കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്തെ ഇടവഴി കടന്നെത്തുന്ന വീട്ടില്‍ അവരെല്ലാം ഉണ്ടായിരുന്നു. മുറ്റത്തുള്ള കസേരകളില്‍ കൂട്ടുകാരനെ വിട്ടുപോകാന്‍ കഴിയാത്ത ചങ്ങാതിമാര്‍. അകത്തുനിന്നു പുറത്തേക്ക് വരുന്ന അടക്കി പിടിച്ച തേങ്ങലുകള്‍ക്കപ്പുറം ഒരമ്മ, അച്ഛന്‍. കല്ല്യാണ വാര്‍ഷിക ദിനത്തില്‍ സമ്മാനവുമായി വരേണ്ടിയിരുന്ന ഭര്‍ത്താവിന്റെ നിശ്ചല ശരീരം കാണേണ്ടിവന്ന അഖില. അച്ഛനെവിടെ എന്ന ചോദ്യവുമായി മൂന്നുവയസുകാരി മകള്‍, അവരുടെയെല്ലാം ജീവന്‍ ആ വീടിന്റെ തൊടിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. ദൃശ്യങ്ങളെല്ലാം കരളലിയിക്കുന്നതായിരുന്നു.
”കുറച്ചുവെള്ളം കൊടുക്കാന്‍ ആ സാറ് സമ്മതിച്ചില്ല ” വിതുമ്പലുകള്‍ക്കിടയില്‍ അമ്മ ശ്യാമളയ്ക്ക് അത്രയേ പറയാന്‍ കഴിയുന്നുള്ളു. അരികില്‍ നിറകണ്ണുകളോടെ ശ്രീജിത്തിന്റെ അച്ഛന്‍ രാമകൃഷ്ണനും സഹോദരനും. വീടിന്റെ അത്താണിയായിരുന്നു ശ്രീജിത്ത്. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവന്‍. ടൈൽ പണികഴിഞ്ഞ് വീട്ടിലെത്തി പിതാവിനൊപ്പം മീന്‍ പിടിക്കാനും പോയാണു കുടുംബം പുലര്‍ത്തിയിരുന്നത്. ഇന്നലെയായിരുന്നു ശ്രീജിത്തിന്റെയും അഖിലയുടെയും അഞ്ചാം വിവാഹ വാര്‍ഷികം. അത് ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണു ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
വിവരമറിഞ്ഞു ബോധരഹിതയായ അഖിലയെ ശ്രീജിത്തിന്റെ മൃതദേഹമെത്തുന്നതിനു തൊട്ടു മുന്‍പാണ് ആശുപത്രിയില്‍നിന്നെത്തിച്ചത്. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യയെ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷ പോലീസ് തടഞ്ഞെന്നും പരാതിയുണ്ട്. ശ്രീജിത്തിന്റെ മൃതദേഹം കാണാനായി കൊണ്ടുപോകുമ്പോഴായിരുന്നു പോലീസിന്റെ ക്രൂരത. ശ്രീജിത്തിന്റെ മരണവിവരം അറിഞ്ഞ് ബോധരഹിതയായ ഭാര്യ അഖില എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവിടെനിന്നും വീട്ടിലേക്കു ഓട്ടോറിക്ഷയില്‍ പോകുംവഴിയായിരുന്നു സംഭവം.
ഗതാഗത നിയമം തെറ്റിച്ചുവെന്നു പറഞ്ഞ് പോലീസ് ഓട്ടോറിക്ഷ തടയുകയായിരുന്നു. ശ്രീജിത്തിന്റെ ഭാര്യയാണെന്നും വീട്ടില്‍ ഉടന്‍ എത്തണമെന്നു കൂടെയുള്ള ബന്ധു പറഞ്ഞെങ്കിലും ഇവര്‍ വിട്ടയയ്ക്കാന്‍ തയാറായില്ല. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എത്തി ഇവരെ വിട്ടയയ്ക്കുകയായിരുന്നു. തന്നെയും സഹോദരനെയും സ്‌റ്റേഷനിലെത്തിയപ്പോള്‍ മുതല്‍ മര്‍ദിക്കാന്‍ തുടങ്ങിയതാണെന്നു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് പറഞ്ഞു. ജീവനൊടുക്കിയ വാസുദേവന്റെ മകന്‍ വിനീഷ് പോലീസിനു നല്‍കിയ മൊഴിയില്‍ ശ്രീജിത്തിന്റെയോ സഹോദരന്‍ സജിത്തിന്റെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
വാസുദേവന്റെ വീടു കയറി ആക്രമണം നടത്തിയതില്‍ ശ്രീജിത്തിനു പങ്കുണ്ടെന്നു സി.പി.എം. നേതാവായ പരമേശ്വരന്‍ മൊഴി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്നു പരമേശ്വരന്‍ വ്യക്തമാക്കി. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുതിയ വെളിപ്പെടുത്തലുകള്‍. പ്രതികളുടെ പട്ടിക തികയ്‌ക്കാന്‍ നടത്തിയ നീക്കമാണു ശ്രീജിത്തിന്റെയും സജിത്തിന്റെയും അറസ്‌റ്റിലേക്ക് വഴിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments