Latest NewsNewsGulf

ബഹ്റൈന്‍ പ്രവാസികള്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന നിയമത്തില്‍ മാറ്റം വരുത്തി

മനാമ: ബഹ്റൈന്‍ പ്രവാസികള്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന നിയമത്തില്‍ മാറ്റം വരുത്തി. 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗമാണ് പുതിയ ഭേദഗതികള്‍ക്ക് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. ബഹ്റൈനിലെ വിദേശികള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കണമെന്നതുള്‍പ്പെടെയുള്ള പുതിയ ട്രാഫിക് നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

നേരത്തെ 5 വര്‍ഷത്തേക്കായിരുന്നു ട്രാഫിക് വിഭാഗം ലൈസന്‍സ് അനുവദിച്ചിരുന്നത്. ഈ ആനുകൂല്യം ഇനി മുതല്‍ പ്രവാസികള്‍ക്ക് ലഭിക്കില്ല. ഇതോടെ രണ്ടു വര്‍ഷം കൂടുമ്പോള്‍ പ്രവാസി ഡ്രൈവര്‍മാര്‍ നിര്‍ദേശിക്കപ്പെട്ട സംഖ്യ ഒടുക്കി ലൈസന്‍സ് പുതുക്കേണ്ടി വരും. അതല്ലെങ്കില്‍ ലൈസന്‍സ് അസാധുവാകും. ബഹ്റൈനിലും ഇതര ജിസിസി രാഷ്ട്രങ്ങളിലും ബഹ്റൈന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചുവരുന്ന നിരവധി പ്രവാസി ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ ട്രാഫിക് നിയമ ഭേദഗതി.

ലൈസന്‍സിനൊപ്പം തന്നെ വാഹന ഉടമസ്ഥതയും മറ്റു സേവനങ്ങളും താമസാനുമതിക്കൊപ്പം രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിദേശികള്‍ക്ക് പുതുക്കേണ്ടതായി വരും. ഇപ്രകാരം വിവിധ വിഭാഗങ്ങളിലൂടെ വരുമാനം ഉണ്ടാക്കാമെന്നതാണ് ഭേദഗതിയിലുള്ള നിര്‍ദേശം. ഇതോടൊപ്പം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ 15 ദിവസത്തിനകം ഒടുക്കിയാല്‍ പിഴസംഖ്യ പകുതിയാക്കുന്ന ഭേദഗതിയും പാര്‍ലമെന്റ് അംഗീകരിച്ചു. നിലവില്‍ 7 ദിവസത്തിനകം ഒടുക്കിയാലാണ് പിഴസംഖ്യയില്‍ ഇളവുണ്ടായിരുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button