രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ വീണ്ടും ബാര്‍ക്കോഴ കേസ് ചര്‍ച്ചയാകുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതി ബാര്‍ കോഴക്കേസ് ഇന്ന് പരിഗണിക്കും. കേസില്‍ മുന്‍മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയുടെ പരിഗണനയിലേയ്ക്ക്. ബാര്‍ക്കോഴ കേസില്‍ മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമത്ത റിപ്പോര്‍ട്ടാണ് കോടതി പരിഗണിക്കുന്നത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ മാണിക്കെതിരെ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സീഡിയില്‍ കൃത്രിമമുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായും വിജിലന്‍സ് എസ്.പി കെ.ഇ. ബൈജു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ ഉടമകളില്‍നിന്ന് മാണി കോഴ വാങ്ങിയതിന് തെളിവില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ബാര്‍ കോഴക്കേസില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വിജിലന്‍സ് റിപ്പോട്ടിനെതിരെ വിഎസ് അച്യുതാനന്ദനും വൈക്കം വിശ്വനും വിഎസ് സുനില്‍കുമാറും ഉള്‍പ്പെട്ട ഇടത് നേതാക്കളും ബിജെപി എംപി വി.മുരളിധരനും ബാറുടമ ബിജുരമേശും അടക്കം പത്ത് പേര്‍ നേരത്തെ തന്നെ കക്ഷിചേര്‍ന്നിരുന്നു. ഇന്ന് ഈ കേസ് പരിഗണിക്കപ്പെടുമ്പോള്‍ ഏറ്റവും നിര്‍ണായകം ഇടതുനേതാക്കളുടെ നിലപാടാണ്.
യുഡിഎഫില്‍ നിന്നും അകലം പാലിച്ചു കൊണ്ട് നില്‍ക്കുന്ന മാണി ഇടത് പാളയത്തിലേക്ക് എത്തുന്നുവെന്ന് കുറച്ചു നാളുകളായി കേള്‍ക്കുകയാണ്. അതുകൊണ്ട് തന്നെ കേസില്‍ നേരത്തെ കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് ഇനി പ്രധാനമായിരിക്കും. കാരണം മാണിയുടെ ചാഞ്ചാട്ടം ഇത് വരെയും ഒരിടത്തേയ്ക്ക് ഉറച്ചിട്ടില്ല. ഇടതിലേയ്ക്ക് എത്തുമെന്ന പ്രതീക്ഷ ഉള്ളത് കൊണ്ട് തന്നെ കോടതിയുടെ തുടര്‍നടപടികളില്‍ ഇടതു നേതാക്കളുടെ നിലപാട് ഏറെ നിര്‍ണായകമായിരിക്കും. മന്ത്രിയായത് കൊണ്ട് കേസുമായി മുന്നോട്ട് പോകാനാകില്ലെന്നും ഉചിതമായ തീരുമാനം പാര്‍ട്ടി എടുക്കണം എന്നാവശ്യപ്പെട്ട് വിഎസ് സുനില്‍കുമാര്‍ സിപിഐ നേതൃത്വത്തിന് കത്ത് നല്‍കിക്കഴിഞ്ഞു. ഇനിയുള്ളത് വൈക്കം വിശ്വന്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരാണ്. ബാര്‍ കോഴയില്‍ മാണി സ്വതന്ത്രനാകുമോ!!
എന്നാല്‍ കോടതിയില്‍ ആര് ഹാജരാകണം എന്നത് സംബന്ധിച്ച് വിജിലന്‍സില്‍ തന്നെ തര്‍ക്കമുണ്ട്. മാണിക്കെതിരെ തെളിവുണ്ടെന്ന് നേരത്തെ നിലപാടെടുത്ത സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ ഹാജരായേക്കുമെന്നാണ് സൂചന. അതേസമയം വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ അഗസ്റ്റിന്‍ ഹാജരാകാനാണ് വിജിലന്‍സ് ഡയറക്ടര്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യവും നിര്‍ണായകമാകും.
Post Your Comments