവിശങ്കർ പ്രസാദ് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി.
തുടർന്ന് കേന്ദ്രസർക്കാർ ദലിതർക്കായി ഏർപ്പെടുത്തിയ പദ്ധതികളെക്കുറിച്ചും മറ്റും അവരെ ബോധവൽക്കരിക്കണമെന്നും പ്രശ്നങ്ങൾ നേരിട്ടറിയാൻ ദലിത് ഭൂരിപക്ഷ മേഖലകൾ സന്ദർശിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം പാർട്ടി എംഎൽഎമാർക്കു നിർദേശം നൽകിയിരുന്നു. ദലിത് വിഭാഗക്കാർക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും നിർദേശിച്ചിരുന്നു.
ബിഹാർ മന്ത്രിയും ബിജെപി നേതാവുമായ നന്ദ്കിഷോർ യാദവും രണ്ട് എംഎൽഎമാരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ രവിശങ്കർ പ്രസാദ് തന്റെ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
Post Your Comments