Latest NewsNewsIndia

ഭാരത ബന്ദില്‍ ഉണ്ടായ അക്രമങ്ങളുടെ സൂത്രധാരന്‍ ബി എസ് പി നേതാവെന്ന് പൊലീസ് : ബി എസ് പി. എം എൽ എ അറസ്റ്റിൽ

ന്യൂഡൽഹി: ഭാരത് ബന്ദിന്റെ പേരിൽ പരക്കെ അക്രമം അഴിച്ചു വിട്ടതിനു പിന്നിൽ ഗൂഢാലോചനയെന്ന് പോലീസ്. ഭാരത ബന്ദില്‍ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളിലുണ്ടായ അക്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ ബി എസ് പി നേതാവെന്ന് യു പി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ബി എസ് പി എം എല്‍ എ യോഗേഷ് വര്‍മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ദുമായി ബന്ധപ്പെട്ട് യോഗേഷ് ഉള്‍പ്പെടെ 200 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മീററ്റില്‍നിന്നുള്ള എസ് എസ് പി മന്‍സില്‍ സൈനി അറിയിച്ചു.

ഹസ്തിന്‍പുര്‍ മണ്ഡലത്തെയാണ് സംസ്ഥാന നിയമസഭയില്‍ യോഗേഷ് പ്രതിനിധീകരിച്ചിരുന്നത്.ഭാരത ബന്ദില്‍ വ്യാപക അക്രമമുണ്ടായതിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 144 പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ചെറുക്കാനുള്ള നിയമം ദുരുപയോഗം ചെയ്യുന്നെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നല്‍കിയ ഉത്തരവിനെതിരേ ദളിത് വിഭാഗം നടത്തിയ ബന്ദിലാണ് അക്രമങ്ങളുണ്ടായത്. ഉത്തരാഖണ്ഡിനു പുറമേ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രക്ഷോഭകാരികള്‍ പൊലീസുമായി നടത്തിയ ഏറ്റമുട്ടലില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു.

അതിനിടെ ബിഹാറിലെ വൈശാലിയില്‍ ദളിതര്‍ റോഡുപരോധിച്ചതിനെ തുടര്‍ന്നുണ്ടായ ബ്ലോക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന നവജാതശിശു മരിച്ചു. കുട്ടിയുമായെത്തിയ ആംബുലന്‍സ് പ്രതിഷേധക്കാര്‍ കടത്തിവിടാതിരുന്നതാണ് ദുരന്തത്തിനിടയാക്കിയത്.യാത്രയ്ക്കിടെ പലയിടത്തും പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞു. ഇരുമ്പുവടികള്‍ കാണിച്ച്‌ ഡ്രൈവറെ ഭീഷണിപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ അരമണിക്കൂറില്‍ താഴെ മാത്രമുള്ള സ്ഥലത്ത് കുട്ടിയേയും കൊണ്ട് എത്തിയത് രണ്ടര മണിക്കൂറെടുത്താണ്. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഹജിപൂറില്‍ അറുപത്തിയെട്ടുകാരനും സമാനരീതിയില്‍ മരിച്ചു. ആശുപത്രിയിലെത്തുന്നതിന് ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കവെയാണ് ബിജിനോറില്‍ ആംബുലന്‍സ് തടഞ്ഞത്. ആംബുലന്‍സ് വിടാന്‍ പ്രതിഷേധക്കാര്‍ തയാറാകാതിരുന്നതോടെ പിതാവിനെ കൈകളിലേന്തി മകന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button