KeralaLatest NewsIndia

നാളെ സംസ്ഥാനത്ത് ബന്ദില്ല: പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ. ഇനി ഏതെങ്കിലും പാർട്ടികൾ ബന്ദ് പ്രഖ്യാപിക്കുമോ എന്ന് വ്യക്തവുമല്ല.

പോലീസ് മീഡിയ സെൽ സർക്കുലറിന്റെ പൂർണ്ണ രൂപം:

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവന സന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button