തിരുവനന്തപുരം: കേന്ദ്രനയങ്ങൾക്കെതിരേ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ഗ്രാമീണ ഭാരതബന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഗ്രാമീണതലത്തിലുള്ള ബന്ദിന് ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ബന്ദിന് സി.പി.എമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ ബന്ദ് ഇല്ല. പകരം പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്. കേരളത്തിൽ സംയുക്ത കർഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും. എല്ലാ വില്ലേജുകളിലും പ്രകടനങ്ങളും യോഗങ്ങളും ഉണ്ടാകുമെന്ന് സംയുക്ത കർഷകസമിതി ചെയർമാൻ സത്യൻ മൊകേരി, കൺവീനർ വത്സൻ പനോളി എന്നിവർ അറിയിച്ചു.
കർഷകരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കടകളടച്ച് പ്രതിഷേധമുണ്ടാകില്ലെന്ന് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി എം. നസീർ അറിയിച്ചു. ദേശീയതലത്തിൽ ഇടതുവിദ്യാർഥിസംഘടനകളും ഇടതു വനിതാസംഘടനകളുടെ സംയുക്തവേദിയും പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിനെതിരേ വിദ്യാഭ്യാസബന്ദിനും ആഹ്വാനമുണ്ട്. എന്നാൽ, കേരളത്തിൽ ഇത്തരം തീരുമാനങ്ങളുണ്ടായിട്ടില്ല.
Post Your Comments