തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതില്‍ നിര്‍ണായക തീരുമാനവുമായി ജില്ലാ കളക്ടര്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഇക്കുറിയും പതിവുപോലെ നടത്താന്‍ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. വേനല്‍ കനത്തതോടെ ചടങ്ങുകള്‍ക്കിടെ ആനകള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കാന്‍ യോഗത്തില്‍ ധാരണയായി. ഏപ്രില്‍ 25നാണ് തൃശൂര്‍ പൂരം.
വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തിന്റെ നിബന്ധനകള്‍ പാലിച്ചുകൊണ്ടു തന്നെ പൂരം നടത്താനാണ് ജില്ലാ കളക്ടര്‍ എ കൗശിഗന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികളും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയും പൊലീസ്, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമുള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയില്‍ സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ ധാരണയായി.
നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിക്കുന്നതിനൊപ്പം വേനല്‍ക്കാലത്തെ എഴുന്നള്ളിപ്പിന് ആനകള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കും. ആന ഉടമകള്‍ക്കും ദേവസ്വം ഭാരവാഹികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
Post Your Comments